സാധാരണക്കാരുടെ ഓണം കയ്പ്പേറിയതാകും; സംസ്ഥാനത്ത് അരി വില കുത്തനെ കൂടുമ്പോൾ ആശങ്കയിൽ ജനം

 
rice

കോട്ടയം: സംസ്ഥാനത്ത് അരി വില കുത്തനെ ഉയരുന്നു. കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട്, തെലങ്കാന തുടങ്ങിയ നെല്ലുൽപാദന സംസ്ഥാനങ്ങളിൽ ഈ സീസണിൽ നെൽക്കൃഷി ഇറക്കുന്നതിലെ അനിശ്ചിതത്വമാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. ഓണത്തിന് ഇനി ആഴ്ചകൾ മാത്രമാണ് ശേഷിക്കുന്നത്. വില വർധന സാധാരണക്കാർക്ക് വലിയ തിരിച്ചടിയാവും. ഇതോടെ വിപണിയിൽ അടിയന്തരമായി ഇടപെട്ട് അരിവില നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന ആവശ്യവുമായി ഉപഭോക്താക്കളും വ്യാപാരികളും രംഗത്തെത്തിയിട്ടുണ്ട്.

തെലങ്കാന സോന മസൂരി 45 രൂപയായിരുന്നത്  65 രൂപയായി വർധിച്ചിട്ടുണ്ട്. ഏറ്റവും വലിയ വർധനയും ഇതാണ്. ആന്ധ്ര സുലേഖ 42 രൂപയായിരുന്നത് 49 രൂപയായി വർധിച്ചു.തമിഴ്‌നാട് കുറുവ 34 രൂപയായിരുന്നത് 40 രൂപയായി. ഒഡീഷ കുറുവ 34 രൂപയായിരുന്നത് 40 രൂപയായി.
കർണാടക വടി മട്ട 55 രൂപയിൽ നിന്ന് 58 രൂപയിൽ എത്തി. ആന്ധ്ര ജയ 42 രൂപയിൽ നിന്ന് 45 രൂപയിലും കർണാടക പച്ചരി 29.50 രൂപയിൽ 32 ആയി ഉയുന്നു.   അരി ചില്ലറ വിപണിയിലെത്തുമ്പോൾ ഇതിലും അധികം തുക ഉപഭോക്താക്കൾ നൽകേണ്ടി വരും.

ചരക്കുകൂലി വർധനയും വിപണിക്ക് വലിയ ആഘാതമാകുന്നുണ്ട്. അരിയുമായി വരുന്ന ഒരു ട്രക്കിന് മൂന്ന് മാസം മുമ്പ് നൽകിയതിനേക്കാൾ 10,000 മുതൽ 20,000 രൂപ വരെയാണ് നിലവിൽ മൊത്തക്കച്ചവടക്കാർ വാടക നൽകേണ്ടി വരുന്നത്. കൂടാതെ,  അരി വൻതോതിൽ വിദേശത്തേക്ക് കയറ്റി അയക്കുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അരി കയറ്റുമതിക്കുള്ള നിയന്ത്രണങ്ങളും തീരുവയും കേന്ദ്ര സർക്കാർ നീക്കിയതാണ് കയറ്റുമതി വർധിച്ചിരുന്നു.

Tags

Share this story

From Around the Web