ഇന്ന് വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാള്‍, കുരിശ് എങ്ങനെ രക്ഷയുടെ അടയാളമായി മാറി?

 
Cross


തിരുസഭ വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാള്‍ ആഘോഷിക്കുകയാണ്. ഈ തിരുനാളിന് വളരെയധികം പ്രാചീനത്വം ഉണ്ടെന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. ഒരുകാലത്ത് കുരിശ്, കുറ്റവാളികളെ ശിക്ഷിക്കാനായിട്ടുള്ള അടയാളമായിരുന്നു. എന്നാല്‍ ക്രിസ്തുവിന്റെ ആഗമനത്തോടുകൂടി കുരിശിന് ഇന്ന് പ്രത്യാശയുടെയും രക്ഷയുടെയും അര്‍ഥവും മാനവും ലഭിച്ചു.

മൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ കണ്ടെടുത്ത അലക്‌സമെനോസ് ഗ്രാഫിതോ എന്ന ചുമര്‍ചിത്രത്തില്‍, ക്രൂശിതനായ ഒരു മനുഷ്യന്റെ ശിരസ്സിനുപകരം കഴുതയുടെ ചിത്രംകൊടുത്തിട്ട്, അലക്‌സമെനോസ് എന്ന വ്യക്തി ആ ചിത്രം ആരാധിക്കുന്നതായി ചിത്രീകരിക്കുന്നുണ്ട്. ഈ ചിത്രം ക്രൈസ്തവമതത്തെ പരിഹസിക്കുന്നതിനുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്. എന്നാല്‍ ക്രൈസ്തവമതത്തിന് വിശുദ്ധ കുരിശ്, ഇന്ന് ആഴമേറിയ അര്‍ഥം നല്‍കുന്ന ഒരു സത്യമാണ്. കുരിശുമരണത്തെ സഭ മനസ്സിലാക്കുന്നത് ക്രിസ്തുവിന്റെ കുരിശിലെ മരണത്തെ മാത്രമല്ല, ക്രിസ്തു വീരോചിതമായി മരണത്തെയും പാപത്തെയും തോല്പിച്ചുകൊണ്ട് ഉയര്‍ത്തെഴുന്നേറ്റതിനെയും കൂടിയാണ്.


ക്രിസ്തുവിന്റെ കുരിശിലെ പരിഹാസമേറിയ മരണം പൂര്‍ത്തിയാക്കപ്പെടുന്നത്, ക്രിസ്തുവിന്റെ ഉയര്‍പ്പിന്റെ മഹത്വത്തിലാണ്. മാമ്മോദീസായിലൂടെ ക്രിസ്തുവിന്റെ അനുയായിയായി, ക്രിസ്തുവിനോടൊപ്പം പാപത്തില്‍ മരിച്ച്, പുതിയ സൃഷ്ടിയാക്കപ്പെട്ട്, പ്രത്യാശയോടെ ദൈവത്തോടൊപ്പം ഒന്നാകാനുള്ള വിളികൂടിയാണ് ഓരോ ക്രൈസ്തവനും ലഭിക്കുന്നത്. അതുകൊണ്ട് ക്രിസ്ത്യാനികള്‍, ക്രിസ്തുവിന്റെ കുരിശിനെ ജീവന്റെ തരുവായും, വിജയത്തിന്റെ കുരിശായും നോക്കിക്കാണുന്നു.

എ.ഡി 313 -ല്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ക്രൈസ്തവമതത്തെ സ്വതന്ത്രമാക്കിയതിനെതുടര്‍ന്ന്, അദ്ദേഹം ക്രിസ്തുവിന്റെ ചരിത്രസംഭവങ്ങള്‍ നടന്ന സ്ഥലങ്ങളിലെല്ലാം ഉത്ഖനനം നടത്തുകയും അതേതുടര്‍ന്ന് അദ്ദേഹത്തിന്റെ അമ്മയായ ഹെലനയ്ക്ക് കുരിശിന്റെ അവശിഷ്ടങ്ങള്‍ ലഭിക്കുകയും ചെയ്തു.
വിശ്വാസികളുടെ സാക്ഷ്യമനുസരിച്ച്, രോഗിയായ ഒരു സ്ത്രീ കണ്ടെടുക്കപ്പെട്ട ഈ കുരിശിന്റെ അവശിഷ്ടത്തില്‍ സ്പര്‍ശിച്ചപ്പോള്‍ അവള്‍ക്ക് രോഗസൗഖ്യം ലഭിക്കുകയും, അത് ക്രിസ്തു പീഡകളേറ്റു മരിച്ച യഥാര്‍ഥ കുരിശാണെന്ന് വിശ്വസിക്കുകയും ചെയ്തു.

കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി, ക്രിസ്തുവിന്റെ കബറിടം സ്ഥിതിചെയ്തിരുന്നിടത്ത് 'Martyrium' എന്നുപേരുള്ള വലിയൊരു പള്ളി പണിയുകയും സെപ്റ്റംബര്‍ എട്ടാം തീയതി കൂദാശ ചെയ്യപ്പെടുകയും ചെയ്തു. ആ ദിവസത്തെയാണ് പിന്നീട് വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളായിട്ട് സഭ ആഘോഷിക്കുന്നത്.

ജീവിതത്തില്‍ ഒട്ടനവധി സഹനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഓരോ ക്രൈസ്തവനും കരുത്തായിമാറുന്നത് വിശുദ്ധ കുരിശാണ്. ജീവിതനൗകയിലേക്ക് പ്രതിസന്ധികള്‍ അലയടിക്കുമ്പോള്‍ വിശുദ്ധ കുരിശ് നമുക്കെന്നും പ്രത്യാശ പകരട്ടെ.

കടപ്പാട്: ഫാ. സാര്‍ഗണ്‍ കാലായില്‍ ഒ എസ് ബി
 

Tags

Share this story

From Around the Web