വിഴിഞ്ഞം തുറമുഖ റെയിൽ നിർമ്മാണം ഏറ്റെടുത്ത് കേന്ദ്രം. തുറമുഖത്തിന്റെ ഗുണം രാജ്യത്തിനാകെ ലഭ്യമാക്കാൻ റെയിൽ കണക്ടിവിറ്റി 36 മാസത്തിനകം

 
VIZHINGAM

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ പ്രയോജനം രാജ്യത്തിനാകെ ലഭ്യമാക്കാൻ ആവശ്യമായ തുറമുഖ റെയിൽപാത യാഥാർത്ഥ്യത്തിലേക്ക്.

തുറമുഖത്തെ പ്രധാന റെയിൽവേപ്പാതയുമായി ബന്ധിപ്പിക്കുന്ന വിഴിഞ്ഞം - ബാലരാമപുരം റെയിൽപ്പാതയുടെ നിർമ്മാണം കേന്ദ്രസർക്കാർ ഏറ്റെടുത്തിരിക്കുകയാണ്.

 കേന്ദ്രത്തിന്റെ പി.എം.ഗതിശക്തി മാസ്റ്റർപ്ലാനിൽ തുറമുഖ പാതയും ഉൾപ്പെടുത്തിയതായി കേന്ദ്രറെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

 തുറമുഖത്തിന്റെ പൂർണ്ണതോതിലുള്ള പ്രവർത്തനത്തിന് ഏറ്റവും നിർണായകമായ ഒരു പദ്ധതിയാണിത്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മുതൽ ബാലരാമപുരം റെയിൽവേ സ്റ്റേഷൻ വരെയാണ് ഈ റെയിൽപാത.

ആകെ ദൈർഘ്യം 10.7 കിലോമീറ്റർ. പാതയുടെ ഭൂരിഭാഗവും (ഏകദേശം 9.4 കിലോമീറ്റർ) ഭൂഗർഭ തുരങ്കത്തിലൂടെയാണ് കടന്നുപോകുന്നത്. 

ഇത് പൂർത്തിയാകുമ്പോൾ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ ഭൂഗർഭ റെയിൽവേ ലൈനായി മാറും.

 

കൊങ്കൺ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് ആണ് ഈ പദ്ധതിയുടെ രൂപകല്പനയും നിർമ്മാണ ചുമതലയും വഹിക്കുന്നത്.

തുറമുഖത്ത് എത്തുന്ന കണ്ടെയ്‌നറുകളും ചരക്കുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് റെയിൽ മാർഗ്ഗം വേഗത്തിലും കുറഞ്ഞ ചെലവിലും എത്തിക്കാൻ ഇത് സഹായിക്കും.  

റെയിൽപാത നിലവിൽ വരുന്നതോടെ ബാലരാമപുരം സ്റ്റേഷനിൽ പുതിയ സിഗ്നലിംഗ് സംവിധാനങ്ങളും ചരക്കുകൾ കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങളും കണ്ടെയ്നർ യാർഡും ഒരുക്കും.

 ഭൂഗർഭ പാതയായതിനാൽ ജനവാസ മേഖലകളെയോ റോഡ് ഗതാഗതത്തെയോ ബാധിക്കില്ല.

പദ്ധതിക്കായി ആവശ്യമായ പാരിസ്ഥിതിക അനുമതി ലഭിച്ചിട്ടുണ്ട്. ബാലരാമപുരം, പള്ളിച്ചൽ, അതിയന്നൂർ മേഖലകളിലായി ഭൂമിയേറ്റെടുക്കൽ നടപടികളും ഭരണാനുമതികളും പുരോഗമിച്ചുവരുന്നു.

തുരങ്കനിർമ്മാണത്തിന് ന്യൂ ആസ്ട്രിയൻ ടണലിംഗ് മെത്തേഡ് എന്ന നൂതന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഭൂനിരപ്പിൽ നിന്ന് ഏകദേശം 25 മുതൽ 30 മീറ്റർ വരെ ആഴത്തിലാണ് തുരങ്കം നിർമ്മിക്കുന്നത്. 

ഈ ഭൂഗർഭ പാതയിലൂടെ മണിക്കൂറിൽ 15 മുതൽ 30 കി.മീ വരെ വേഗതയിൽ ഗുഡ്സ് ട്രെയിനുകൾക്ക് സഞ്ചരിക്കാം. 

ഒരു ട്രെയിൻ പാത കടന്നുപോകാൻ ഏകദേശം 36 മിനിറ്റ് സമയമെടുക്കും.

റെയിൽവേ തുരങ്ക പാതയും കണ്ടെയ്‌നർ യാർഡും നിർമ്മിക്കുന്നതിനായി നിലവിലെ ബാലരാമപുരം സ്റ്റേഷൻ തെക്കുഭാഗത്തേക്ക് മാറ്റി സ്ഥാപിക്കാൻ പദ്ധതിയുണ്ട്.

ആദ്യ ഘട്ടത്തിൽ ചരക്ക് നീക്കത്തിനായി ഒറ്റ വരി ബ്രോഡ്‌ഗേജ് പാതയാണ് ഒരുക്കുന്നത്.

എൻജിനീയറിങ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ മാതൃകയിലാണ് പദ്ധതി നടപ്പാക്കുന്നത്.

കരാർ നൽകിയ ശേഷം നിർമ്മാണം പൂർത്തിയാക്കാൻ 36 മാസമെടുക്കും.

 ജനവാസ മേഖലകൾക്ക് താഴെക്കൂടി കടന്നുപോകുന്നതിനാൽ വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ വരാത്ത രീതിയിൽ സുരക്ഷിതമായി തുരങ്കം ഖനനം ചെയ്യുക എന്നത് പ്രധാന വെല്ലുവിളിയാണ്.

 കരാർ പ്രകാരം ഇന്ത്യൻ റെയിൽവേയുടെ മേൽനോട്ടത്തിൽ റെയിൽ പാതയുടെ നിർമ്മാണവും പരിപാലനവും വി.ഐ.എസ്.എൽ നിർവ്വഹിക്കും.

പുതിയ പാതയിലെ ട്രെയിൻ സർവീസുകളുടെ നടത്തിപ്പും ഗതാഗത നിയന്ത്രണവും പൂർണ്ണമായും ഇന്ത്യൻ റെയിൽവേയുടെ ചുമതലയിലായിരിക്കും. 

തുറമുഖത്തെ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്നത് ചരക്കുനീക്കം വേഗത്തിലാക്കാനും ഇന്ത്യൻ റെയിൽവേയുടെ മൾട്ടിമോഡൽ ലോജിസ്റ്റിക്സ് ശേഷി വർദ്ധിപ്പിക്കാനും ഏറെ സഹായകരമാകും.

 ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളെ ഏകോപിപ്പിക്കുന്നതിനും ഗതാഗത ശൃംഖല വേഗത്തിലാക്കുന്നതിനുമായി കേന്ദ്ര സർക്കാർ ആരംഭിച്ച ഒരു പ്രധാന പദ്ധതിയാണ് പി.എം ഗതിശക്തി - നാഷണൽ മാസ്റ്റർ പ്ലാൻ.

2021 ഒക്ടോബർ 13-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പദ്ധതിക്ക് തുടക്കമിട്ടത്.

റോഡ്, റെയിൽവേ, വ്യോമപാത, ജലപാത, തുറമുഖങ്ങൾ എന്നിവയെ തമ്മിൽ പരസ്പരം ബന്ധിപ്പിച്ച് ചരക്കുനീക്കം സുഗമമാക്കുകയാണ് പ്രധാന ലക്ഷ്യം.

 ഇന്ത്യയിൽ നിലവിൽ ജി.ഡി.പി-യുടെ ഏകദേശം 13-14% ചരക്കുനീക്കത്തിനായി ചെലവാകുന്നുണ്ട്. ഇത് 8-10% ആയി കുറയ്ക്കുക എന്നതാണ് ലക്ഷ്യം.

വിഴിഞ്ഞം ടണൽ റെയിൽ പദ്ധതിയിൽ ഉൾപ്പെട്ടതോടെ ഇത് തുറമുഖത്തെ പ്രധാന റെയിൽ-റോഡ് ശൃംഖലയുമായി വേഗത്തിൽ ബന്ധിപ്പിക്കാനും കേന്ദ്ര അനുമതികൾ വേഗത്തിൽ ലഭ്യമാക്കാനും സഹായിക്കുന്നു.

Tags

Share this story

From Around the Web