'വഖഫ് ബോർഡുകളെ റാഞ്ചിയെടുക്കാനാണ് കേന്ദ്രം ശ്രമിച്ചത്'. ഉത്തരവിൽ ഭാഗിക ആശ്വാസമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി

 
John brittas

വഖഫ് ബോർഡുകളെ റാഞ്ചിയെടുക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടായതെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. ഇതിനാണ് ഇടക്കാല ഉത്തരവിലൂടെ സുപ്രീംകോടതി തടയിട്ടിരിക്കുന്നത്. ബില്ലിലെ നിരവധി വിവാദ വ്യവസ്ഥകൾക്ക് സ്റ്റേ അനുവദിച്ച വിധി ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു വ്യക്തിക്ക് ഏകപക്ഷീയമായി വഖഫ് ചെയ്യണമെങ്കിൽ അഞ്ചു വർഷക്കാലം മുസ്ലീമായിരിക്കണമെന്ന നിബന്ധന ഏകപക്ഷീയമായ വ്യവസ്ഥയാണ്.

കളക്ടറുടെ മുന്നിൽ വഖഫ് സംബന്ധിച്ച് ഒരു തർക്കം വന്നാൽ, ആ നിമിഷം ആ സ്വത്ത് വഖഫ് അല്ലാതായി മാറുമെന്ന മറ്റൊരു അന്യായ വ്യവസ്ഥ. വഖഫ് ബോർഡുകളിൽ മുസ്ലീം ഇതര മതത്തിൽപ്പെട്ട ആളുകളെ നിയമിക്കാമെന്ന വ്യവസ്ഥ. ഇത് കേന്ദ്ര, സംസ്ഥാന വഖഫ് ബോർഡുകളിൽ മുസ്ലീങ്ങളെക്കാൾ കൂടുതൽ അമുസ്ലീങ്ങൾ വരുന്ന സാഹചര്യത്തിന് ഇടയാക്കിയിരുന്നു.


ഈ ബിൽ നിയമത്തിന്‍റെ പരിശോധനയിൽ നിലനിൽക്കില്ലെന്ന് പാർലമെന്റിൽ അവതരിപ്പിച്ച സമയത്ത് തന്നെ പറഞ്ഞിരുന്നു. ഇപ്പോഴത്തെ സ്റ്റേ ഭാഗികമായ ആശ്വാസം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ബില്ലിൽ ഇനിയും വിവാദപരമായ വ്യവസ്ഥകൾ ഉണ്ടെന്നും, അന്തിമ വിധി വരുമ്പോൾ മറ്റു വ്യവസ്ഥകളെയും സ്റ്റേയിൽ ഉൾപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നതായി ഡോ. ജോൺ ബ്രിട്ടാസ് എംപി കൂട്ടിച്ചേർത്തു.

Tags

Share this story

From Around the Web