പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ കുടുംബ നിയമ ഭേദഗതികള്‍ക്കെതിരെ കത്തോലിക്കാസഭ രംഗത്ത്
പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ക്കായി നിലവിലുള്ള വിവാഹ-വിവാഹമോചന നിയമങ്ങളില്‍ ഭേദഗതി വരുത്താനുള്ള ഗവണ്‍മെന്റ് നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കി രാജ്യത്തെ കത്തോലിക്കാ സഭയും വിവിധ ക്രൈസ്തവ നേതൃത്വങ്ങളും. ബൈബിള്‍ തത്ത്വങ്ങള്‍ക്കും കത്തോലിക്കാ സഭാ നിയമങ്ങള്‍ക്കും വിരുദ്ധമായ വകുപ്പുകള്‍ പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
1869-ലെ ക്രിസ്ത്യന്‍ ഡിവോഴ്‌സ് ആക്ടും 1872-ലെ ക്രിസ്ത്യന്‍ മാര്യേജ് ആക്ടും കാലോചിതമായി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് പാക്കിസ്ഥാന്‍ മനുഷ്യാവകാശ മന്ത്രാലയവും നിയമ മന്ത്രാലയവും പുതിയ 'ക്രിസ്ത്യന്‍ മാര്യേജ് ആന്റ് ഡിവോഴ്‌സ് ബില്‍' മുന്നോട്ടുവച്ചത്.
ക്രൈസ്തവ വിശ്വാസപ്രകാരം വിവാഹം എന്നത് വിശുദ്ധവും അവിഭാജ്യവുമായ ഒരു കൂദാശയാണെന്നും, കേവലം വിയോജിപ്പുകളുടെയോ അഭിപ്രായവ്യത്യാസങ്ങളുടെയോ പേരില്‍ അത് വേര്‍പെടുത്താന്‍ അനുവാദം നല്‍കുന്നത് ബൈബിള്‍ അധ്യാപനങ്ങള്‍ക്ക് വിരുദ്ധമാണെന്നും സഭാ നേതൃത്വം വ്യക്തമാക്കി.
പുതിയ നിയമത്തിലെ പല വ്യവസ്ഥകളും കാനോന്‍ നിയമവുമായി പൊരുത്തപ്പെടുന്നില്ലെന്നും, വിശ്വാസികളുടെ ആത്മീയ ജീവിതത്തെയും കുടുംബ സങ്കല്‍പ്പങ്ങളെയും ഇത് സാരമായി ബാധിക്കുമെന്നും വൈദികര്‍ ചൂണ്ടിക്കാണിക്കുന്നു. സഭാ മേലധ്യക്ഷന്മാരുമായും സമുദായ പ്രതിനിധികളുമായും മതിയായ കൂടിയാലോചനകള്‍ നടത്താതെയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ഇത്തരം ഭേദഗതികള്‍ നീക്കുന്നതെന്ന് സഭ ആരോപിച്ചു.
ന്യൂനപക്ഷങ്ങളുടെ വ്യക്തിനിയമങ്ങളില്‍ ഭേദഗതി വരുത്തുമ്പോള്‍ സമുദായത്തിന്റെയും സഭയുടെയും വിശ്വാസപ്രമാണങ്ങളെ മാനിക്കണമെന്നും, ദൈവവചനത്തിന് വിരുദ്ധമായ വകുപ്പുകള്‍ ഒഴിവാക്കിക്കൊണ്ട് മാത്രമേ ബില്‍ നിയമമാക്കാവൂ എന്നും പാക്കിസ്ഥാനിലെ സഭാ നേതൃത്വം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.