ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ ഓര്‍മപ്പെരുന്നാളിന് തുടക്കമായി; പ്രധാന പദയാത്ര 10-ന്

തിരുവനന്തപുരം: ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 72-ാമത് ഓര്‍മപ്പെരുന്നാള്‍ മെത്രാപ്പോലീത്തയുടെ കബറിടം സ്ഥിതിചെയ്യുന്ന തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ 15 വരെ നടക്കും.
ഓര്‍മപ്പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ധൂപ പ്രാര്‍ത്ഥന നടത്തുകയും സന്ദേശം നല്‍കുകയും ചെയ്തു. 15 വരെ എല്ലാ ദിവസവും വൈകുന്നേരം അഞ്ചിനു സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് കുര്‍ബാനയും കബറിടത്തില്‍ ധൂപപ്രാര്‍ത്ഥനയും നടക്കും.
രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ വിവിധ സന്യാസ സമൂഹങ്ങളുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ കബറില്‍ അഖണ്ഡ പ്രാര്‍ത്ഥന നടക്കും. ആദ്യ ദിനം മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയാ ബിഷപ് ഡോ. ആന്റണി മാര്‍ സില്‍വാനോസ് വിശുദ്ധകുര്‍ബാന അര്‍പ്പിച്ചു.
പെരുന്നാളിനോടനുബന്ധിച്ച് വിവിധ ഇടങ്ങളില്‍നിന്ന് തീര്‍ത്ഥാടന പദയാത്രകള്‍ നടക്കും. പ്രധാന പദയാത്ര 10ന് റാന്നി പെരുനാട്ടില്‍നിന്ന് ആരംഭിക്കും. മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ജന്മസ്ഥലമായ മാവേലിക്കരയില്‍നിന്നും തിരുവല്ലയില്‍നിന്നും മൂവാറ്റുപുഴയില്‍നിന്നും മാര്‍ത്താണ്ഡത്തുനിന്നും ആരംഭിക്കുന്ന പദയാത്രകള്‍ വിവിധ സ്ഥലങ്ങളില്‍ പ്രധാന പദയാത്രയോടു ചേരും.