വനംവകുപ്പ് കുരിശ് പിഴുതുമാറ്റിയ ഭൂമിയില്‍ എല്ലാ വെള്ളിയാഴ്ചയും ജപമാലചൊല്ലുമെന്ന് പള്ളി അധികൃതര്‍
തൊമ്മന്‍കുത്ത് (ഇടുക്കി): വനംവകുപ്പ് കുരിശ് പിഴുതുമാറ്റിയ ഭൂമിയില്‍ എല്ലാ വെള്ളിയാഴ്ചയും ഇനിമുതല്‍ ജപമാലപ്രാര്‍ഥന ഉണ്ടായിരിക്കുമെന്ന് തൊമ്മന്‍കുത്ത് സെയ്ന്റ് തോമസ് പള്ളി അധികൃതര്‍ അറിയിച്ചു.
ഇതിന് തുടക്കംകുറിച്ച് സിറോ മലബാര്‍ സഭ ജപമാലമാസമായി ആചരിക്കുന്ന ഒക്ടോബറിലെ ആദ്യത്തെ വെള്ളിയാഴ്ച വൈകീട്ട് വിശ്വാസികള്‍ ജപമാലറാലിയുമായി ഇവിടെയെത്തി. വികാരി ഫാ. ജെയിംസ് ഐക്കരമറ്റത്തിലിന്റെ നേതൃത്വത്തിലാണ് പ്രാര്‍ഥനകള്‍ നടന്നത്.
വനംവകുപ്പ് വനഭൂമിയെന്നു പറഞ്ഞാണ് 2025 ഏപ്രില്‍ 12-ന് കൈവശഭൂമിയില്‍ സ്ഥാപിച്ചിരുന്ന കുരിശ് പിഴുതുകൊണ്ടുപോയത്. എന്നാല്‍, ഇത് ആറുപതിറ്റാണ്ടായി ഒരു വിശ്വാസി കൈവശം വെച്ചിരുന്ന ഭൂമിയായിരുന്നു.
തൊമ്മന്‍കുത്ത് സെയ്ന്റ് തോമസ് പള്ളിക്ക് രേഖാമൂലം ഇയാള്‍ എഴുതിനല്‍കിയതിനെത്തുടര്‍ന്നാണ് പള്ളി ഇവിടെ കുരിശ് സ്ഥാപിച്ചത്. കഴിഞ്ഞ മാസങ്ങളില്‍ പ്രദേശത്തെ കര്‍ഷകരുടെ ഭൂമി പട്ടയനടപടികള്‍ക്കായി റവന്യൂ വകുപ്പ് അളന്നെങ്കിലും, പള്ളിക്ക് വിശ്വാസി നല്‍കിയ ഭൂമി അളന്നില്ല.