മുഖ്യമന്ത്രി ഇന്ന് ആറന്മുളയിലേക്ക്. മഴ കനക്കുമെന്ന് മുന്നറിയിപ്പ്. 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

 
ARANMULA

തിരുവനന്തപുരം: ശക്തമായ മഴപെയ്യാനുള്ള സാധ്യതയുള്ളതിനാല്‍ പത്തനംതിട്ട മുതല്‍ കാസര്‍കോട് വരെയുള്ള 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 

അതേസമയം കണ്ണൂരിലും തിരുവനന്തപുരത്തുമായി കാണാതായ നാലുപേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. 

മഴ കനത്ത സാഹചര്യത്തില്‍ കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട എന്നീ 10 ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരുട്ടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെ), വയനാട്ടിലെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധി ബാധകമാണ്. 

പ്രതികൂല കാലാവസ്ഥ മൂലം പത്താം തീയതി വരെയുള്ള പിഎസ്സിയുടെ എല്ലാ ഓണ്‍ലൈന്‍ പരീക്ഷകളും മാറ്റി വെച്ചിട്ടുണ്ട്.

വര്‍ക്കലയില്‍ കുന്നിടിച്ചില്‍ ഭീഷണി ശക്തമായ മഴയെ തുടര്‍ന്ന് വര്‍ക്കല പാപനാശം കുന്നുകളില്‍ കുന്നിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കിലും സഞ്ചാരികള്‍ അപകടകരമായ രീതിയില്‍ സാഹസികത തുടരുന്നത് അധികൃതരെ വലയ്ക്കുന്നു. 

നിയന്ത്രണങ്ങള്‍ വകവയ്ക്കാതെ ഹെലിപ്പാട് ഭാഗത്തും കുന്നിന്റെ അഗ്രഭാഗങ്ങളിലും നിന്ന് സെല്‍ഫിയും വീഡിയോയും എടുക്കുന്നത് വലിയ ദുരന്തത്തിന് വഴിവെച്ചേക്കാം. മതിയായ പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തില്ലാത്തത് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് തടസ്സമാകുന്നുണ്ട്.

കാലവര്‍ഷപ്പെയ്ത്ത് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കിയ ആറന്മുള, റാന്നി ഉള്‍പ്പെടെയുള്ള ദുരന്ത ബാധിത മേഖലകളില്‍ മുഖ്യമന്ത്രിയും വി.ഡി. സതീശനും ഇന്ന് സന്ദര്‍ശനം നടത്തും. 

ആറന്മുളയില്‍ വെള്ളം സാവധാനം ഇറങ്ങിത്തുടങ്ങിയെങ്കിലും (കഴിഞ്ഞ രാത്രിയില്‍ ഒരടിയോളം താഴ്ന്നു) ജനങ്ങളുടെ ആശങ്ക ഒഴിഞ്ഞിട്ടില്ല. മൂഴിയാര്‍ ഡാം തുറന്നതിനാല്‍ വെള്ളം താഴുന്നതിന്റെ തോത് വളരെ കുറവാണ്. 

പല വീടുകളിലും രണ്ടാം നിലയുള്ളതിനാല്‍ ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാന്‍ തയ്യാറാകാതെ അവിടെത്തന്നെ തുടരുന്നുണ്ട്. വെള്ളം താഴുന്നതിന്റെ തോത് കുറഞ്ഞുനില്‍ക്കുന്നതും ശക്തമായ മഴ പെയ്യാനുള്ള സാധ്യത നിലനില്‍ക്കുന്നതും ആറന്മുളയില്‍ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.


തിരുവല്ല മേഖലയില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. തിരുമൂലപുരത്ത് സ്റ്റേറ്റ് ഹൈവേയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. പമ്പ, മണിമല, അച്ചന്‍കോവില്‍ നദികളിലെ ജലനിരപ്പ് ഉയരുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.
 

Tags

Share this story

From Around the Web