കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത നടപടിയില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം; പ്രൊഫ. കെ വി തോമസ്

ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ അറസ്റ്റിലായ മലയാളികളായ രണ്ടു കത്തോലിക്കാ കന്യാസ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായ പ്രൊഫ. കെ. വി. തോമസ് നിവേദനം നല്‍കി.
മനുഷ്യക്കടത്തും മതപരിവര്‍ത്തനവുമെന്ന ഗുരുതരമായ ആരോപണങ്ങളോടുകൂടി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യപ്പെട്ടത് ഏറെ ആശങ്കയ്ക്ക് ഇടയാക്കുന്നു. ജൂഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കന്യാസ്ത്രീകളുടെ സുരക്ഷ സംബന്ധിച്ചുള്ള ആശങ്കകള്‍ക്കും പരിഹാരം ആവശ്യമാണ്.
ലഭിച്ച വിവരങ്ങള്‍ പ്രകാരം അറസ്റ്റ് നടന്നിരിക്കുന്നത് മതിയായ തെളിവുകള്‍ കൂടാതെയാണെന്ന് പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെടും. ഈ സാഹചര്യത്തില്‍ എഫ്. ഐ. ആര്‍ സൂഷ്മമായി പരിശോധിച്ച് അറസ്റ്റിന്റെ സാഹചര്യവും ആധികാരികതയും താമസം കൂടാതെ വിലയിരുത്തണം.
ആരോഗ്യ മേഖലയില്‍ സമര്‍പ്പിതമായി സേവനം നടത്തുന്ന കന്യാസ്ത്രീകള്‍ക്ക് നിയമപരിരക്ഷ ലഭിക്കാതെ പോകുന്നതില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ആശങ്കയും കെ. വി. തോമസ് കത്തിലൂടെ പ്രധാനമന്ത്രിയെ അറിയിച്ചു