സാങ്കേതികവിദ്യ, നിർമ്മിതബുദ്ധി തലങ്ങളിൽ വിദ്യാഭ്യാസം നൽകാൻ സഭയ്ക്ക് ഉത്തരവാദിത്വമുണ്ട്: ലിയോ പതിനാലാമൻ പാപ്പാ
സഭയുടെ ആഗോളനിയോഗത്തോട് ചേർത്താണ്, സാമൂഹ്യസമ്പർക്കവുമായി ബന്ധപ്പെട്ട മേഖലയിൽ സഭയ്ക്ക് മനുഷ്യരോടുള്ള ഉത്തരവാദിത്വം കൂടുതൽ മനസ്സിലാക്കാൻ സാധിക്കുകയെന്ന് ലിയോ പതിനാലാമൻ പാപ്പാ. "മനുഷ്യരുടെ സ്വരവും മുഖവും സംരക്ഷിക്കുക" എന്ന പേരിൽ, സംസ്കാരത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള വത്തിക്കാൻ ഡികാസ്റ്ററിയുടെ കൂടി സഹകരണത്തോടെ, വാർത്താവിനിമയ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി ഒരുക്കിയ അന്താരാഷ്ട്രസമ്മേളനത്തിൽ സംബന്ധിച്ചവർക്ക് മെയ് 22 വെള്ളിയാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച് സംസാരിക്കവെയാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്. വാർത്താവിനിമയരംഗവുമായി ബന്ധപ്പെട്ട അറുപതാമത് ആഗോളദിനത്തിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു ഇത്തരമൊരു സമ്മേളനം സംഘടിപ്പിക്കപ്പെട്ടത്.
സാമൂഹ്യമാധ്യമ ഉപാധികളെയും ഉപകരണങ്ങളെയും രണ്ടാം വത്തിക്കാൻ കൗൺസിൽ തയ്യാറാക്കിയ ഡിക്രിയാണ്, വാർത്താവിനിമയരംഗവുമായി ബന്ധപ്പെട്ട ആഗോളദിനാചരണത്തിന് തുടക്കം കുറിച്ചതെന്ന് അനുസ്മരിച്ച പാപ്പാ, എല്ലാ മനുഷ്യരിലേക്കും രക്ഷ എത്തിക്കാനായി ക്രിസ്തുവിനാൽ സ്ഥാപിക്കപ്പെട്ട സഭയ്ക്ക് സുവിശേഷസന്ദേശം എല്ലാവരോടും അറിയിക്കാനുമുള്ള കടമയെക്കുറിച്ച് ഈ രേഖ ഓർമ്മിപ്പിക്കുന്നുന്നുണ്ടെന്ന് പറഞ്ഞു. വ്യക്തികളുടെ നിത്യരക്ഷയാണ് സഭയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമെന്ന് പാപ്പാ വിശദീകരിച്ചു.
ഏവരിലേക്കും രക്ഷ എത്തിക്കാനുള്ള ആഗ്രഹം, മാനവികതയുടെ ശരിയായ സേവനത്തിനായി ഉപയോഗിക്കപ്പെടേണ്ട മാധ്യമങ്ങളെക്കുറിച്ച് ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞ പാപ്പാ, എന്നാൽ, മനുഷ്യാന്തസ്സിനെ തകർക്കുന്ന രീതിയിൽ പരസ്പരബന്ധത്തിനായുള്ള മനുഷ്യന്റെ ആഗ്രഹങ്ങളെ ചൂഷണം ചെയ്യുന്ന ചാറ്റ്ബോട്ട് പോലെയുള്ള വിവിധ സാങ്കേതിക വിദ്യകൾ നിലനിൽക്കുന്നുണ്ടെന്നും പ്രസ്താവിച്ചു. നിർമ്മിതബുദ്ധിയുമായി ബന്ധപ്പെട്ട് മെയ് 25-ന് പ്രസിദ്ധീകരിക്കപ്പെടുന്ന പുതിയ ചാക്രികലേഖനം ഇതിനൊരു ഉത്തരം നൽകുന്നതിൽ സഹായകരമാകുമെന്ന പ്രതീക്ഷയും പാപ്പാ പങ്കുവച്ചു.
വചനം മാംസമായ ക്രിസ്തുവിനെക്കുറിച്ചുള്ള ധ്യാനവിചിന്തനങ്ങളിലൂടെയാണ് ദൈവത്തെക്കുറിച്ചുള്ള യഥാർത്ഥ ചിത്രത്തിലേക്കും, മാനവികതയെക്കുറിച്ചുള്ള സത്യത്തിലേക്കും നമുക്ക് എത്താനാവുകയെന്ന് പരിശുദ്ധ പിതാവ് ഉദ്‌ബോധിപ്പിച്ചു. ക്രിസ്തുവിന്റെ ഹൃദയത്തോട് ചേർന്നല്ലാതെ മനുഷ്യന് തന്റെ യഥാർത്ഥ മൂല്യം തിരിച്ചറിയാനാകില്ലെന്ന് പറഞ്ഞ പാപ്പാ, ഓരോ വ്യക്തിയുടെയും സ്വരവും മുഖവും സംരക്ഷിക്കുന്നതിന്, അദൃശ്യനായ ദൈവത്തിന്റെ ഛായയും, പരിപൂർണ്ണമനുഷ്യനുമായ അവനുമായുള്ള കൂടിക്കാഴ്ച അനിവാര്യമാണെന്ന് പ്രസ്താവിച്ചു.
ഡിജിറ്റൽ സാങ്കേതികതയുടെ അന്തരഫലങ്ങളും, സാമൂഹ്യമാധ്യമരംഗത്ത് സഭയ്ക്കുള്ള ഉത്തരവാദിത്വവും പരാമർശിച്ചുകൊണ്ട്, മനുഷ്യർക്ക് വിമർശനാത്മക ചിന്ത ഉണ്ടാകുന്നതിനും, സാങ്കേതികത ഉപയോഗിക്കുന്നവരുടെ രക്ഷയ്ക്ക് സഹായകരമാകുന്ന വിധത്തിൽ, മാധ്യമ, വിവര, നിർമ്മിതബുദ്ധി തലങ്ങളിൽ വിദ്യാഭ്യാസം നൽകാൻ സഭയ്ക്കുള്ള കടമയും വിളിയും പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണത്തിൽ അനുസ്മരിച്ചു.
കുട്ടികളുടെയും യുവജനങ്ങളുടെയും, ശാരീരിക, ബൗദ്ധിക വളർച്ചയിലും, ആദ്ധ്യാത്മിക നന്മയിലും ഡിജിറ്റൽ സാങ്കേതികതയ്ക്കും നിർമ്മിതബുദ്ധിക്കുമുള്ള സ്വാധീനം തിരിച്ചറിഞ്ഞുകൊണ്ട്, ഏവരും, പ്രത്യേകിച്ച് യുവജനങ്ങൾ അവയുടെ മിതവും അച്ചടക്കമുള്ളതുമായ ഉപയോഗത്തിനായി പരിശീലനം നേടേണ്ടതിന്റെ പ്രാധാന്യവും പരിശുദ്ധ പിതാവ് എടുത്തുപറഞ്ഞു. ദൈവത്തെയും മാനവികതയെയും കുറിച്ചുള്ള സത്യത്തെ മനസ്സിലാക്കിത്തരുന്നതിനുതകുന്ന ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ അനിവാര്യതയും പാപ്പാ ഓർമ്മിപ്പിച്ചു. ജീവിതത്തിന്റെ അർത്ഥം തേടുന്ന യുവജനങ്ങളെ, ജീവിക്കുന്ന ക്രിസ്തുവുമൊത്തുള്ള കൂടിക്കാഴ്ചയ്ക്കായും, സമഗ്രമായ ജീവിതശൈലി സ്വന്തമാക്കുന്നതിനായും സഹായിക്കുന്ന വിധത്തിൽ സാങ്കേതികത ഉപയോഗിക്കുന്നതിനുവേണ്ടി പരിശീലിപ്പിക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ ഊന്നിപ്പറഞ്ഞു.
തനിക്കും, അമ്മയെന്ന നിലയിൽ സഭയ്ക്കും ഏറെ താത്പര്യമുള്ള സാങ്കേതികതയുമായി ബന്ധപ്പെട്ട ഈ വിചിന്തനങ്ങൾ, ദൈവത്തിന്റെ പദ്ധതിയനുസരിച്ച് മനുഷ്യബുദ്ധിയുടെ ഫലമായി പിറന്ന സാങ്കേതികതയിൽ ഉള്ള വിശ്വാസം പുതുക്കുന്നതിന് സഹായിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.