ദി ചോസണ്‍' മെത്രാന്‍ സിനഡില്‍ പ്രദര്‍ശിപ്പിച്ചു; സീസണ്‍ 6 മാര്‍ച്ചില്‍ തീയേറ്റുകളില്‍ എത്തും

 
THE CHOSEN


കാക്കനാട്: സുവിശേഷങ്ങളെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ലോകപ്രശസ്ത ടെലിവിഷന്‍ പരമ്പരയായ 'ദി ചോസണ്‍' സീറോ മലബാര്‍ സഭയുടെ മെത്രാന്‍ സിനഡ് സമ്മേളനത്തിനിടയില്‍ പ്രത്യേകമായി പ്രദര്‍ശിപ്പിച്ചു. തുടര്‍ന്നു അതുമായി ബന്ധപ്പെട്ട ചര്‍ച്ചയും നടന്നു. അടുത്ത പരമ്പരായ സീസണ്‍-6 അടുത്ത മാര്‍ച്ചില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

ദി ചോസണ്‍ ഏഷ്യന്‍ സ്ട്രാറ്റജി ലീഡ് ആശിഷ് നാഗ്, സിസിബിഐ കാത്തലിക് എന്‍ഗേജ്‌മെന്റ് മാനേജരും ഫാമിലി കമ്മീഷന്‍ അസോസിയേറ്റ് സെക്രട്ടറിയുമായ അജിന്‍ ജോസഫ് എന്നിവരാണ് ക്ലാസുകള്‍ നയിച്ചത്. ലിയോ പതിനാലാമന്‍ പാപ്പ ഉള്‍പ്പെടെയുള്ള ആഗോള സഭാ തലവന്മാരില്‍ നിന്നും ചോസണ്‍ പരമ്പരയ്ക്ക് ലഭിക്കുന്ന പിന്തുണയെക്കുറിച്ചും അജിന്‍ ജോസഫ് വിശദീകരിച്ചു.

പ്രാര്‍ത്ഥനയ്ക്കും ആത്മീയ ചിന്തകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കാന്‍ ഇത്തരത്തിലുള്ള ദൃശ്യാവിഷ്‌കാരങ്ങള്‍ക്ക് കഴിയുമെന്ന് ചര്‍ച്ചയില്‍ ചൂണ്ടികാട്ടി. 2027 മാര്‍ച്ചില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ പദ്ധതിയിടുന്ന ദി ചോസണ്‍ 6-നെ കുറിച്ചും ആശിഷ് നാഗ് വിശദീകരിച്ചു.

മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ 'ദി ചോസണ്‍' ടീമിന് നന്ദി രേഖപ്പെടുത്തി. വരാനിരിക്കുന്ന പരമ്പരയ്ക്കും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കും സീറോമലബാര്‍ സഭയുടെ പിന്തുണയും സഹകരണവും അദ്ദേഹം ഉറപ്പുനല്‍കി. സിനഡില്‍ പങ്കെടുക്കുന്ന 52 ബിഷപ്പുമാരാണ് ഈ അവതരണത്തില്‍ പങ്കെടുത്തത്.

അക്രൈസ്തവര്‍ക്കും മനസിലാകുന്ന രീതിയിലാണ് ഇതിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകള്‍ ഇതിനകം ഈ പരമ്പര കണ്ടുകഴിഞ്ഞു.

Tags

Share this story

From Around the Web