മനുഷ്യരാശിയെ സേവിക്കാനും സമൂഹത്തിലെ വൈരുധ്യങ്ങള്‍ തുറന്നുകാട്ടാനും സഭ വിളിക്കപ്പെട്ടിരിക്കുന്നു: ലെയോ പാപ്പ
യാഥാര്‍ഥ്യങ്ങളോട് സംവദിച്ചും നമ്മുടെ കാലഘട്ടത്തിലെ വെല്ലുവിളികളില്‍ ഇടപെട്ടും ക്രിസ്തുവിന് സാക്ഷ്യം വഹിച്ചുകൊണ്ട് മനുഷ്യരാശിയെ സേവിക്കാനുള്ള സഭയുടെ ദൗത്യത്തെക്കുറിച്ച് ലെയോ പതിനാലാമന്‍ മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. സെപ്റ്റംബര്‍ രണ്ടിന് നടന്ന പൊതുസദസ്സിലാണ് പാപ്പ ഇപ്രകാരം ഓര്‍മ്മിപ്പിച്ചത്.
''ഇന്നത്തെ സംഭവവികാസങ്ങള്‍, ചരിത്രം, ആളുകളുടെ ജീവിതം, പ്രത്യേകിച്ച് ഇന്ന് നാം അഭിമുഖീകരിക്കുന്ന ദ്രുതഗതിയിലുള്ളതും ആഴത്തിലുള്ളതുമായ മാറ്റങ്ങള്‍ എന്നിവയ്ക്കു മുന്നില്‍ സഭ എല്ലാത്തരം നിഷ്‌ക്രിയത്വവും ഉദാസീനതയും ഉപേക്ഷിക്കണം,'' സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ എത്തിയ വിശ്വാസികളോട് മാര്‍പാപ്പ പറഞ്ഞു.
''നമുക്ക് കേവലം കാഴ്ചക്കാരായി തുടരാനാവില്ല. പകരം, നാം ഹൃദയം കൊണ്ട് ശ്രവിക്കുകയും സ്വയം വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറാവുകയും ഇടപെടുകയും വേണം. ക്രിസ്തുവിനോടൊപ്പം അവിടുത്തെ ആത്മാവിന്റെ ശക്തിയാല്‍ നയിക്കപ്പെടുന്ന വിശ്വാസികള്‍, പ്രത്യേകിച്ച് അനീതിയും വിവേചനവും അക്രമവും മൂലം തകര്‍ക്കപ്പെട്ട സഹോദരീസഹോദരന്മാരുടെ ഭാരങ്ങള്‍ ഏറ്റെടുക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു,'' പാപ്പ കൂട്ടിച്ചേര്‍ത്തു.