സഭ ദൈവജനത്തിന്റെ കൂട്ടായ്മ: ആചാരങ്ങൾക്കപ്പുറം പ്രവൃത്തിയുടെ സാക്ഷ്യം

 
Chur

വിശ്വാസം എന്നത് ജനനസമയത്ത് ലഭിക്കുന്ന ഒരു നാമം മാത്രമല്ല; മറിച്ച് ജീവിതകാലം മുഴുവൻ നാം കാത്തുസൂക്ഷിക്കേണ്ട ഒരു ആത്മീയ ബോധ്യമാണ്. 

ഇന്ന് പലപ്പോഴും ക്രൈസ്തവ ജീവിതം കേവലം ബാഹ്യമായ ആചാരങ്ങളിലും ആഘോഷങ്ങളിലും മാത്രമായി ഒതുങ്ങിപ്പോകുന്നുണ്ടോ എന്ന് നാം ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. സഭ ഒരു സ്ഥാപനമാകുമ്പോൾ നിയമങ്ങൾ പ്രബലപ്പെടുന്നു; എന്നാൽ സഭ ഒരു കുടുംബമാകുമ്പോൾ സ്നേഹം നിയമമായി മാറുന്നു.

### സഭ എന്നാൽ ആര്?


സഭ എന്നാൽ മെത്രാന്മാരും വൈദികരും സമർപ്പിതരും മാത്രമാണെന്ന ഒരു തെറ്റായ ധാരണ പലപ്പോഴും നിലനിൽക്കുന്നുണ്ട്.
 എന്നാൽ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രധാന രേഖയായ **'ലുമെൻ ജെൻസിയം' (Lumen Gentium)** വ്യക്തമാക്കുന്നത് സഭ എന്നത് ക്രിസ്തുവിൽ വിശ്വസിക്കുന്ന എല്ലാവരും ചേരുന്ന **"ദൈവജനം" (People of God)** ആണെന്നാണ്.


 * **തുല്യമായ അന്തസ്സ്:** 

മാമോദീസ സ്വീകരിച്ച ഓരോ വ്യക്തിയും സഭയുടെ ദൗത്യത്തിൽ പങ്കാളിയാണ്.

 **സഭയുടെ വരിക്കാരല്ല, മറിച്ച് അതിന്റെ അവകാശികളാണ് ഓരോ അല്മായനും.**

 വിശ്വാസികളും സഭാധികാരികളും തമ്മിലുള്ള ബന്ധം അധികാരിയും പ്രജകളും തമ്മിലുള്ളതല്ല, മറിച്ച് ഒരു ശരീരത്തിലെ വിവിധ അവയവങ്ങൾ പോലെ പരസ്പര പൂരകങ്ങളാണ്.


 * **അല്മായരുടെ പങ്ക്:** 

ലോകത്തിന്റെ ഉപ്പും വെളിച്ചവുമായി മാറേണ്ടത് സാധാരണ വിശ്വാസികളാണ്. രാഷ്ട്രീയം, കുടുംബം, ജോലിസ്ഥലം തുടങ്ങിയ മേഖലകളിൽ ക്രിസ്തുവിന്റെ മൂല്യങ്ങൾ എത്തിക്കുക എന്നതാണ് അല്മായരുടെ സവിശേഷമായ ദൗത്യം.

 **അൾത്താരയിലെ ശുശ്രൂഷകൾ കൊണ്ട് മാത്രമല്ല, അടുക്കളയിലും തൊഴിലിടത്തിലും ക്രിസ്തുവിന്റെ മൂല്യങ്ങൾ പുലർത്തുന്നതിലൂടെയാണ് നാം യഥാർത്ഥ 'ദൈവജനം' ആകുന്നത്.**


### മൂന്ന് തരം വിശ്വാസികളും ആത്മപരിശോധനയും


നമ്മുടെ വിശ്വാസ പരിശീലനത്തിന്റെ അടിസ്ഥാനത്തിൽ നമ്മെത്തന്നെ മൂന്നായി തിരിക്കാം:

 1. **നാമമാത്ര ക്രൈസ്തവർ (Nominal):**

 പാരമ്പര്യമായി ലഭിച്ച വിശ്വാസം ആഘോഷങ്ങളിൽ മാത്രം പ്രകടിപ്പിക്കുന്നവർ.

 2. **സൗകര്യപൂർവ്വ വിശ്വാസികൾ (Cafeteria):** 

സഭാ പഠനങ്ങളിൽ തങ്ങൾക്ക് ഇഷ്ടമുള്ളത് മാത്രം സ്വീകരിക്കുന്നവർ.

 3. **പ്രായോഗിക വിശ്വാസികൾ (Practicing):** 

സഭയുടെ പഠനങ്ങളെ ഹൃദയപൂർവ്വം സ്വീകരിക്കുകയും അത് ജീവിതത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നവർ. ഇവർ പള്ളിക്ക് പുറത്തും ക്രിസ്തുവിന്റെ സാക്ഷികളാണ്.
 **വിശ്വാസം എന്നത് ഞായറാഴ്ചകളിൽ ധരിക്കുന്ന ഒരു കുപ്പായമല്ല; അത് ലോകത്തെ സുഗന്ധമുള്ളതാക്കുന്ന ഉപ്പും പ്രകാശവുമാണ്.**


### വെറും ആചാരങ്ങളിൽ ജീവിക്കരുത്
ആചാരങ്ങളും ആഘോഷങ്ങളും വിശ്വാസത്തിലേക്കുള്ള വഴികൾ മാത്രമാണ്, ലക്ഷ്യമല്ല. പള്ളിപ്പെരുന്നാളുകളിലെ ആഡംബരത്തേക്കാൾ ദൈവം സന്തോഷിക്കുന്നത് പാവപ്പെട്ടവരോടും രോഗികളോടും നാം കാണിക്കുന്ന കരുണയിലാണ്.


അധികാരം എന്നത് ആധിപത്യം ചെലുത്താനല്ല, മറിച്ച് ക്രിസ്തുനാഥനെപ്പോലെ ശുശ്രൂഷിക്കാനാണ്.

 **അധികാരം എന്നത് ഭരിക്കാനുള്ള ചെങ്കോലല്ല, മറിച്ച് മുട്ടുകുത്തിനിന്ന് പാദങ്ങൾ കഴുകാനുള്ള തൂവാലയാണ്.**

 മുന്നിൽ നടന്ന് നയിക്കുന്നവരല്ല, മറിച്ച് തളർന്നുപോകുന്നവന്റെ പിന്നിൽ നിന്ന് താങ്ങുന്നവരാണ് യഥാർത്ഥ ഇടയന്മാർ. വലിയ ഉത്തരവാദിത്തങ്ങൾ എളിമയോടെയുള്ള ദൈവഹിത സമർപ്പണമാകണം.

### ഉപസംഹാരം


യഥാർത്ഥ വിശ്വാസജീവിതം എന്നത് സഭയെ ഒരു സ്ഥാപനമായി കാണാതെ ഒരു കുടുംബമായി കാണുന്നതാണ്. സഭയുടെ സംരക്ഷകരായി നാം മാറാൻ മറ്റാരുടെയും നിർദ്ദേശങ്ങൾ കാത്തുനിൽക്കേണ്ടതില്ല.

 സഭ അമ്മയാണെന്ന് ഉറച്ചുവിശ്വസിക്കുമ്പോൾ നമ്മുടെ മനോഭാവവും കർമ്മപദ്ധതികളും മാറും.

സഭയുടെ കുത്തക അവകാശം ആർക്കും പതിച്ചുനൽകിയിട്ടില്ല.

 **ഇടയനും ആടുകളും ഒരേ ലക്ഷ്യത്തിലേക്ക് തുഴയുന്ന ഒരു വഞ്ചിയിലാണ് നാം എല്ലാവരും.**

 കർത്താവ് തിരഞ്ഞെടുത്ത ശിഷ്യരിൽ ചിലർ ഒറ്റിക്കൊടുക്കുകയും, തള്ളിപ്പറയുകയും ചെയ്ത ചരിത്രം നമുക്ക് മുന്നിലുണ്ട്. 

അപ്പോഴും കുരിശ് വഹിക്കുവാനും, മുഖം തുടയ്ക്കുവാനും, സ്വന്തം കല്ലറ വിട്ടുകൊടുക്കുവാനും മുന്നോട്ടുവന്ന, ഉയർപ്പിൽ വിശ്വസിച്ചു കല്ലറയിൽ പോയവരും... ഇത്തരം അല്മായരുടെ പിൻഗാമികളാണ് നാം.
 അതിനാൽ, ആരെങ്കിലും മാറ്റിനിർത്താൻ ശ്രമിച്ചാലും നാം മാറിനിൽക്കരുത്, കാരണം സഭ നമ്മുടെ സ്വന്തം കുടുംബമാണ്.

സാബു ജോസ്
എറണാകുളം
: 9446329343

Tags

Share this story

From Around the Web