സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നു എന്ന കേന്ദ്രസര്‍ക്കാര്‍ വാദം പച്ചക്കള്ളമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം:സംസ്ഥനത്തെ സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നു എന്ന കേന്ദ്രസര്‍ക്കാര്‍ വാദം പച്ചക്കള്ളമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി.
കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളായി കേരളത്തില്‍ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ പോലും അടച്ചുപൂട്ടിയിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയ കണക്കുകള്‍ 1992-ല്‍ ഡി.പി.ഇ.പി. പദ്ധതിയുടെ ഭാഗമായി ആരംഭിച്ച മള്‍ട്ടി ഗ്രേഡ് ലേണിംഗ് സെന്ററുകളുമായി (ങഏഘഇ) ബന്ധപ്പെട്ടതാണ് എന്നും മന്ത്രി വ്യക്തമാക്കി.
ഇത് കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് എന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:
കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നു എന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം അടിസ്ഥാനരഹിതമാണ്. ഇത് കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ്. കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളായി കേരളത്തില്‍ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ പോലും അടച്ചുപൂട്ടിയിട്ടില്ല.
കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയ കണക്കുകള്‍ 1992-ല്‍ ഡി.പി.ഇ.പി. പദ്ധതിയുടെ ഭാഗമായി ആരംഭിച്ച മള്‍ട്ടി ഗ്രേഡ് ലേണിംഗ് സെന്ററുകളുമായി ബന്ധപ്പെട്ടതാണ്. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍ വന്നപ്പോള്‍ ഇവ സ്‌കൂളുകളായി തുടരാന്‍ സാധിക്കുമായിരുന്നില്ല.
അതുകൊണ്ടാണ് ഈ സെന്ററുകള്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കിയത്. അവിടുത്തെ വിദ്യാര്‍ഥികള്‍ക്ക് അടുത്തുള്ള സ്‌കൂളുകളിലേക്ക് സൗജന്യ യാത്രാസൗകര്യമടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.
ഏതെങ്കിലും ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അടച്ചുപൂട്ടിയതായി തെളിയിക്കാന്‍ സാധിക്കുമോ? കേരളത്തിന്റെ വിദ്യാഭ്യാസ നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടാനുള്ള ഇത്തരം ശ്രമങ്ങള്‍ മന:പൂര്‍വം ആണെന്ന് പറയാതെ വയ്യ.