ക്രിസ്മസ് വിപണി ഒരുങ്ങി. ഇലക്ട്രിക് നക്ഷത്രങ്ങളും ഇലക്ട്രിക് ക്രിസ്മസ് ട്രീയുമാണ് കൂടുതല്‍ വിറ്റഴിയുന്നത്
തിരുവനന്തപുരം: നക്ഷത്രവിളക്കുകളുടെ ശോഭയില്‍ ക്രിസ്മസിനെ വരവേല്‍ക്കാനൊരുങ്ങി നഗരം. പ്രധാന വ്യാപാരകേന്ദ്രങ്ങള്‍ ക്രിസ്മസ് അലങ്കാരവസ്തുക്കളാല്‍ നിറഞ്ഞു.
പേപ്പര്‍ നക്ഷത്രങ്ങളേക്കാള്‍ ഇലക്ട്രിക് നക്ഷത്രങ്ങളും ഇലക്ട്രിക് ക്രിസ്മസ് ട്രീയുമാണ് കൂടുതല്‍ വിറ്റഴിയുന്നത്.
ക്രിസ്മസ്‌ന്യൂ ഇയര്‍ കാര്‍ഡുകള്‍ ഓര്‍മകളില്‍ മറഞ്ഞെങ്കിലും കടകളില്‍ ഇതും ലഭ്യം. പുനരുപയോഗിക്കാവുന്ന എല്‍ഇഡി നക്ഷത്രങ്ങള്‍ക്കാണ് ആവശ്യക്കാര്‍ അധികം. 70 രൂപമുതലുള്ള കടലാസ് നക്ഷത്രങ്ങള്‍ ലഭ്യമാണ്.
500 രൂപമുതല്‍ എല്‍ഇഡി നക്ഷത്രങ്ങളും വിപണിയിലുണ്ട്. രുചിവൈവിധ്യങ്ങളുടെ കേക്കുകളും വിപണിയില്‍ നിരവധി. കളറാക്കാന്‍ പാപ്പമാരെത്തും തിരുവനന്തപുരം ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ പാപ്പമാരും വര്‍ണാഭമായ റാലിയും.
പാളയം സെന്റ് ജോസഫ്സ് മെട്രോപൊളിറ്റന്‍ കത്തീഡ്രല്‍ സംഘടിപ്പിക്കുന്ന റാലി തിങ്കള്‍ വൈകിട്ട് 4.30ന് തുടങ്ങും. ക്രിസ്മസ് പാപ്പമാരുടെ വേഷമണിഞ്ഞ നൂറുകണക്കിന് വിശ്വാസികള്‍ക്കൊപ്പം ഫ്‌ലോട്ടുകളും കലാപ്രകടനങ്ങളും അണിനിരക്കും.
സ്റ്റാച്യു, എല്‍എംഎസ് വഴി കടന്നുപോകുന്ന റാലിക്കുശേഷം ക്രിസ്മസ് എക്സിബിഷന്‍ ആരംഭിക്കും. ചൊവ്വ വൈകിട്ടുമുതല്‍ ക്രിസ്മസ് ദൃശ്യാവിഷ്‌കാരവും ഒരുക്കും.
ബുധന്‍ രാത്രി 11.45ന് തിരുപ്പിറവി ദിവ്യബലിക്ക് മെത്രാപോലീത്ത തോമസ് ജെ നെറ്റോ മുഖ്യകാര്‍മികനാകും.
വ്യാഴം രാവിലെ ഏഴിനും 8.45നും വൈകിട്ട് അഞ്ചിനും ഏഴിനും ക്രിസ്മസ് ദിവ്യബലി നടക്കും.
ജനുവരി ഒന്നിന് പൊന്തിഫിക്കല്‍ ദിവ്യബലിയോടെ സമാപിക്കും. വിവിധ ദിവസങ്ങളില്‍ കലാപരിപാടികളും ഉണ്ടാകും.