രക്ഷാകരയിടങ്ങളുമായി ബന്ധപ്പെട്ട കൽദായസഭയ്ക്ക് സമാധാനം പ്രോത്സാഹിപ്പിക്കാനുള്ള വിളിയുണ്ട്: ലിയോ  പാപ്പാ

 
Yu

തങ്ങളുടെ പുതിയ പാത്രിയര്‍ക്കീസിനെ തിരഞ്ഞെടുക്കാനായി ഒത്തുചേര്‍ന്ന കല്‍ദായ സഭാ സിനഡിനും സഭാംഗങ്ങള്‍ക്കും പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നും സമാധാനത്തെ പ്രോത്സാഹിപ്പിച്ചും സമാധാനപൂര്‍വ്വം ജീവിച്ചും മുന്നോട്ട് പോകാന്‍ ആഹ്വാനം ചെയ്തും ലിയോ പതിനാലാമന്‍ പാപ്പാ. 2013 മുതല്‍ 2026 മാര്‍ച്ച് വരെ കല്‍ദായ സഭയെ നയിച്ച പാത്രിയര്‍ക്കീസ് കര്‍ദ്ദിനാള്‍ ലൂയിസ് റഫായേല്‍ സാക്കോ ഒന്നാമന് ശേഷം പുതിയ പാത്രിയര്‍ക്കീസിന്റെ തിരഞ്ഞെടുക്കുന്നതിന് ഭാഗമായി ഒരുമിച്ചു ചേര്‍ന്ന സഭാ സിനഡിന് ഏപ്രില്‍ 10 വെള്ളിയാഴ്ച വത്തിക്കാനില്‍ കൂടിക്കാഴ്ച അനുവദിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഭയ്ക്ക് ഏറെ പ്രധാനപ്പെട്ട സഭാതലവന്റെ തിരഞ്ഞെടുപ്പിന്റേതായ ഈ സമയത്ത് കല്‍ദായ സഭാനേതൃത്വത്തെ കണ്ടുമുട്ടാനായതിലുള്ള സന്തോഷം പ്രകടിപ്പിച്ച പാപ്പാ സഭയിലെ വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും ലോകമാസകലമുള്ള കല്‍ദായ സഭാംഗങ്ങള്‍ക്കും തന്റെ അഭിവാദ്യങ്ങള്‍ നേര്‍ന്നു. പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ട് പ്രാര്‍ത്ഥനാപൂര്‍വ്വം ക്രിസ്തുവിന്റെ തിരുഹൃദയവുമായി കൂടുതല്‍ ചേര്‍ന്ന് ജീവിക്കുന്ന ഒരാളെ തിരഞ്ഞെടുക്കാനാകട്ടെയെന്ന് പാപ്പാ ആശംസിച്ചു.

അപ്പസ്‌തോലന്മാരുമായും രക്ഷയുടെ ഇടങ്ങളുമായും ബന്ധപ്പെട്ട ഒരു ചരിത്രവും പശ്ചാത്തലവുമാണ് കല്‍ദായസഭയ്ക്കുള്ളതെന്ന് അനുസ്മരിച്ച പാപ്പാ റോമന്‍ സാമ്രാജ്യത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറം സുവിശേഷസന്ദേശമെത്തിച്ചതില്‍ കല്‍ദായസഭയ്ക്കുള്ള പങ്ക് പ്രത്യേകം പരാമര്‍ശിച്ചു. യുദ്ധങ്ങളും വിശ്വാസവുമായി ബന്ധപ്പെട്ട പീഡനങ്ങളും ഉള്‍പ്പെടെയുള്ള നിരവധി പ്രതിസന്ധികളിലൂടെ ഈ സഭ കടന്നുപോയിട്ടുണ്ടെന്നത് പരിശുദ്ധ പിതാവ് പ്രത്യേകം അനുസ്മരിച്ചു. എന്നാല്‍ ഈ പരീക്ഷണഘട്ടങ്ങള്‍ നിങ്ങളുടെ വിശ്വാസത്തിന്റെ പ്രഭയാണ് ചരിത്രത്തില്‍ വെളിപ്പെടുത്തിയിട്ടുള്ളതെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

ബാഗ്ദാദിലെ കല്‍ദായ സഭ പിന്നിട്ടുപോന്ന വഴികള്‍ അനുസ്മരിച്ച പാപ്പാ ഇറാക്കില്‍നിന്ന് ക്രൈസ്തവര്‍ നടത്തിയ കുടിയേറ്റങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗത്തുനിന്ന് നേരിട്ട നിരവധിയായ ആക്രമണങ്ങള്‍ പാത്രിയര്‍ക്കീസിന്റെ സ്ഥാനം അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ ബുദ്ധിമുട്ടുകള്‍ തുടങ്ങിയവ പ്രത്യേകം അനുസ്മരിക്കുകയും സഭാംഗങ്ങള്‍ക്ക് തന്റെ ഐക്യദാര്‍ഢ്യം ഉറപ്പുനല്‍കുകയും ചെയ്തു.

മനുഷ്യര്‍ക്ക് അംഗീകരിക്കാനോ സഹിക്കാനോ സാധിക്കുന്നതിനുമപ്പുറത്തുള്ള സഹനങ്ങള്‍ അഭിമുഖീകരിക്കുന്ന ഒരു ലോകത്ത് പ്രത്യാശയുടെ അടയാളമായി പ്രവര്‍ത്തിക്കാനുള്ള വിളിയാണ് കല്‍ദായ കത്തോലിക്കാസഭാംഗങ്ങള്‍ക്കുള്ളതെന്ന് പാപ്പാ അനുസ്മരിപ്പിച്ചു.

നിഷ്‌കളങ്കരക്തം ഒഴുക്കപ്പെടുന്നതിനെതിരെ സംസാരിച്ച പാപ്പാ ദുര്‍ബലരുടെയും കുഞ്ഞുങ്ങളുടെയും കുടുംബങ്ങളുടെയും ജീവിതം പോലെ പ്രധാനപ്പെട്ട മറ്റൊന്നില്ലെന്നും പ്രസ്താവിച്ചു.

സമാധാനത്തിനുവേണ്ടി ക്രിസ്തുവിന്റെ നാമത്തില്‍ പ്രവര്‍ത്തിക്കാനും ആക്രമണത്തിന്റെ പാത തിരഞ്ഞെടുക്കുന്നവരില്‍നിന്ന് അകന്നുനില്‍ക്കാനും പാപ്പാ ഏവരെയും ക്ഷണിച്ചു.

Tags

Share this story

From Around the Web