ലെയോ പതിനാലാമൻ പാപ്പയെ വരവേൽക്കാൻ പുഷ്പാലങ്കാരങ്ങളാൽ ഒരുങ്ങി മാഡ്രിഡ് നഗരം
ലെയോ പതിനാലാമൻ മാർപാപ്പയുടെ മാഡ്രിഡ് സന്ദർശനത്തെ ചരിത്രപരമാക്കാൻ വിപുലമായ ഒരുക്കങ്ങളുമായി മാഡ്രിഡ് നഗരം. പരിശുദ്ധ പിതാവിനെ സ്വീകരിക്കാൻ നഗരത്തിലെങ്ങും മനോഹരമായ പുഷ്പാലങ്കാരങ്ങളും പരവതാനികളും ഒരുക്കുന്ന തിരക്കിലാണ് നൂറുകണക്കിന് കലാകാരന്മാരും സന്നദ്ധപ്രവർത്തകരും. വരാനിരിക്കുന്ന ജൂൺ ഏഴിന് സിബെലെസ് സ്ക്വയറിലെ വിശുദ്ധ കുർബാന അർപ്പണത്തിന് ശേഷമുള്ള കോർപ്പൂസ് ക്രിസ്റ്റി റാലി കടന്നുപോകുന്ന വഴികളിലാണ് പ്രധാനമായും അലങ്കാരങ്ങൾ ഒരുക്കിയിരിക്കുന്നത്.
സ്പെയിനിലെ ഗലീഷ്യയിലുള്ള പോണ്ടെവേദ്ര പ്രവിശ്യയിലെ ‘പോണ്ടിയറിയാസ് കോർപ്പസ് ക്രിസ്റ്റി കാർപെറ്റ് മേക്കേഴ്‌സ് അസോസിയേഷൻ’ ആണ് നഗരവീഥികളെ പൂക്കളാൽ അലങ്കരിക്കുന്നതിനുള്ള പ്രധാന ചുമതല ഏറ്റെടുത്തിരിക്കുന്നത്. രണ്ട് നൂറ്റാണ്ടിലധികം പഴക്കമുള്ള പരമ്പരാഗത പുഷ്പ പരവതാനി നിർമ്മാണ കലയിലെ പ്രമുഖനായ മിഗേൽ ഗാർഷ്യയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. അൽകാല തെരുവിന്റെ ഇരുവശങ്ങളിലുമായി ആകെ 16 പുഷ്പ പരവതാനികളാണ് ഒരുക്കിയിരിക്കുന്നത്. ഇതിനായി വെള്ള, മഞ്ഞ നിറങ്ങളിലുള്ള മുപ്പതിനായിരത്തിലധികം കാർണേഷൻ പൂക്കളുടെ ഇതളുകളാണ് ഉപയോഗിക്കുന്നത്. വത്തിക്കാന്റെ ഔദ്യോഗിക ചിഹ്നങ്ങളും വിശുദ്ധ കുർബാനയുടെ പ്രതീകങ്ങളും കോർത്തിണക്കിയാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഫ്ലോറിസ്റ്റുകളും ലാൻഡ്‌സ്‌കേപ്പിംഗ് വിദഗ്ധരും ഉൾപ്പെടെ 80 ഓളം പേരടങ്ങുന്ന സംഘമാണ് അശ്രാന്തമായി ഇതിനായി അധ്വാനിക്കുന്നത്. ചൂട് കൂടുതലായതിനാൽ പൂക്കൾ വാടിപ്പോകാതിരിക്കാൻ, പരിപാടികൾ തുടങ്ങുന്നതിന് തൊട്ടുമുമ്പ് വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ് സ്റ്റേജുകളിലെ അലങ്കാരങ്ങൾ പൂർത്തിയാക്കുക.
മാർപാപ്പ പങ്കെടുക്കുന്ന ഓരോ പരിപാടിയുടെയും സ്വഭാവത്തിനനുസരിച്ച് വ്യത്യസ്തമായ തീമുകളിലാണ് അലങ്കാരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.