കത്തോലിക്ക സഭ ജൂബിലി ആഘോഷിക്കുന്ന പ്രത്യാശയുടെ വര്‍ഷത്തില്‍ 2000-ത്തിലധികം കുട്ടികളുടെ സംഗമമൊരുക്കി കോയമ്പത്തൂര്‍ രൂപത

കോയമ്പത്തൂര്‍: കത്തോലിക്ക സഭ ജൂബിലി ആഘോഷിക്കുന്ന പ്രത്യാശയുടെ വര്‍ഷത്തില്‍ 2000-ത്തിലധികം കുട്ടികളുടെ സംഗമമൊരുക്കി കോയമ്പത്തൂര്‍ രൂപത. 2025-ലെ ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് കോയമ്പത്തൂര്‍ രൂപതയുടെ പാസ്റ്ററല്‍ സെന്ററില്‍ നടന്ന സംഗമത്തില്‍ 2,000-ത്തിലധികം കുട്ടികളും 245 മതബോധന അധ്യാപകരും പങ്കെടുത്തു.
കോയമ്പത്തൂര്‍ ബിഷപ് ഡോ. തോമസ് അക്വിനാസിന്റെ മുഖ്യകാര്‍മ്മിതത്വത്തില്‍ സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ വികാരി ജനറാള്‍ ഫാ. ജോണ്‍ ജോസഫ് സ്റ്റാനിസ്, രൂപതയിലെ വൈദികര്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.
കത്തീഡ്രല്‍ കാമ്പസിലെ സെന്റ് മൈക്കിള്‍സ് ഓഡിറ്റോറിയം, ക്രിപ്റ്റ് ചര്‍ച്ച്, ജീവ ജ്യോതി ഹാള്‍ എന്നീ മൂന്ന് പ്രധാന വേദികളിലായാണ് പരിപാടികള്‍ നടന്നത്. പാവകളുടെ പ്രദര്‍ശനങ്ങള്‍, ഗെയിമുകള്‍, ആക്ഷന്‍ ഗാനങ്ങള്‍, മാജിക് ഷോ, സുവിശേഷ വിഷയങ്ങളെക്കുറിച്ചുള്ള സാംസ്‌കാരിക പരിപാടി, മിമിക്‌സ്, സ്‌കിറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള ആകര്‍ഷകമായ പ്രോഗ്രാമുകള്‍ ഒരുക്കിയിരുന്നു.
ഫാ. ക്രിസ്റ്റഫര്‍ റോച്ച് (വൈസ്-റെക്ടര്‍, ഗുഡ് ഷെപ്പേര്‍ഡ് സെമിനാരി), ഫാ. ക്രിസ്റ്റഫര്‍ (റെക്ടര്‍, സെന്റ് ജോസഫ്‌സ് മൈനര്‍ സെമിനാരി) എന്നിവര്‍ നടത്തിയ സെഷനുകള്‍ വേറിട്ട അനുഭവമാണ് കുട്ടികള്‍ക്ക് സമ്മാനിച്ചത്.
അവരുടെ പ്രസംഗങ്ങള്‍ വിശുദ്ധ കുര്‍ബാനയുടെയും അനുരഞ്ജന കൂദാശയുടെയും പ്രാധാന്യത്തെ കേന്ദ്രീകരിച്ചായിരുന്നു.