ലണ്ടന്‍ നഗരം ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നു; 'പാഷന്‍ ഓഫ് ക്രൈസ്റ്റ്' നാടകത്തിനായി
ലണ്ടന്‍: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ വിശുദ്ധ വാരത്തിലേക്ക് പ്രവേശിക്കുവാന്‍ തയ്യാറടുക്കുമ്പോള്‍ ലണ്ടന്‍ നഗരം വീണ്ടും ഒരു ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നു.
ലോകപ്രശസ്തമായ 'പാഷന്‍ ഓഫ് ക്രൈസ്റ്റ്' തെരുവ് നാടകം അടുത്ത മാസം മൂന്നിന് (ദുഃഖവെള്ളി) ലണ്ടനിലെ ട്രാഫല്‍ഗര്‍ സ്‌ക്വയറില്‍ അരങ്ങേറും. ഇവിടെ ഈ നാടകം അവതരിപ്പിക്കാന്‍ തുടങ്ങിയിട്ട് 15 വര്‍ഷം തികയുന്നു .
വിന്റര്‍ഷാള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഈ ബൃഹദ് പ്രദര്‍ശനം ദുഃഖവെള്ളിയാഴ്ച രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത് ആദ്യ പ്രദര്‍ശനം ഉച്ചയ്ക്ക് 12:00 മണിക്കും ,രണ്ടാമത്തെ പ്രദര്‍ശനം: ഉച്ചകഴിഞ്ഞ് 3:15-നും. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകം പൊതുജനങ്ങള്‍ക്ക് സൗജന്യമായി കാണാന്‍ സാധിക്കും.
1989-ല്‍ പീറ്റര്‍ ഹട്ട്ലി എന്ന ബ്രിട്ടീഷുകാരന്‍ സറെയിലെ വിന്റര്‍ഷാള്‍ എസ്റ്റേറ്റില്‍ തുടക്കം കുറിച്ച ഈ നാടകം, 2010 മുതലാണ് ലണ്ടന്‍ നഗരത്തിന്റെ ഹൃദയഭാഗമായ ട്രാഫല്‍ഗര്‍ സ്‌ക്വയറിലേക്ക് എത്തുന്നത്. ലണ്ടന്‍ മേയറുടെ ഓഫീസിന്റെയും വിവിധ സഭകളുടെയും പിന്തുണയോടെയാണ് 'വിന്റര്‍ഷാള്‍ പ്ലെയേഴ്‌സ്' നാടകം അവതരിപ്പിക്കുന്നത്. നൂറിലധികം സന്നദ്ധപ്രവര്‍ത്തകരും പ്രൊഫഷണല്‍ അഭിനേതാക്കളും ഉള്‍പ്പെടുന്ന വലിയൊരു സംഘമാണ് പിന്നില്‍.
യേശുക്രിസ്തുവിന്റെ വിചാരണ, കുരിശുമരണം, ഉത്ഥാനം എന്നിവ സിനിമയെ വെല്ലുന്ന സംവിധാനങ്ങളോടെയാണ് നാടകത്തില്‍ അവരിപ്പിക്കുന്നത്.
നിരന്തര പരിശീലനത്തില്‍ യഥാര്‍ത്ഥ കുതിരകളും കഴുതകളും മറ്റു മൃഗങ്ങളും വേദിയില്‍ അണിനിരക്കുന്നത് നാടകത്തിന് ചരിത്രപരമായ ഗാംഭീര്യം നല്‍കുന്നു.
20,000-ത്തിലധികം കാണികളെ പ്രതീക്ഷിക്കുന്ന പ്രദര്‍ശനത്തില്‍, എല്ലാവര്‍ക്കും ദൃശ്യങ്ങള്‍ വ്യക്തമായി കാണാന്‍ കഴിയുന്ന വിധത്തിലുള്ള കൂറ്റന്‍ ഡിജിറ്റല്‍ സ്‌ക്രീനുകളും അത്യാധുനിക ശബ്ദസംവിധാനവും ഒരുക്കിയിട്ടുണ്ട്.
ഒപ്പം വിന്റര്‍ഷാള്‍ തിയേറ്ററിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയും യൂട്യൂബ് ചാനലിലൂടെയും നാടകം തത്സമയം സംപ്രേക്ഷണം ചെയ്യുകയും ചെയ്യും.
സമാധാനത്തിന്റെയും കരുണയുടെയും സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന ഈ പ്രദര്‍ശനം ലണ്ടനിലെ ഈസ്റ്റര്‍ ആഘോഷങ്ങളുടെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു.