കന്യാസ്ത്രീകള്‍ക്കെതിരെയുള്ള കേസ് തെളിവുകള്‍ ഇല്ലാത്തതിനാല്‍ നിലനില്‍ക്കില്ല; കോടതി ജാമ്യത്തെ സ്വാഗതം ചെയ്യുന്നു, എംഎം ഹസന്‍

 
M M HASAN

തിരുവനന്തപുരം: വ്യാജകുറ്റങ്ങള്‍ ചുമത്തി ഛത്തീസ്ഗഡിലെ ദുര്‍ഗ് ജയിലില്‍ അടയ്ക്കപ്പെട്ട കന്യാസ്ത്രീകള്‍ക്ക് എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍.
ഉപാധികളോടെയുള്ള ജാമ്യമാണ് കന്യാസ്ത്രീകള്‍ക്ക് ലഭിച്ചത്. 

അതിലൂടെ തന്നെ പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും ബിജെപി സര്‍ക്കാരിന്റെയും ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നതിന് തെളിവാണ്. ബിജെപിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രോസിക്യൂഷന്‍ ജാമ്യ ഹര്‍ജിയെ എതിര്‍ത്തത്. 

ഇല്ലായിരുന്നെങ്കില്‍ ഉപാധിരഹിത ജാമ്യം അവര്‍ക്ക് ലഭിക്കുമായിരുന്നു. ബജ്റംഗ്ദളിന്റെ അടിസ്ഥാന നിലപാടിനെ തള്ളിപ്പറയാനുള്ള ധൈര്യം ബിജെപിക്കില്ല. കാരണം അവരിപ്പോഴും മതപരിവര്‍ത്തനം എന്ന ആരോപണത്തില്‍ പരോക്ഷമായി പിന്തുണയ്ക്കുന്നതിനാലാണെന്നും ഹസന്‍ പറഞ്ഞു.


കന്യാസ്ത്രീകള്‍ക്കെതിരെയുള്ള കേസ് അടിസ്ഥാന രഹിതമാണ്. തെളിവില്ലാത്തതിനാല്‍ നിലനില്‍ക്കില്ല. കുടുംബത്തിന്റെ സമ്മതത്തോടെയാണ് കന്യാസ്ത്രീകള്‍ക്കൊപ്പം പോയതെന്ന് ആ സഹോദരിമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭീഷണിപ്പെടുത്തി കന്യാസ്ത്രീകള്‍ക്കെതിര മൊഴി എടുക്കാനും ശ്രമം ഉണ്ടായി. 


ഈ കേസില്‍ ഛത്തീസ്ഗഢ് പൊലീസിന്റെ ഭാഗത്ത് നിന്ന് നിഷ്പക്ഷമായ അന്വേഷണം ഉണ്ടാകില്ല. അതുകൊണ്ട് തന്നെ കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കുകയും എത്രയും വേഗം കന്യാസ്ത്രീകള്‍ക്കെതിരായ കേസ് റദ്ദ് ചെയ്യാന്‍ ഛത്തീസ്ഗഢ് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുകയും ചെയ്യണമെന്നും ഹസന്‍ പറഞ്ഞു.

നിരപരാധികളായ രണ്ടു കന്യാസ്ത്രീകളെ ജയിലിലടച്ചതിന്റെ പാപഭാരം ബിജെപിയെ വേട്ടയാടിക്കൊണ്ടിരിക്കും.നിരപരാധികളായ കന്യാസ്ത്രീകള്‍ക്ക് ജയിലില്‍ കിടക്കേണ്ടിവന്നത് ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ കൊണ്ടാണ്. ഈ വിഷയത്തില്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ നാടകം കളിക്കുകയായിരുന്നു. 

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുകയും അതിനെ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ന്യായീകരിക്കകയും ചെയ്തതിലൂടെ ബിജെപിയുടെ ഉള്ളിലിരുപ്പ് പുറത്തായി. നിയമം അതിന്റെ വഴിക്കുപോകുമെന്ന പറഞ്ഞ ഛത്തീസ്ഗഢ് മുഖ്യമന്ത്രി കന്യാസ്ത്രീകളെ ആക്രമിക്കുകയും കള്ളക്കേസെടുപ്പിക്കാന്‍ കാരണവുമായ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെ സംരക്ഷിക്കുകയാണ്. 

കന്യാസ്ത്രീകള്‍കളുടെ നീതിക്കായി മുതലക്കണ്ണീര്‍ ഒഴുക്കുന്ന കേരള ബിജെപി നേതാക്കള്‍ ബജ്റംഗ്ദളിന്റെ ഹീനമായ പ്രവര്‍ത്തിയെ തള്ളിപ്പറയാന്‍ ധൈര്യമുണ്ടോയെന്നും ഹസന്‍ ചോദിച്ചു.
 

Tags

Share this story

From Around the Web