'മുഖ്യമന്ത്രി മിടുമിടുക്കന്‍, അന്നും ഇന്നും പിണക്കമില്ല'; മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി
 

 
VELLAPALLY NADESHAN

ആലപ്പുഴ: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ മുന്‍കാല വിമര്‍ശനങ്ങളില്‍ നിന്ന് മലക്കം മറിഞ്ഞ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുഖ്യമന്ത്രി മിടുമിടുക്കനാണെന്നും എല്ലാവരും ആ സര്‍ട്ടിഫിക്കറ്റ് നല്‍കിക്കഴിഞ്ഞതാണെന്നും വെള്ളാപ്പള്ളി ആലപ്പുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു. 


സതീശനുമായി അന്നും ഇന്നും യാതൊരു പിണക്കവുമില്ലെന്നും, പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് അദ്ദേഹത്തിന് പക്വത കുറവുണ്ടായിരുന്നതിനാലാണ് വിഷയാധിഷ്ഠിതമായി വിമര്‍ശിച്ചതെന്നും എന്നാല്‍ മുഖ്യമന്ത്രിയായതോടെ സതീശന് പക്വത വന്നുവെന്നും അദ്ദേഹം പറഞ്ഞു. 

സതീശന് ഭ്രാന്താണെന്ന് പറയാന്‍ തനിക്ക് ഭ്രാന്തുണ്ടോ എന്നും കണിച്ചുകുളങ്ങരയില്‍ വന്നാല്‍ അദ്ദേഹത്തെ തീര്‍ച്ചയായും സ്വീകരിക്കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

എന്‍എസ്എസിനെ പരോക്ഷമായി വിമര്‍ശിച്ച വെള്ളാപ്പള്ളി തന്റെ വീട്ടിലേക്ക് ആരും വരുന്നത് താന്‍ നിഷേധിച്ചിട്ടില്ലെന്നും അവിടെ കയറിപ്പോകരുതെന്ന് പറഞ്ഞത് ചങ്ങനാശ്ശേരിക്കാരാണെന്നും പരിഹസിച്ചു. 

എന്‍എസ്എസുമായി പിണങ്ങിയതും ഇണങ്ങിയതുമൊക്കെ അവരുടെ കാര്യമാണെന്നും മുഖ്യമന്ത്രിയായ ശേഷം സതീശന്‍ തന്നെ വിളിക്കുകയോ താന്‍ അങ്ങോട്ട് വിളിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

യുഡിഎഫില്‍ ചക്കളത്തിപ്പോരും കോണ്‍ഗ്രസില്‍ തമ്മില്‍ത്തല്ലും സ്വാഭാവികമാണെന്നും എന്നാല്‍ പിന്നീട് അവര്‍ ഒന്നിക്കുമെന്നും പറഞ്ഞ വെള്ളാപ്പള്ളി, മുസ്ലിം ലീഗിന് കൂടുതല്‍ സ്ഥാനങ്ങള്‍ നല്‍കിയോ ഇല്ലയോ എന്നതില്‍ തനിക്ക് പരാതിയില്ലെന്നും പറഞ്ഞു.

അതേസമയം സിപിഎം നേതാവ് പി. ജയരാജനെതിരെ വെള്ളാപ്പള്ളി രൂക്ഷമായ ഭാഷയില്‍ ആഞ്ഞടിച്ചു. പി. ജയരാജന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പ്രതിപക്ഷമാണെന്നും തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തോറ്റുപോയതിന് തന്നെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

 പത്തുകൊല്ലം ഭരിച്ചപ്പോള്‍ എല്ലാം മറന്നെന്നും രണ്ടാമത്തെ ടേമില്‍ എന്തൊക്കെയാണ് കാണിച്ചതെന്ന് ജനങ്ങള്‍ കണ്ടതാണെന്നും വിമര്‍ശിച്ച വെള്ളാപ്പള്ളി, എസ്എന്‍ഡിപിയുടെ പരമ്പരാഗത വോട്ടുകള്‍ പോലും ലഭിച്ചില്ലായിരുന്നെങ്കില്‍ എല്‍ഡിഎഫിന് ഇതിലും വലിയ പരാജയം സംഭവിക്കുമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. 

പിണറായി വിജയന്‍ നിലപാടുള്ള നേതാവാണെന്നും അദ്ദേഹത്തിന്റെ കാറില്‍ കയറിയതില്‍ ഒരു തെറ്റുമില്ലെന്നും വെള്ളാപ്പള്ളി ആവര്‍ത്തിച്ചു.
എസ്എന്‍ ട്രസ്റ്റ് തെരഞ്ഞെടുപ്പില്‍ പെട്ടി പൊട്ടിച്ചപ്പോള്‍ എതിരാളികള്‍ പൊട്ടിയെന്ന് പരിഹസിച്ച വെള്ളാപ്പള്ളി 30 കൊല്ലമായി ചിലര്‍ തന്നെ വേട്ടയാടുകയാണെങ്കിലും ഒരു കേസില്‍ പോലും ശിക്ഷ വാങ്ങിത്തരാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്ന് അവകാശപ്പെട്ടു. 

മൈക്രോ ഫിനാന്‍സ് കേസിലെ കുറ്റപത്രത്തില്‍ താന്‍ പ്രതിയല്ലെന്നും തന്നെ പ്രതിയാക്കാനുള്ള നീക്കം മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Tags

Share this story

From Around the Web