തിരഞ്ഞെടുപ്പ് അടുത്തപ്പോൾ മാത്രം പുറത്തെടുക്കുന്ന 'ക്രൈസ്തവ കാർഡ്'; കോശി കമ്മീഷൻ റിപ്പോർട്ടിലെ ഒളിച്ചുകളി രാഷ്ട്രീയ വഞ്ചനയെന്ന് വിശ്വാസി സമൂഹം
ക്രൈസ്തവ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ ലക്ഷ്യമിട്ട് നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് രാഷ്ട്രീയ ലാഭങ്ങൾക്കായി മാത്രം ഉപയോഗിക്കപ്പെടുന്നു എന്ന ആരോപണം ശക്തമാകുകയാണ്.
രണ്ടായിരത്തിലധികം പേജുകളുള്ള വിപുലമായ പഠന റിപ്പോർട്ട് 2023 മേയ് മാസത്തിൽ സർക്കാരിന് സമർപ്പിച്ചതാണ്. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും ഇത് നിയമസഭയിലോ പൊതുസമൂഹത്തിന് മുന്നിലോ വെക്കാൻ സർക്കാർ തയ്യാറായിട്ടില്ല. “റിപ്പോർട്ട് പോലും പുറംലോകം കാണിക്കാത്തവർ ഏത് ശുപാർശയാണ് നടപ്പിലാക്കുന്നത്?”
എന്ന ചോദ്യം വിശ്വാസികൾക്കിടയിൽ ശക്തമാണ്. 220-ഓളം ശുപാർശകൾ സർക്കാർ നടപ്പിലാക്കി എന്ന് അവകാശപ്പെടുമ്പോഴും, ഏതെല്ലാം ശുപാർശകളാണ് അവയെന്നോ അവ എങ്ങനെ നടപ്പിലാക്കുന്നുവെന്നോ ഉള്ള കാര്യത്തിൽ ദുരൂഹത തുടരുന്നു.
സർക്കാർ പുലർത്തേണ്ട സത്യസന്ധത
ഒരു കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടാൽ അത് നിയമസഭയിൽ വെക്കുകയും പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കുകയും ചെയ്യുക എന്നതാണ് ജനാധിപത്യപരമായ രീതി. എന്നാൽ കോശി കമ്മീഷൻ റിപ്പോർട്ടിന്റെ കാര്യത്തിൽ ഇത് സംഭവിച്ചിട്ടില്ല. 220 ശുപാർശകൾ നടപ്പിലാക്കിയെങ്കിൽ, ആ ശുപാർശകൾ എന്താണെന്നും അവയുടെ ഗുണഫലങ്ങൾ ആർക്കൊക്കെ ലഭിച്ചുവെന്നും വ്യക്തമാക്കുന്ന ഒരു ധവളപത്രം പുറത്തിറക്കാൻ സർക്കാർ തയ്യാറാകണം.
ശുപാർശകൾ അംഗീകരിച്ചു എന്ന് പറയുന്നതല്ലാതെ, അതിനായി എത്ര തുക വകയിരുത്തി എന്നോ ഏതൊക്കെ വകുപ്പുകൾ വഴി ഇത് നടപ്പിലാക്കി എന്നോ ഉള്ള വിവരങ്ങൾ ലഭ്യമല്ല. ക്രൈസ്തവ സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ (ഉദാഹരണത്തിന് കർഷകർ, ദളിത് ക്രൈസ്തവർ, ലത്തീൻ കത്തോലിക്കർ, മത്സ്യത്തൊഴിലാളികൾ, വനാതിർത്തികളിൽ താമസിക്കുന്നവർ) നേരിടുന്ന സവിശേഷമായ പ്രശ്നങ്ങൾ ഈ ശുപാർശകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ റിപ്പോർട്ട് പുറത്തുവന്നേ മതിയാകൂ.
രാഷ്ട്രീയ തന്ത്രവും വിശ്വാസികളും
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ക്രൈസ്തവ വോട്ടുകൾ ലക്ഷ്യം വെച്ച് നടത്തുന്ന പ്രഖ്യാപനങ്ങൾ വെറും “കണ്ണിൽ പൊടിയിടൽ” മാത്രമാണെന്ന് വിശ്വാസികൾക്കിടയിൽ ചിന്തയുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് മാത്രം ക്രൈസ്തവ വോട്ടുകൾ ലക്ഷ്യം വെച്ച് ഇത്തരം കമ്മീഷനുകളെ പ്രഖ്യാപിക്കുകയും, പിന്നീട് നടപടികൾ അനന്തമായി നീട്ടിക്കൊണ്ടുപോവുകയും ചെയ്യുന്ന രീതിയാണ് ഭരണകൂടം സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.
വിശ്വാസികളെ വെറും വോട്ട് ബാങ്കുകളായി മാത്രം കണ്ട്, ആത്മാർത്ഥത ഇല്ലാതെ പ്രഖ്യാപനങ്ങൾ നടത്തുന്നത് ആ വിഭാഗത്തോടുള്ള അവഹേളനമാണ്. മുൻപും പല കമ്മീഷനുകളുടെയും പേരിൽ സമാനമായ വാഗ്ദാനങ്ങൾ നൽകപ്പെട്ടിട്ടുണ്ട്. എന്നാൽ പ്രാവർത്തിക തലത്തിൽ ക്രൈസ്തവർക്ക് ലഭിക്കേണ്ട ന്യൂനപക്ഷ ആനുകൂല്യങ്ങളിൽ വലിയ കുറവ് സംഭവിക്കുന്നുവെന്ന പരാതി നിലനിൽക്കുന്നു.
സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ ചെയ്യേണ്ടത് റിപ്പോർട്ട് പൂർണ്ണമായും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും അവയിൽ നടപ്പിലാക്കിയവ ഏതെന്നു വ്യക്തമാക്കുകയുമാണ് ചെയ്യേണ്ടത്. ഏതെല്ലാം ശുപാർശകളാണ് സർക്കാർ സ്വീകരിച്ചതെന്നും ഏതെല്ലാമാണ് നിരസിച്ചതെന്നും വ്യക്തമായി അറിയാൻ പൊതുജനത്തിന് അവകാശമുണ്ട്. അല്ലാത്തപക്ഷം, “നടപ്പിലാക്കി” എന്ന വാദം കേവലം ഒരു പ്രഹസനമായി മാത്രം അവശേഷിക്കും.
കടപ്പാട് സീറോമലബാർ വിഷൻ