മെക്‌സിക്കന്‍ തെരുവുകളില്‍ ഇനി സഞ്ചരിക്കുന്ന നിത്യാരാധന ചാപ്പല്‍.'വിശുദ്ധ കുര്‍ബാനയിലെ യേശുവിന്റെ സാന്നിധ്യം എല്ലായിടത്തും എത്തിക്കുക' യാണ് ലക്ഷ്യം
മൊണ്ടെറെ (മെക്‌സിക്കോ): കത്തോലിക്ക ദേവാലയങ്ങളോ നിത്യാരാധന ചാപ്പലുകളോ ഇല്ലാത്ത പ്രദേശങ്ങളില്‍ പ്രാര്‍ത്ഥനയ്ക്കും ആരാധനയ്ക്കും സൗകര്യമൊരുക്കുന്നതിനായി, മെക്‌സിക്കോയിലെ മോണ്ടെറെയ് അതിരൂപത ഒരുക്കിയ സഞ്ചരിക്കുന്ന നിത്യാരാധന ചാപ്പല്‍ ശ്രദ്ധ നേടുന്നു. 'വിശുദ്ധ കുര്‍ബാനയിലെ യേശുവിന്റെ സാന്നിധ്യം എല്ലായിടത്തും എത്തിക്കുക' എന്ന ഒറ്റ ലക്ഷ്യംവെച്ചാണ് മെക്‌സിക്കന്‍ രൂപത പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ഇടവക ദേവാലയങ്ങളില്‍ നേരിട്ടെത്താന്‍ ബുദ്ധിമുട്ടുന്നവര്‍ക്കും സാധാരണക്കാരായ ജനങ്ങള്‍ക്കും വിശുദ്ധ കുര്‍ബാനയുടെ സാന്നിധ്യവും പ്രാര്‍ത്ഥനാ അന്തരീക്ഷവും ലഭ്യമാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഒരു വാന്‍ പ്രത്യേകം രൂപമാറ്റം നടത്തി രൂപകല്‍പ്പന ചെയ്താണ് ഈ സഞ്ചരിക്കുന്ന ദിവ്യകാരുണ്യ ആരാധന ചാപ്പല്‍ തയ്യാറാക്കിയിരിക്കുന്നത്. പൊതുസ്ഥലങ്ങള്‍, ജനവാസ മേഖലകള്‍, പള്ളികള്‍ കുറവുള്ള പ്രാദേശിക പ്രദേശങ്ങള്‍ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ദിവ്യകാരുണ്യ സാന്നിധ്യം അനുഭവിക്കുവാനും പ്രാര്‍ത്ഥിക്കുവാന്നും ഇത് സൗകര്യമൊരുക്കുന്നു.
യാത്രാമധ്യേ നിശ്ചിത സ്ഥലങ്ങളില്‍ വാഹനം നിര്‍ത്തി ജനങ്ങള്‍ക്ക് ശാന്തമായി പ്രാര്‍ത്ഥിക്കാനും ധ്യാനിക്കാനുമുള്ള അവസരം നല്‍കുന്നു മൊണ്ടെറെ അതിരൂപതയുടെയും ജീവകാരുണ്യ സംഘടനകളുടെയും സംയുക്ത ഇടപെടലിലാണ് ഈ പദ്ധതി നടപ്പിലാക്കിയത്. നഗരത്തിലെ ജനങ്ങള്‍ക്ക് ആശ്വാസവും പ്രതീക്ഷയും പ്രത്യാശയും പകരാന്‍ സഞ്ചരിക്കുന്ന നിത്യാരാധന ചാപ്പല്‍ സഹായിക്കുമെന്ന് അതിരൂപത നേതൃത്വം പ്രതീക്ഷ പ്രകടിപ്പിച്ചു.