പൗരസ്ത്യ സഭകളുടെ നിയമ പരിഷ്‌കാരത്തിനായി കാനോന്‍ നിയമ കമ്മീഷന്‍ സ്ഥാപിതമായി

 
CANON



വത്തിക്കാന്‍ സിറ്റി: പൗരസ്ത്യസഭകള്‍ക്കായുള്ള കാനോനികനിയമം പരിഷ്‌കരിക്കുന്നതിനായി സിനഡാത്മക പ്രവര്‍ത്തനങ്ങളുടെ വെളിച്ചത്തില്‍ മെത്രാന്മാരുടെ സിനഡിന്റെ ജനറല്‍ സെക്രട്ടേറിയറ്റ് പുതിയ കാനോനിക കമ്മീഷന്‍ സ്ഥാപിച്ചു. 


ലത്തീന്‍ സഭയുടെ കാനോനികനിയമങ്ങളുമായി ബന്ധപ്പെട്ട് 2023 ഡിസംബറില്‍ സ്ഥാപിക്കപ്പെട്ട കാനോനിക കമ്മീഷനോട് സഹകരിച്ചുകൊണ്ടായിരിക്കും പുതിയ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുക.

വിവിധ പൗരസ്ത്യസഭാനേതൃത്വങ്ങളുടെ അഭ്യര്‍ത്ഥനയുടെയും സിനഡാത്മക പ്രവര്‍ത്തനങ്ങളുടെയും വെളിച്ചത്തിലാണ് പൗരസ്ത്യ കാനോനിക നിയമം പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെ കമ്മീഷന്‍ സ്ഥാപിക്കപ്പെട്ടത്.

പൗരസ്ത്യ കാനോനികനിയമങ്ങളുടെ പ്രത്യേകതകള്‍ കണക്കിലെടുത്ത്, പൗരസ്ത്യ കത്തോലിക്കാസഭകളും ലത്തീന്‍സഭയും തമ്മിലുള്ള ബന്ധത്തിലെ ചില പ്രത്യേക കാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു പ്രത്യേക കമ്മീഷന്‍ വേണമെന്ന ബോധ്യത്തിലാണ് പുതിയ ഈ കമ്മീഷന്‍ സ്ഥാപിക്കപ്പെട്ടതെന്ന് സിനഡിന്റെ സെക്രട്ടറി ജനറല്‍ കര്‍ദ്ദിനാള്‍ മാരിയോ ഗ്രെഹ് വ്യക്തമാക്കി.

കമ്മീഷന്റെ ആദ്യ സമ്മേളനം സിനഡിന്റെ ജനറല്‍ സെക്രട്ടേറിയറ്റില്‍ ഇന്നലെ ഫെബ്രുവരി 20ന് നടന്നു. പൗരസ്ത്യ കത്തോലിക്കാസഭകളും ലത്തീന്‍സഭയും തമ്മിലുള്ള ബന്ധങ്ങളിലെ ചില പ്രത്യേക കാര്യങ്ങളുമായി ബന്ധപ്പെട്ട നടത്തിയ ദ്വിദിന പ്രവര്‍ത്തന സമ്മേളനത്തെത്തുടര്‍ന്നാണ് പൗരസ്ത്യ കാനോനിക നിയമ പരിഷ്‌കാരത്തിനായുള്ള കമ്മീഷന്റെ സമ്മേളനം നടന്നത്.

Tags

Share this story

From Around the Web