ജീവനു വേണ്ടിയുള്ള പോരാട്ടത്തിന് സഭയുടെ പിന്തുണ; 14 ബ്രിട്ടീഷ് മെത്രാന്മാര്‍ പ്രോലൈഫ് റാലിയില്‍ പങ്കെടുക്കും
ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടനിലുടനീളമുള്ള പതിനാല് കത്തോലിക്ക ബിഷപ്പുമാർ ഇത്തവണ ലണ്ടനിൽ നടക്കുന്ന മാർച്ച് ഫോർ ലൈഫ് യുകെ റാലിയിൽ പങ്കെടുക്കും. ആയിരങ്ങള്‍ പങ്കെടുക്കുന്ന പ്രോലൈഫ് റാലിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്രയും മെത്രാന്മാര്‍ റാലിയില്‍ അണിനിരക്കുക. റാലിയുടെ ആരംഭത്തിന് മുന്നോടിയായി നടക്കുന്ന വിശുദ്ധ കുര്‍ബാന അര്‍പ്പണത്തില്‍ വെസ്റ്റ്മിൻസ്റ്ററിലെ ആർച്ച് ബിഷപ്പ് റിച്ചാർഡ് മോത്ത് മുഖ്യകാര്‍മ്മികനാകും. റാലിയില്‍ അണിചേരുന്ന പതിനാലു പേരിൽ ബ്രിട്ടനിലെ മൂന്ന് പ്രധാന അതിരൂപതകളുടെ അധ്യക്ഷന്മാരും ഉള്‍പ്പെടുന്നു.
വെസ്റ്റ്മിൻസ്റ്ററിലെ ആർച്ച് ബിഷപ്പ് റിച്ചാർഡ് മോത്ത്, ബർമിംഗ്ഹാമിലെ ആർച്ച് ബിഷപ്പ് ബെർണാഡ് ലോങ്‌ലി, സൗത്ത്‌വാർക്കിലെ ആർച്ച് ബിഷപ്പ് ജോൺ വിൽസൺ, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ മറ്റ് ബിഷപ്പുമാരും റാലിയില്‍ പങ്കെടുക്കും. സഭയുടെ അധികാരശ്രേണിയിൽ നിന്ന് ഇത്രയും പിന്തുണ ലഭിക്കുന്ന മറ്റൊരു ബ്രിട്ടീഷ് പരിപാടി കാണില്ലായെന്ന് മാർച്ച് ഫോർ ലൈഫ് യുകെയുടെ സംഘാടകർ ജൂൺ 2നു പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സമീപകാലത്ത് ജീവന് നേരെ നിരവധി വെല്ലുവിളികൾ ഉയരുന്നുണ്ടെന്നും ഈ പശ്ചാത്തലത്തില്‍ മെത്രാന്‍മാരുടെ സാന്നിധ്യം വലിയ പ്രതീക്ഷ പകരുകയാണെന്നും മാർച്ച് ഫോർ ലൈഫ് യുകെയുടെ ഡയറക്ടർ ഇസബെൽ വോൺ-സ്പ്രൂസ് പറഞ്ഞു.
2022 ൽ ഇംഗ്ലണ്ടിലും വെയിൽസിലും 251,377 ഗർഭഛിദ്രങ്ങൾ നടന്നതായാണ് കണക്ക്. 1967 ൽ ഗർഭഛിദ്ര നിയമം നിലവിൽ വന്നതിനു ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യ രേഖപ്പെടുത്ത കണക്കായിരിന്നു ഇത്. 2012ൽ ബർമിംഗ്ഹാമിൽ ആരംഭിച്ച ബ്രിട്ടീഷ് പ്രോലൈഫ് റാലിയില്‍ ഓരോ വര്‍ഷവും പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ച് വരികയാണ്. ആദ്യ റാലിയില്‍ എഴുപതു പേര്‍ മാത്രമാണ് പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷത്തെ റാലിയില്‍ പതിനായിരത്തില്‍ അധികം പേരുടെ പ്രാതിനിധ്യമുണ്ടായിരിന്നു. 2018-ലാണ് റാലി ലണ്ടനിലേക്ക് മാറ്റിയത്. ഈ വര്‍ഷം സെപ്റ്റംബര്‍ 5നാണ് മാര്‍ച്ച് ഫോര്‍ ലൈഫ് റാലി നടക്കുക.