ദ ചോസന്‍’ ഇന്ത്യയില്‍ തരംഗമാക്കാന്‍ ജീസസ് യൂത്തും…
കൊച്ചി: ലോകമെമ്പാടുമുള്ള ആളുകളുടെ ഹൃദയം കവര്‍ന്ന ക്രിസ്തുവിനെക്കുറിച്ചുള്ള ‘ദ ചോസന്‍’ (The Chosen) പരമ്പരയും അന്താരാഷ്ട്ര കത്തോലിക്കാ യുവജന പ്രസ്ഥാനമായ ജീസസ് യൂത്തും ഇന്ത്യയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കും. മെയ് 5-ന് കൊച്ചിയിലെ ജീസസ് യൂത്ത് ഇന്റര്‍നാഷണല്‍ ഓഫീസില്‍ ഇതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ നടന്നു. ‘ദ ചോസന്‍’ ഏഷ്യന്‍ വിഭാഗം മേധാവി ആശിഷ് നാഗ്, സിസിബിഐ പ്രതിനിധി അജിന്‍ ജോസഫ് എന്നിവര്‍ ജീസസ് യൂത്ത് നേതാക്കളായ മനോജ് സണ്ണി, ഡോ. മിഥുന്‍ പോള്‍, ചാള്‍സ് ബാസ്റ്റ്യന്‍ എന്നിവരുമായി ചര്‍ച്ച നടത്തി.
2027-ന്റെ തുടക്കത്തില്‍ പുറത്തിറങ്ങുന്ന ക്രിസ്തുവിന്റെ കുരിശുമരണത്തെ ആസ്പദമാക്കിയുള്ള ‘ക്രൂസിഫിക്ഷന്‍’ സിനിമയുടെ പ്രചരണത്തിനായുള്ള സാധ്യതകള്‍ പ്രധാന ചര്‍ച്ചാ വിഷയമായി. ഇടവകകള്‍, യുവജന കൂട്ടായ്മകള്‍, വീടുകള്‍, മറ്റ് കമ്മ്യൂണിറ്റികള്‍ എന്നിവ കേന്ദ്രീകരിച്ച് സിനിമയുടെ പ്രദര്‍ശനങ്ങളും ചര്‍ച്ചകളും സംഘടിപ്പിക്കാന്‍ പദ്ധതിയുണ്ട്. ക്രിസ്തുവിന്റെ ജീവിതത്തെ അങ്ങേയറ്റം ലളിതമായും സ്വഭാവികമായും ആവിഷ്‌കരിച്ചതിലൂടെയാണ് ‘ദ ചോസന്‍’ ലോകശ്രദ്ധ നേടിയത്. ജീസസ് യൂത്തിന്റെ ഇന്ത്യയിലുടനീളമുള്ള ശക്തമായ ശൃംഖല ഉപയോഗപ്പെടുത്തി, രാജ്യത്തിന്റെ മുക്കിലും ഈ പരമ്പരയിലൂടെ ക്രിസ്തുദര്‍ശനം എത്തിക്കാനാവുമെന്ന് കരുതപ്പെടുന്നു.