യുഡിഎഫില്‍ മുഖ്യമന്ത്രി പോര് മുറുകുന്നു. കോണ്‍ഗ്രസ് മുഖ്യമന്ത്രി ചര്‍ച്ചകളില്‍ ജമാഅത്തെ ഇസ്ലാമിയുടെയും മീഡിയ വണ്ണിന്റെയും ഇടപെടല്‍ വിവാദമാകുന്നു. അജണ്ട നിശ്ചയിക്കുന്നത് ഹിറാ സെന്ററോ?

 
Jama athe

തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫിലെ പ്രധാന ഘടകകക്ഷിയിൽ നിന്ന് ഉയരുന്ന സമ്മർദ്ദം കേരളത്തിൻെറ പൊതു രാഷ്ട്രീയത്തിലും പൊതുസമൂഹത്തിലും ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.നിയമസഭാ കക്ഷി നേതാവും മുഖ്യമന്ത്രിയും ആരാകണമെന്ന തീരുമാനം കോൺഗ്രസിൻെറ അഭ്യന്തര കാര്യമാണ്.ഘടകക്ഷികൾ  അതിൽ ഇടപെടുകയും സമ്മർദ്ദ ശക്തിയായി മാറുകയും ചെയ്യുന്നത് മുന്നണി മര്യാദകളുടെ ലംഘനം എന്ന് മാത്രമല്ല തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കൽ കൂടിയാണ്.യുഡിഎഫിലെ രണ്ടാമത്തെ പാർട്ടി എന്ന നിലയിൽ മുഖ്യമന്ത്രിക്കാര്യത്തിൽ മുസ്ളീം ലീഗിനോട് കോൺഗ്രസ് ഹൈക്കമാൻഡ് അഭിപ്രായം ചോദിച്ചാൽ പറയാമെന്നല്ലാതെ തങ്ങൾക്ക് താൽപര്യമുളള നേതാവിന് വേണ്ടി പരസ്യമായി രംഗത്തിറങ്ങുകയും ആ തീരുമാനം നടപ്പിലായി കിട്ടാൻ കോൺഗ്രസ് നേതൃത്വത്തെ മുൾമുനയിൽ നിർത്തുകയും ചെയ്യുമ്പോൾ പ്രശ്നം മറ്റൊരു തലത്തിലേക്ക് വളരുകയാണ്.വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കാനുളള ലീഗിൻെറ സമ്മർദ്ദത്തിന് പിന്നിൽ ജമാ അത്തെ ഇസ്ളാമിയാണ് എന്നത് പരസ്യമായ രഹസ്യമാണ്. " പട നയിച്ചവൻ നാട് നയിക്കെട്ടെ" എന്ന സതീശനെ അനുകൂലിച്ചുളള മുദ്രാവാക്യം ജമാ അത്തെ ഇസ്ളാമിയുടെ ആസ്ഥാനമായ കോഴിക്കോട്ടെ ഹിറാ സെൻററിലും പ്രസ്ഥാനത്തിൻെറ ചാനലായ മീഡിയാ വണ്ണിലെ ഇരുട്ടുമുറി ചർച്ചയിലും ഉരുത്തിരിഞ്ഞതാണ്.അതിനെ പൊതു സമൂഹത്തിൻെറ ആകെ മുദ്രാവാക്യമായി വളർത്തി എടുത്തു എന്നതാണ് മികച്ച കാമ്പയിനർമാരായ ജമാഅത്തെ ഇസ്ളാമിയുടെ മിടുക്ക്.സ്വന്തം അജണ്ടകളെ പൊതു വിഷയമാക്കി വികസിപ്പിക്കുന്നത് 1990 കൾ മുതൽ ജമാ അത്തെ ഇസ്ളാമി വിജയകരമായി നിർവ്വഹിച്ച് പോകുന്ന കാര്യമാണ്.സമൂഹ മാധ്യമങ്ങൾ സജീവമായ പുതിയ കാലഘട്ടത്തിൽ കളളി വെളിച്ചത്തായ ശേഷമാണ് ജമാ അത്തെ ഇസ്ലാമി കുടില പ്രചരണം ഒട്ടൊന്ന് ദുർബലമായത്.എങ്കിലും നിർണായക രാഷ്ട്രീയ വിഷയങ്ങളിൽ ദുരൂഹമായ അജണ്ടകളോടെ ഇടപെടുന്ന രീതി ജമാഅത്തെ ഇസ്ളാമി ഉപേക്ഷിച്ചിട്ടില്ലെന്നതിൻെറ തെളിവാണ് കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച.ഏപ്രിൽ 9ന് വോട്ടെടുപ്പ് കഴിഞ്ഞതിൻെറ തൊട്ടടുത്ത ദിവസം തന്നെ മുഖ്യമന്ത്രി ചർച്ച തുടങ്ങി വെച്ച ജമാഅത്തെ ചാനലായ മീഡിയാ വൺ വി.ഡി.സതീശനെ മുന്നിലെത്തിക്കാനുളള മുദ്രാവാക്യം മുന്നോട്ട് വെച്ചതിനൊപ്പം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയുളള നേതാവെന്ന തിരിച്ചറിവിൽ കെ.സി. വേണു ഗോപാലിനെതിരെ പ്രചരണത്തിന് തുടക്കം കുറിക്കുകയും ചെയ്തു.മുഖ്യമന്ത്രിയാകാൻ വേണ്ടി കെ.സി.വേണുഗോപാൽ തിരഞ്ഞെടുപ്പ് കാലത്ത് എന്തുചെയ്തുവെന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് മീഡിയാ വൺ ചാനൽ അവതാരകൻ നിഷാദ് റാവുത്തർ ജമാ അത്തെ ഇസ്ളാമിയുടെ അജണ്ടയുടെ ഭൂപടം നിവർത്തിയത്.അര നൂറ്റാണ്ടുകാലത്തെ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യമുളള നേതാവിൻെറ രാഷ്ട്രീയ പാരമ്പര്യത്തെ ചോദ്യം ചെയ്തവെന്നത് മാത്രമല്ല ഇതിലെ പ്രശ്നം മറിച്ച് കോൺഗ്രസിൽ നേതാക്കൾക്കിടയിൽ സ്പർധ വളർത്തുക കൂടിയായിരുന്നു. ഭരണ സംവിധാനങ്ങളെ, വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന സംവിധാനങ്ങളെ അസ്ഥിരപ്പെടുത്തുക എന്ന തീവ്രസ്വഭാവമുളള സംഘടനകളുടെ പതിവ് തന്ത്രമാണ് നിഷാദ് റാവുത്തറുടെ വാക്കുകളിലൂടെ പുറത്തുവന്നത്.കോൺഗ്രസിൽ നിന്ന് സതീശനോ വേണുഗോപാലോ രമേശ് ചെന്നിത്തലയോ മുഖ്യമന്ത്രി ആയിക്കൊളളട്ടെ.അതിൽ ഇടപെടാനും തീരുമാനം തങ്ങളുടെ വഴിക്ക് വരണമെന്നും എന്തിനാണ് ജമാ അത്തെ ഇസ്ളാമി ശഠിക്കുന്നത്.കേരളത്തിലെ ജനത വോട്ട് ചെയ്തത് യു.ഡി.എഫിനാണ്.പത്ത് വർഷത്തെ ഇടത് ഭരണത്തെ മടുത്ത ജനങ്ങൾ യു.ഡി.എഫിനെ സ്വീകരിക്കുകയാണ് ഉണ്ടായത്.ഈ വിജയത്തിലേക്ക് യുഡിഎഫ് സംവിധാനത്തെ പ്രാപ്തരാക്കാൻ മുന്നണിയെ നയിക്കുന്ന കോൺഗ്രസിന് പ്രാപ്തിയുണ്ടെങ്കിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുളള അവകാശവും അവർക്ക് തന്നെ വിട്ടു കൊടുക്കുന്നതാണ് നല്ലത്.അല്ലാതെ അതിൽ കൈയ്യിട്ട് വാരി സാമൂഹികാന്തരീക്ഷത്തെ വൃത്തികേടാക്കുകയല്ല വേണ്ടത്.

                                                                                                                             വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കാനുളള മുസ്ളീം ലീഗിൻെറ താൽപര്യം കണ്ടാൽ പ്രതിപക്ഷ നേതൃ സ്ഥാനത്തിരുന്ന് മുന്നണിയെ നയിച്ച നേതാവിനോടുളള വികാരവായ്പാണെന്ന് ആരും കരുതിപ്പോകും.എന്നാൽ ലീഗിൻെറ സതീശനോടുളള താൽപര്യത്തിന് പിന്നിൽ ജമാ അത്തെ ഇസ്ളാമിയുടെ കുടില അജണ്ടയാണ്.പൊളിറ്റിക്കൽ ഇസ്ളാമിൻെറ വക്താക്കൾ എന്ന നിലയിൽ മൌദൂദിയൻ ആശയമായ  മതരാഷ്ട്രവാദമാണ് ജമാഅത്തെ ഇസ്ളാമിയുടെ പ്രത്യയ ശാസ്ത്രം.ഇസ്ളാം വിശ്വാസ മതം മാത്രമല്ല, സമ്പൂർണ രാഷ്ട്രീയ വ്യവസ്ഥയാണെന്ന കാഴ്ചപ്പാടാണ് മതരാഷ്ട്രവാദത്തിൻെറ അന്തസത്ത.ഭരണ വ്യവസ്ഥയെ ഇസ്ളാമിക രാഷ്ട്രമായി പരിവർത്തനം ചെയ്യുക ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടന എന്ന ആക്ഷേപമാണ് ജമാ അത്തെ ഇസ്ളാമിക്ക് കേരളത്തിലെ പൊതു സമൂഹത്തിൽ സ്വീകാര്യത ലഭിക്കാതെ പോയതിൻെറ കാരണം.സാമുഹിക വിമർശകരും എഴുത്തുകാരുമായ ഹമീദ് ചേന്ദമംഗലൂരും എം.എൻ.കാരശേരിയുമാണ് ജമാ അത്തെ ഇസ്ളാമിയുടെ ആശയധാരയെ കേരള സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടിയത്.മതരാഷ്ട്രവാദത്തിൻെറ പേരിൽ അസ്പർശ്യത കൽപ്പിച്ച് മാറ്റി നിർത്തുന്നത് കൊണ്ടാണ് അത് തൽക്കാലത്തേക്ക് മാറ്റിവെച്ച് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ ജമാഅത്തെ ഇസ്ളാമി  തീരുമാനിച്ചത്.വെൽഫെയർ പാർട്ടി എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചിട്ടും പ്രധാന മുന്നണികളിൽ കയറിപ്പറ്റാൻ മതരാഷ്ട്രവാദം തടസമായി നിൽക്കുമ്പോഴാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വന്നത്.വെൽഫെയർ പാർട്ടിയുടെ പിന്തുണയെ ജമാ അത്തെയുടെ പിന്തുണയായി വ്യാഖ്യാനിച്ച് സിപിഎം ശക്തമായ പ്രചരണം അഴിച്ചുവിട്ടപ്പോൾ വി.ഡി.സതീശന് മറുപടി പറയേണ്ടി വന്നു. ജമാ അത്തെ ഇസ്ളാമി മതരാഷ്ട്ര വാദം ഉപേക്ഷിച്ചു എന്നായിരുന്നു വി.ഡി.സതീശൻെറ പ്രതിരോധം.സതീശൻ നിരുപദ്രവകരമെന്ന് കരുതി പറഞ്ഞത് , കത്തിപ്പടർന്നു. ജമാ അത്തെ ഇസ്ളാമി കാലങ്ങളായി വിചാരിക്കുന്ന കാര്യമാണ് സതീശൻെറ പരാമർശത്തിലൂടെ സാധ്യമായത്.ഇതിൻെറ നന്ദി പ്രകാശനമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അകമഴിഞ്ഞ് പിന്തുണക്കുന്നതിലൂടെ ജമാ അത്തെ ഇസ്ളാമി നടത്തുന്നത്.സതീശനെ മുഖ്യമന്ത്രി സ്ഥാനത്ത് അവരോധിക്കുന്നതിലൂടെ ഭാവിയിൽ വെൽഫെയർ പാർട്ടിയെ യുഡിഎഫിലെ ഘടകകക്ഷിയാക്കുക എന്ന ലക്ഷ്യം നിറവേറ്റുന്നതും ജമാ അത്തെ ഇസ്ളാമിയുടെ അജണ്ടയിലുണ്ട്. 

                                                                                                                                   മുസ്ളീം ലീഗ് പ്രധാന റോൾ വഹിക്കാൻ പോകുന്ന യുഡിഎഫ് ഭരണത്തിൽ ഒളിഞ്ഞും തെളിഞ്ഞും സ്വാധീനം ഉറപ്പിക്കാനുളള ശ്രമം ജമാ അത്തെ ഇസ്ളാമി നടത്തുമെന്ന് ഉറപ്പാണ്.വിദ്യഭ്യാസം, ഉന്നത വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം, ന്യൂനപക്ഷ ക്ഷേമം തുടങ്ങിയ വകുപ്പുകൾ കൈക്കലാക്കി മുസ്ളീം സമുദായത്തിൻെറ താൽപര്യങ്ങൾ നിറവേറ്റാനായിരിക്കും മുസ്ളീം ലീഗ് ശ്രമിക്കുക.അതിനിടയിൽ ക്രൈസ്തവർ അടക്കമുളള ഇതര മത-സാമുദായി വിഭാഗങ്ങൾ തഴയപ്പെടും.നേരത്തെ ഇതിൻെറ ചില സൂചനകൾ മാത്രമാണ് കണ്ടിരുന്നതെങ്കിൽ ഇനിയങ്ങോട്ട് അത് വ്യക്തമായി തന്നെ പ്രകടമാകാൻ പോകുകയാണ്.ഭരണത്തിൽ ലീഗിന് ലഭിക്കുന്ന പ്രാധാന്യവും ഭരണ നടപടികളിൽ അവർക്കുളള നിയന്ത്രണവും കേരളത്തിൻെറ സാമൂഹിക -രാഷ്ട്രീയാന്തരീക്ഷത്തിൽ അസ്വസ്ഥതകൾ ഉണ്ടാക്കും.ന്യൂനപക്ഷം എന്നാൽ മുസ്ളീം സമുദായം മാത്രമായി മാറുന്ന സ്ഥിതിവിശേഷം ദോഷകരമായി ഭവിക്കും.

Tags

Share this story

From Around the Web