സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കു നൽകുമെന്നു പറഞ്ഞ ക്യാമ്പ് ബത്തയും ഇതുവരെ വിതരണം ചെയ്തു തുടങ്ങിയില്ല

 
camp

കോട്ടയം: സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞവർക്കുള്ള ക്യാമ്പ് ബത്തയും മുടങ്ങി. ഓരോ കുടുംബത്തിനും ഒരു റേഷൻ കാർഡിന് (രണ്ടു മുതിർന്ന വ്യക്തികൾക്ക്) ദിവസം 300 രൂപ വീതം ഏഴുദിവസത്തേക്ക് അനുവദിക്കുമെന്നു സംസ്ഥാന സർക്കാർ പറഞ്ഞിരുന്നത്. ഈ തുക ആര് വിതരണം ചെയ്യും, എങ്ങനെ വിതരണം ചെയ്യും എന്നതിലെ വ്യക്തതയില്ലാത്തതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണം. വകുപ്പുകളുടെ ഏകോപനക്കുറവും ഉന്നത ഉദ്യോഗസ്ഥ തലത്തിലെ അലംഭാവമാണ് ഈ അനാസ്ഥയ്ക്കു കാരണമെന്നാണ് ആക്ഷേപം. 


വീടുകളിൽ വെള്ളം കയറി ദുരിതാശ്വാസക്യാമ്പുകളിലും ബന്ധുവീടുകളിലും അഭയം തേടിയവർക്ക് വീടുകൾ വൃത്തിയാക്കാൻ അനുവദിച്ച 10,000  രൂപയും വിതരണം തുടങ്ങിയിട്ടില്ല.  ഈ തുക ഓണത്തിനു മുൻപ് നൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

റേഷൻകാർഡ് ഒന്നിന് 10,000 രൂപ വീതം നൽകുമെന്ന് ദുരന്തനിവാരണ വകുപ്പാണ് ഉത്തരവിറക്കിയത്. ദുരിതാശ്വാസക്യാമ്പിൽ താമസിക്കാത്തവർക്കും വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സഹായം ലഭിക്കുമെന്നാണ് ലഭിക്കുന്ന സൂചന.  ഇത് നടപ്പാക്കുന്നത് സംബന്ധിച്ച വ്യവസ്ഥകളൊന്നും ഉത്തരവിൽ വ്യക്തമല്ല. വെള്ളം കയറിയ വീടുകൾ കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കേണ്ടത് വില്ലേജ് ഓഫിസർമാരാണെങ്കിലും ഉത്തരവോ സമയക്രമമോ പുറപ്പെടുവിച്ചിട്ടില്ല. ഇതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. വിഷയത്തിൽ സർക്കാർ ഉടൻ ഇടപെണമെന്നാണ് ദുരിത ബാധിതരുടെ ആവശ്യം.

Tags

Share this story

From Around the Web