പാപ്പുവ ന്യൂ ഗിനിയയില്‍ പാവപ്പെട്ടവര്‍ക്ക് കൈത്താങ്ങായി കത്തോലിക്കാസഭ

വത്തിക്കാന്‍:പാപ്പുവ ന്യൂ ഗിനിയയുടെയും, സോളമന്‍ ദ്വീപുകളുടെയും മെത്രാന്‍ സമിതിയുടെ സഹകരണത്തോടെയും, ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഫോര്‍ കാത്തലിക് മൈഗ്രേഷന്റെ ധനസഹായത്തോടെയും, പാപുവ ന്യൂ ഗിനിയയില്‍ താമസിക്കുന്ന അഭയാര്‍ത്ഥികളെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതിന് വിവിധ പദ്ധതികള്‍ വിഭാവനം ചെയ്യുന്നു.
ജോവാന്നി ബാത്തിസ്ത്ത മൊന്തീനി (പിന്നീട് പോള്‍ ആറാമന്‍ പാപ്പാ) വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി ആയിരുന്ന കാലത്താണ് , കുടിയിറക്കപ്പെട്ടവരുടെയും അഭയാര്‍ത്ഥികളുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ കത്തോലിക്കാ സംഘടനകളെ പിന്തുണയ്ക്കുന്നതിനായി ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഫോര്‍ കാത്തലിക് മൈഗ്രേഷന് രൂപം നല്‍കിയത്.
ദ്വീപിന്റെ വിവിധ പ്രദേശങ്ങളിലെ പ്രാദേശിക അധികാരികളുമായുള്ള സഹകരണത്തോടെയാണ് പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നത്. അഭയാര്‍ത്ഥികളെ പ്രാദേശിക സമൂഹത്തിലേക്ക് സംയോജിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഭാവി പദ്ധതികള്‍ വിവിധ അവസരങ്ങളില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.
പോര്‍ട്ട് മോറെസ്ബിയില്‍ താത്ക്കാലിക അഭയസ്ഥാനങ്ങളില്‍ താമസിക്കുന്നവരാണ് ഇതിന്റെ ഏറിയ ഗുണഭോക്താക്കളും. അതിനാല്‍ മനുഷ്യാന്തസ്സിനെ ഏറെ ബഹുമാനിക്കുന്ന പദ്ധതികളാണ് രൂപം കൊള്ളപ്പെടുന്നത്.
ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം, ഏകദേശം 10,000ഓളം പാപ്പുവന്‍ അഭയാര്‍ത്ഥികള്‍ പോര്‍ട്ട് മോര്‍സ്ബിക്ക് ചുറ്റുമുള്ള ക്യാമ്പുകളിലാണ് താമസിക്കുന്നത്. ഈ അഭയാര്‍ത്ഥികളില്‍ പലരും ഇപ്പോഴും അപകടകരമായ അവസ്ഥയിലാണ് ജീവിക്കുന്നത്.
അതുകൊണ്ടാണ് കാരിത്താസ് പാപ്പുവ ന്യൂ ഗിനിയ പോലുള്ള നിരവധി കത്തോലിക്കാ സംഘടനകള്‍ അഭയാര്‍ത്ഥികളുടെ സംയോജനം മെച്ചപ്പെടുത്തുന്നതിനായി നിരന്തരം പ്രവര്‍ത്തിക്കുന്നത്.