ലോകകപ്പ് ആവേശം ക്രൈസ്തവ മൂല്യങ്ങളോടെയാകണം: കത്തോലിക്കാ സഭ മുന്നോട്ടുവെക്കുന്ന നാല് നിർദേശങ്ങൾ
യു.എസ്, കാനഡ മെക്സിക്കോ എന്നീ രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന് തുടക്കമാകുമ്പോൾ മത്സരദിനങ്ങളെ സുവിശേഷ മൂല്യങ്ങളോടെ സമീപിക്കാൻ വിശ്വാസികൾക്ക് ആഹ്വാനവുമായി കത്തോലിക്കാ സഭ. ആവേശം അതിരുകടക്കാതെ, മനുഷ്യത്വപരവും ആത്മീയവുമായ കാഴ്ചപ്പാടോടെ ലോകകപ്പിനെ വരവേൽക്കാൻ മെക്സിക്കൻ ബിഷപ്പുമാരുടെ സമിതിയും സഭാ നേതൃത്വവും നാല് പ്രധാന നിർദേശങ്ങൾ മുന്നോട്ടുവെക്കുന്നു.
1. കായികവിനോദം സാമൂഹിക പ്രശ്നങ്ങളിൽ നിന്നുള്ള ശ്രദ്ധ തിരിക്കലാവരുത്
രാജ്യം നേരിടുന്ന അക്രമങ്ങൾ, അഴിമതി, അനീതികൾ തുടങ്ങിയ സാമൂഹിക വേദനകളെ മറയ്ക്കാനുള്ള ആയുധമായി ഫുട്ബോൾ ആവേശത്തെ മാറ്റരുതെന്ന് മെക്സിക്കൻ ബിഷപ്പ് കോൺഫറൻസ് ഓർമ്മിപ്പിച്ചു. ലോകകപ്പ് വെറുമൊരു വിനോദമാക്കാതെ ഭിന്നതകൾ മറന്ന് നീതിക്കും സമാധാനത്തിനുമായി ഒന്നിക്കാനുള്ള അവസരമാക്കണം.
2. ഫുട്ബോൾ ദൈവവുമായുള്ള കൂടിക്കാഴ്ചയെ തടസ്സപ്പെടുത്തരുത്
ലോകകപ്പ് ആവേശം കുടുംബത്തെ മറക്കാനോ ദൈനംദിന ഉത്തരവാദിത്തങ്ങളിൽ നിന്ന് പിന്മാറാനോ ദൈവവുമായുള്ള ബന്ധം കുറയ്ക്കാനോ കാരണമാകരുതെന്ന് മെക്സിക്കോയിലെ കർദിനാൾ കാർലോസ് അഗ്യാർ റെറ്റെസ് ആവശ്യപ്പെട്ടു. ലോകകപ്പ് ഏതാനും ആഴ്ചകൾ മാത്രമേ ഉണ്ടാകൂ, എന്നാൽ ദൈവസാന്നിധ്യവും കുടുംബവുമാണ് ജീവിതത്തിന് യഥാർഥ അർഥം നൽകുന്നത്.
3. സന്ദർശകരെ ആദരവോടെയും സൗഹാർദത്തോടെയും സ്വീകരിക്കുക
വിദേശങ്ങളിൽ നിന്നെത്തുന്ന ദശലക്ഷക്കണക്കിന് ആരാധകരെ വെറും ടൂറിസ്റ്റുകളായല്ല, മറിച്ച് സ്നേഹവും ആദരവും അർഹിക്കുന്ന സഹോദരങ്ങളായി കാണണമെന്ന് മോൺസിഞ്ഞോർ റൊഗേലിയോ കാബ്രേര ലോപ്പസ് ഓർമ്മിപ്പിച്ചു. കഠിനാധ്വാനത്തിന്റെയും അതിഥിസൽക്കാരത്തിന്റെയും നന്മ നിറഞ്ഞ മുഖം അവർക്ക് കാട്ടിക്കൊടുക്കണം.
4. സുരക്ഷിതവും സംരക്ഷണം നൽകുന്നതുമായ സമൂഹമാകുക
ലോകകപ്പ് പോലെയുള്ള വലിയ ജനക്കൂട്ടം ഉണ്ടാകുന്ന അവസരങ്ങളിൽ മനുഷ്യക്കടത്തും ലൈംഗിക ചൂഷണങ്ങളും വർധിക്കാൻ സാധ്യതയുണ്ടെന്ന് സഭയുടെ ‘രഹമീം മെക്സിക്കോ നെറ്റ്‌വർക്ക്’ മുന്നറിയിപ്പ് നൽകുന്നു. വ്യാജ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ വഴിയുള്ള ചതിക്കുഴികൾക്കെതിരെ ഇടവകകളും വിശ്വാസികളും ജാഗ്രത പാലിക്കണമെന്നും ചൂഷണങ്ങൾക്കെതിരെ സംരക്ഷണ കവചമാകണമെന്നും സഭ നിർദേശിച്ചു.