സഭ എപ്പോഴും പാവപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കാന്‍ ബാധ്യസ്ഥരാണ്: ലോക ദരിദ്രദിന സന്ദേശത്തില്‍ പാപ്പ

 
leo papa

സഭ അതിന്റെ യഥാര്‍ഥ സ്വഭാവമനുസരിച്ച് എപ്പോഴും ലാളിത്യം നിലനിര്‍ത്താനും പാവപ്പെട്ട ജനങ്ങള്‍ക്ക് സുരക്ഷിതമായ ഒരു അഭയകേന്ദ്രമായി മാറാനും ബാധ്യസ്ഥരാണെന്ന് ലെയോ പതിനാലാമന്‍ മാര്‍പാപ്പ പറഞ്ഞു. 

2026 നവംബര്‍ 15-ന് ആചരിക്കുന്ന പത്താമത് ലോക ദരിദ്രദിനത്തിന് മുന്നോടിയായി ജൂണ്‍ 14 ഞായറാഴ്ച പുറത്തുവിട്ട പ്രത്യേക സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.

സമൂഹത്തില്‍ പാവപ്പെട്ട ജനങ്ങള്‍ക്കുള്ള സ്ഥാനവും അവരോട് കാണിക്കേണ്ട കരുണയും എത്രത്തോളമുണ്ടെന്ന് ദൈവവചനത്തിലൂടെ ഓരോ വിശ്വാസിയും വീണ്ടും തിരിച്ചറിയേണ്ടതുണ്ടെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. 

ഫ്രാന്‍സിസ് മാര്‍പാപ്പ 2016-ലാണ് ലോക ദരിദ്രദിന ആചരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചത്. ഇന്നത്തെ കാലഘട്ടത്തില്‍ അഴിമതിയും സ്വാര്‍ഥതയും കാരണം സമൂഹത്തില്‍ വലിയ രീതിയിലുള്ള സാമൂഹിക അനീതികള്‍ വര്‍ധിച്ചുവരുന്നതായി മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ കടുത്ത ആശങ്കയോടെ ചൂണ്ടിക്കാണിച്ചു. 

ഡിജിറ്റല്‍ മേഖലയും പുതിയ സാങ്കേതികവിദ്യകളും വളരുമ്പോഴും അത് പാവപ്പെട്ട ജനങ്ങളോടുള്ള പൊതുസമൂഹത്തിന്റെ അവഗണനയും ദയയില്ലായ്മയും വര്‍ധിപ്പിക്കാന്‍ മാത്രമേ പലപ്പോഴും കാരണമാകുന്നുള്ളൂ എന്നും മാര്‍പാപ്പ ഖേദത്തോടെ പറഞ്ഞു.

ദരിദ്രരായ മനുഷ്യര്‍ അനുഭവിക്കുന്ന അവഗണനകള്‍ക്ക് മുന്നില്‍ ക്രൈസ്തവ സമൂഹത്തിന് ഒരിക്കലും കണ്ണടച്ച് നില്‍ക്കാന്‍ സാധിക്കില്ലെന്ന് വത്തിക്കാന്‍ വക്താക്കള്‍ വ്യക്തമാക്കി. 

വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ജീവിതം മാതൃകയാക്കിക്കൊണ്ട് പാവപ്പെട്ടവരെക്കുറിച്ച് വെറുതെ സംസാരിക്കുന്നതിന് പകരം അവരുടെ സ്ഥാനത്ത് സ്വയം നിന്ന് അവരെ കേള്‍ക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. 

ഈ ദരിദ്രദിനാചരണം പാവപ്പെട്ടവരുടെ മോചനത്തിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി വലിയ രീതിയിലുള്ള ആത്മപരിശോധന നടത്താന്‍ സഹായിക്കുമെന്നും മാര്‍പാപ്പ പ്രസ്താവനയിലൂടെ കൂട്ടിച്ചേര്‍ത്തു.

Tags

Share this story

From Around the Web