കടുത്ത ആക്രമണം നേരിട്ട് ബെയ്‌റൂട്ട് നഗരം. യുദ്ധമെന്നാൽ മരണമെന്ന് അപ്പസ്തോലിക നൂൺഷ്യോ
മുൻപെങ്ങും ഉണ്ടായിട്ടല്ലാത്തത്ര വലിയ ആക്രമണമാണ് ലെബനൻ നേരിടുന്നതെന്നും, ബെയ്‌റൂട്ട് നഗരത്തിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമണങ്ങൾ വലിയ നാശനഷ്ടങ്ങളാണ് വരുത്തിവച്ചിരിക്കുന്നതെന്നും രാജ്യത്തേക്കുള്ള വത്തിക്കാൻ നയതന്ത്രപ്രതിനിധി ആർച്ച്ബിഷപ് പൗളോ ബോർജ്യ. രാജ്യതലസ്ഥാനത്ത് പത്ത് മിനിറ്റ് നീണ്ട ഇസ്രായേൽ ആക്രമണം നിരവധി മരണങ്ങൾക്കും വലിയ വിനാശത്തിനും കാരണമായെന്നും, മാറോണീത്ത പാത്രിയർക്കീസ് ബിഷാറ ബുത്രോസ് റായ്‌ക്കൊപ്പം രാജ്യത്തിന്റെ തെക്കൻ പ്രദേശത്ത് നടത്തിയ സന്ദർശനത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ബെയ്‌റൂട്ടിൽ ഇസ്രായേൽ നടത്തിയ തുടർച്ചയായ ആക്രമണങ്ങളിൽ അൻപത് പേർ മരിച്ചതായാണ് വാർത്തകൾ വന്നതെങ്കിലും, റെഡ് ക്രോസിന്റെ പ്രവർത്തകർ ഇതിനോടകം എൺപത്തിയേഴ് മൃതദേഹങ്ങൾ കണ്ടതായി അറിയിച്ചിട്ടുണ്ടെന്നും, 722 പേർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടെന്നും ആർച്ച്ബിഷപ് ബോർജ്യ പറഞ്ഞു.
ഹിസ്‌ബൊള്ളയുടെ നിരായുധീകരണമാണ് ഇസ്രായേൽ ആഗ്രഹിക്കുന്നതെന്ന് ഓർമ്മിപ്പിച്ച വത്തിക്കാൻ നയതന്ത്രപ്രതിനിധി, എന്നാൽ നിലവിൽ അത് സാധ്യമായിട്ടില്ലെന്ന് വ്യക്തമാക്കി. ലെബനനിലെ ദേശീയനേതൃത്വം തുറന്ന ചർച്ചകളാണ് ആവശ്യപ്പെടുന്നതെന്നും, ആക്രമണങ്ങൾ അവസാനിക്കുമെന്ന പ്രതീക്ഷയാണ് വച്ചുപുലർത്തുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു. പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ മാർച്ച് 15 പ്രാർത്ഥനാമദ്ധ്യേ ഓർമ്മിപ്പിച്ചതുപോലെ, ലെബനനിലെ പൊതുനന്മ ലക്ഷ്യമാക്കി, നിലവിലെ പ്രശ്നങ്ങൾക്ക് നീണ്ടുനിൽക്കുന്ന പരിഹാരം ഉണ്ടാകണമെന്നതാണ് ശരിയായ കാര്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇസ്രയേലിന്റെ മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, തുടർച്ചയായ ആക്രമണങ്ങളാണ് ലെബനനെ കാത്തിരിക്കുന്നതെന്നാണ് തങ്ങൾ ഭയപ്പെടുന്നതെന്ന് അറിയിച്ച വത്തിക്കാൻ പ്രതിനിധി, എന്നാൽ വെടിനിറുത്തൽ ഉണ്ടാകണമെന്നും, നയതന്ത്ര ചർച്ചകളിലൂടെ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കണമെന്നും അഭിപ്രായപ്പെട്ടു. പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, ലെബനാനുവേണ്ടി നടത്തിയ അഭ്യർത്ഥനയും, ഈസ്റ്റർ സന്ദേശവും രാജ്യത്തെ ക്രൈസ്തവർ മാത്രമല്ല, മറ്റു മതസ്ഥരും സ്വാഗതം ചെയ്തുവെന്നും അദ്ദേഹം അറിയിച്ചു.
ലെബനൻ സമാധാനത്തിന്റെ മാർഗ്ഗമാണ് തേടുന്നതെന്നും, അർഹിക്കുന്നതെന്നും, യുദ്ധം അവസാനിപ്പിക്കാനും സമാധാനം സ്ഥാപിക്കപ്പെടാനും ആഹ്വാനം ചെയ്തുകൊണ്ട് ലിയോ പതിനാലാമൻ പാപ്പാ കഴിഞ്ഞ ചൊവ്വാഴ്ച കാസ്തേൽ ഗന്തോൾഫോയിൽ വച്ച് നടത്തിയ പ്രസ്താവനയെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. യുദ്ധം മരണമാണ് കൊണ്ടുവരികയെന്നും വത്തിക്കാൻ മീഡിയയുമായി നടത്തിയ സംഭാഷണത്തിൽ അദ്ദേഹം അനുസ്മരിച്ചു..