കൈനീട്ടി വാങ്ങിയ നാണയത്തുട്ടുകള്‍ ഒടുവില്‍ ലക്ഷങ്ങളായി. യാചക സ്ത്രീ മരിച്ചപ്പോള്‍ വീട്ടില്‍ കണ്ടെത്തിയത് 8.40 ലക്ഷം രൂപ
മണ്ഡ്യ: ജീവിതം മുഴുവന്‍ ഭിക്ഷാടനം ചെയ്ത് സമ്പാദിച്ച പണം സൂക്ഷിച്ചുവെച്ചത് പഴയ ചാക്കുകളിലായിരുന്നു. എന്നാല്‍ ആ പണം ഉപയോഗിക്കാന്‍ കഴിയാതെ 68-ാം വയസ്സില്‍ ഹൂര്‍ വിടപറഞ്ഞു. കര്‍ണാടകയിലെ മണ്ഡ്യയിലാണ് സംഭവം. ഹൂര്‍ മരിച്ചതിന് പിന്നാലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 30-ലധികം ചാക്കുകളില്‍ നിറച്ച നിലയില്‍ 8.40 ലക്ഷം രൂപ കണ്ടെത്തിയത്.
പ്രായാധിക്യത്തെ തുടര്‍ന്നുള്ള അസുഖമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. വീട്ടില്‍ ഒറ്റയ്ക്കായിരുന്നു ഹൂര്‍ താമസിച്ചിരുന്നത്. സഹോദരിക്കൊപ്പമായിരുന്നു നേരത്തെ താമസം. എന്നാല്‍ സഹോദരി രണ്ട് വര്‍ഷം മുമ്പ് മരിച്ചു. ഇരുവരും വിവാഹം കഴിച്ചിരുന്നില്ല.
ഹൂര്‍ മരിച്ചതിന് പിന്നാലെ വീട്ടിലെത്തിയ നാട്ടുകാരാണ് ചാക്കുകള്‍ക്കുള്ളില്‍ പണവും നാണയങ്ങളും സൂക്ഷിച്ചിരുന്നത് കണ്ടെത്തിയത്. 10, 20, 50 രൂപയുടെ നോട്ടുകള്‍ക്കൊപ്പം നിരവധി നാണയങ്ങളും ചാക്കുകളില്‍ ഉണ്ടായിരുന്നു. പണം എണ്ണിത്തിട്ടപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
നാട്ടുകാര്‍ ചേര്‍ന്ന് പണം എണ്ണിയപ്പോഴാണ് ആകെ 8,40,000 രൂപയുണ്ടെന്ന് വ്യക്തമായത്. വര്‍ഷങ്ങളോളം ഭിക്ഷാടനം ചെയ്ത് സ്വരുക്കൂട്ടിയ തുകയായിരുന്നു ഇതെന്നാണ് വിവരം.
പണം പിന്നീട് ഹൂരിന്റെ സഹോദരങ്ങള്‍ക്ക് കൈമാറി. ഒരാള്‍ക്ക് ആറ് ലക്ഷം രൂപ ലഭിച്ചപ്പോള്‍ മറ്റൊരു സഹോദരന് 2.40 ലക്ഷം രൂപയാണ് ലഭിച്ചത്. ഇതില്‍ 2.40 ലക്ഷം രൂപ സഹോദരന്‍ പള്ളിക്ക് സംഭാവന ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.
ജീവിതത്തിന്റെ അവസാന കാലത്തും പണം ചെലവഴിക്കാതെ ചാക്കുകളില്‍ സൂക്ഷിച്ച ഹൂരിന്റെ ജീവിതവും മരണശേഷം പുറത്തുവന്ന സമ്പാദ്യവുമാണ് ഇപ്പോള്‍ നാട്ടില്‍ ചര്‍ച്ചയാകുന്നത്. വര്‍ഷങ്ങളോളം ചെറിയ തുകകളായി സ്വരുക്കൂട്ടിയ പണം ഒടുവില്‍ അവകാശികളുടെ കൈകളിലെത്തുകയായിരുന്നു.