ഭിന്നത പരസ്യമാക്കി കോണ്‍ഗ്രസ് എംഎല്‍എമാര്‍. നേതൃ മാറ്റം ഉണ്ടായില്ലെങ്കില്‍ 2028 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടുമെന്ന് ഒരുപറ്റം എം.എല്‍.എമാര്‍

ബെഗുളുരൂ: കര്‍ണാടകയില്‍ മുഖ്യമന്ത്രി പദത്തെ ചൊല്ലി കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കിടയില്‍ തര്‍ക്കം മുറുകുന്നതിനിടെ രംഗം തണുപ്പിക്കാന്‍ ഇടപെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ രണ്‍ദീപ് സിങ് സുര്‍ജേവാല. സംസ്ഥാനത്ത് 2028 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നേതൃമാറ്റം ഉണ്ടായില്ലെങ്കില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടുമെന്നാണ് നൂറോളം എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടുന്നത്.
ഉപമുഖ്യമന്ത്രിയും കര്‍ണാടകയിലെ കോണ്‍ഗ്രസ് അധ്യക്ഷനുമായ ഡി.കെ. ശിവകുമാര്‍ അനുകൂലികളാണ്മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ നിലപാട് കടുപ്പിച്ചിരിക്കുന്നത്. ഈ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ശേഷിക്കുന്ന കാലയളവില്‍ ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് നൂറിലേറെ വരുന്ന എംഎല്‍എമാരുടെ ആവശ്യം.
താന്‍ മാത്രമല്ല നൂറിലധികം എംഎല്‍എമാര്‍ നേതൃമാറ്റത്തെ അനുകൂലിക്കുന്നതായി കോണ്‍ഗ്രസ് എംഎല്‍എ ഇഖ്ബാല്‍ ഹുസൈന്‍ എന്‍ഡിടിവിയോട് പറഞ്ഞു. ഇപ്പോള്‍ മാറ്റം സംഭവിച്ചില്ലെങ്കില്‍, 2028ല്‍ കോണ്‍ഗ്രസിന് അധികാരം നിലനിര്‍ത്താന്‍ കഴിയില്ല. പാര്‍ട്ടിയുടെ താല്‍പ്പര്യങ്ങള്‍ക്കായി നേതൃമാറ്റം ഇപ്പോള്‍ ആവശ്യമാണ്,' അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് പാര്‍ട്ടി ഹൈക്കമാന്‍ഡിന് മാത്രമേ തീരുമാനമെടുക്കാന്‍ കഴിയൂ എന്ന കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പരാമര്‍ശത്തിനും ഇഖ്ബാല്‍ ഹുസൈന്‍ മറുപടി നല്‍കി. 'കോണ്‍ഗ്രസില്‍ അച്ചടക്കം ഉണ്ട്. ഞങ്ങള്‍ എപ്പോഴും ഹൈക്കമാന്‍ഡിനെ ബഹുമാനിക്കുന്നു, പക്ഷേ വസ്തുതകള്‍ പറഞ്ഞേ മതിയാകൂ,' ഇഖ്ബാല്‍ ഹുസൈന്‍ പറഞ്ഞു.
അതേസമയം കര്‍ണാടകയുടെ വികസനം ഉറപ്പാക്കുന്നതിനും ആത്മപരിശോധന നടത്തുന്നതിനുമുള്ള ഒരു സംഘടനാ വ്യായാമമായാണ് തന്റെ സന്ദര്‍ശനത്തെ രണ്‍ദീപ് സുര്‍ജേവാല വിശേഷിപ്പിച്ചത്. കര്‍ണാടകയിലെ നേതൃമാറ്റം സാധ്യമാകുമെന്ന ഏതൊരു വാര്‍ത്തയും 'ഭാവനാത്മകമായ കെട്ടുകഥ' മാത്രമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
സംസ്ഥാനത്ത് നേതൃമാറ്റം സാധ്യമാകുമെന്ന പ്രചാരണം മുഖ്യമന്ത്രി സിദ്ധരാമയ്യയും തള്ളിക്കളഞ്ഞു. മൈസൂരുവില്‍ സംസാരിക്കവെ 'കോണ്‍ഗ്രസ് സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തേക്ക് ഒരു പാറ പോലെ ഉറച്ചുനില്‍ക്കും' എന്ന് സിദ്ധരാമയ്യ പറഞ്ഞു. ശിവകുമാറിനൊപ്പം തന്നെ ഈ സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തേക്ക് ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.