ദയാവധം നിയമവിധേയമാക്കിയതില്‍ പ്രതിഷേധമറിയിച്ച് ഫ്രാന്‍സിലെ കത്തോലിക്കാ മെത്രാന്‍ സമിതി

 
DAYAVADHAM


ഫ്രാന്‍സ്: ഫ്രാന്‍സില്‍ ദയാവധവും വൈദ്യസഹായത്തോടെയുള്ള മരണവും നിയമവിധേയമാക്കിക്കൊണ്ട് ഫ്രഞ്ച് നാഷണല്‍ അസംബ്ലി (പാര്‍ലമെന്റ്) പാസാക്കിയ പുതിയ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഫ്രാന്‍സിലെ കത്തോലിക്കാ മെത്രാന്‍ സമിതി. 

നിയമം പാസാക്കിയ നടപടി ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഗുരുതരമായ വീഴ്ചയാണെന്നും കറുത്ത അധ്യായമാണെന്നും ഫ്രഞ്ച് മെത്രാന്മാര്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

മനുഷ്യന്റെ വേദനകള്‍ ലഘൂകരിക്കുകയും സ്വാഭാവിക മരണം വരെ അവരെ സ്‌നേഹത്തോടെ പരിചരിക്കുകയും ചെയ്യുക എന്ന ആതുരസേവന രംഗത്തിന്റെ പരമ്പരാഗത ദൗത്യത്തെ പാടെ തകര്‍ക്കുന്നതാണ് ഈ പുതിയ നിയമമെന്ന് സഭ കുറ്റപ്പെടുത്തി. 

ജീവന്‍ അവസാനിപ്പിക്കാന്‍ നിയമപരമായ അനുമതി നല്‍കുന്നത് വഴി ഫ്രാന്‍സ് വലിയൊരു തകര്‍ച്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് മെത്രാന്‍ സമിതി മുന്നറിയിപ്പ് നല്‍കുന്നു. 

മനഃപൂര്‍വം ജീവന്‍ ഇല്ലാതാക്കുന്നത് ഒരിക്കലും ഒരു പുരോഗമന സമൂഹത്തിന് ചേര്‍ന്നതല്ല. മെഡിക്കല്‍ രംഗത്തിന്റെ പ്രാഥമിക കര്‍ത്തവ്യം രോഗിയെ സുഖപ്പെടുത്തലും ആശ്വസിപ്പിക്കലുമാണ്, അല്ലാതെ മരണം സമ്മാനിക്കലല്ലെന്ന് പ്രസ്താവന ഓര്‍മ്മിപ്പിച്ചു.


പാര്‍ലമെന്റില്‍ വളരെ ചെറിയ ഭൂരിപക്ഷത്തോടെയാണ് ഈ ബില്‍ പാസായത്. ഇത് രാജ്യത്തെ ജനപ്രതിനിധികള്‍ക്കിടയില്‍ തന്നെയുള്ള വലിയ അഭിപ്രായവ്യത്യാസത്തെയാണ് കാണിക്കുന്നത്. 

ഇത്രയും ഗൗരവമേറിയ, മനുഷ്യന്റെ അന്തസ്സിനെ ബാധിക്കുന്ന ഒരു വിഷയം കൃത്യമായ ഭൂരിപക്ഷമില്ലാതെയും പരക്കെയുള്ള ആശങ്കകള്‍ പരിഗണിക്കാതെയും നടപ്പിലാക്കിയത് ജനാധിപത്യപരമായ വിടവാണ് സൃഷ്ടിക്കുന്നത്.

നിയമത്തോടുള്ള കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നതിനൊപ്പം, രോഗികള്‍ക്കായി കാരുണ്യത്തിന്റെ പാതയൊരുക്കാന്‍ വിശ്വാസികളോടും സന്നദ്ധ പ്രവര്‍ത്തകരോടും മെത്രാന്‍ സമിതി ആഹ്വാനം ചെയ്തു.

 ''ഈ നിയമം നമ്മെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാക്കുന്നു. രോഗികള്‍, ഭിന്നശേഷിക്കാര്‍, വൃദ്ധര്‍, മരണാസന്നര്‍ എന്നിവരെ ഉപേക്ഷിക്കാതെ, അവര്‍ക്ക് വിശ്വസ്തമായ സാന്നിധ്യവും ആശ്വാസവും നല്‍കാന്‍ കുടുംബങ്ങളും ആരോഗ്യപ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും മുന്നോട്ട് വരണം. മരണമല്ല, മറിച്ച് ദയാപൂര്‍വമായ പരിചരണമാണ് അവര്‍ക്ക് നല്‍കേണ്ടത്,'' പ്രസ്താവനയില്‍ പറയുന്നു.

Tags

Share this story

From Around the Web