വെനിസ്വേലയെ വീണ്ടും ചേര്‍ത്തുപിടിച്ച് കത്തോലിക്ക സഭ; പൊന്തിഫിക്കല്‍ സംഘടന 1,50,000 ഡോളര്‍ കൈമാറി

 
venizule

വത്തിക്കാന്‍ സിറ്റി: രാജ്യത്തെ നടുക്കിയ രണ്ട് വലിയ ഭൂകമ്പങ്ങളെത്തുടര്‍ന്ന് വലിയ ദുരിതത്തിലായ വെനിസ്വേലയിലെ ജനതയ്ക്കു വീണ്ടും സഹായവുമായി കത്തോലിക്ക സന്നദ്ധ സംഘടനകള്‍. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് (എസിഎന്‍) 150,000 ഡോളറിന്റെ (ഒരു കോടിയില്‍ അധികം രൂപ) സഹായമാണ് ആദ്യ ഗഡുവായി കൈമാറിയിരിക്കുന്നത്. ഗുരുതരമായ നാശനഷ്ടങ്ങള്‍ നേരിട്ടിട്ടുള്ള ഇരകളെ അനുഗമിക്കുകയും, ദുരിതബാധിതരുടെ കുടുംബങ്ങളെ ആത്മീയമായും ഭൗതീകമായും പിന്തുണയ്ക്കുകയും ചെയ്യുകയാണെന്ന് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടന പ്രസ്താവിച്ചു.

വെനിസ്വേലയിലെ സഭ ജനങ്ങളോടൊപ്പമുണ്ടെന്നതിന് തെളിവാണ് സഹായമെന്നു എസിഎന്റെ വെനിസ്വേലയ്ക്കുള്ള പ്രോജക്ട് മാനേജര്‍ ലൂയിസ് വില്‍ഡോസോ പറഞ്ഞു. ദുഃഖിതരെ ഇത് ആശ്വസിപ്പിക്കുന്നുവെന്നും അഭയം ആവശ്യമുള്ള എല്ലാവര്‍ക്കും സഭ വാതിലുകള്‍ തുറന്നുകൊടുക്കുന്നുണ്ടെന്നും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പുനര്‍നിര്‍മ്മാണത്തില്‍ സഭ ഭാഗഭാക്കാകുമെന്നും സംഘടന വ്യക്തമാക്കി. വെനിസ്വേലയില്‍ ഉണ്ടായ ഇരട്ട ഭൂചലനത്തില്‍ ഇതുവരെ 1,400-ലധികം ആളുകള്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്.

കേവലം 39 സെക്കന്‍ഡുകളുടെ ഇടവേളയിലാണ് രണ്ട് ശക്തമായ ഭൂചലനങ്ങള്‍ ഉണ്ടായത്. നേരത്തെ ഇറ്റാലിയന്‍ കത്തോലിക്ക മെത്രാന്‍ സമിതി അഞ്ച് ലക്ഷം യൂറോയുടെ സഹായം വെനിസ്വേലയ്ക്കു കൈമാറിയിരിന്നു. പാപ്പയുടെ നിര്‍ദ്ദേശ പ്രകാരം വത്തിക്കാന്റെ കാരുണ്യസേവന വിഭാഗത്തിലൂടെ ഒരു ലക്ഷം യൂറോ (ഏകദേശം പത്തു മില്യണ്‍ രൂപ)യും കൈമാറിയിട്ടുണ്ട്. കാരിത്താസ് ഉള്‍പ്പെടെ വിവിധ കത്തോലിക്ക സന്നദ്ധ സംഘടനകള്‍ മേഖലയില്‍ സന്നദ്ധസേവനവുമായി സജീവമായി രംഗത്തുണ്ട്.

Tags

Share this story

From Around the Web