ആ ചേട്ടൻ മണ്ണിനടിയിലായിരുന്നു, എങ്ങനെയൊക്കെയോ പിടിച്ചുകേറി വന്നതാണ്; തൊടുപുഴ ആലക്കോട് ഉരുൾപൊട്ടലിൽ മൂന്ന് വീടുകൾ പൂർണമായും തകർന്നു, രണ്ടുപേർക്ക് പരിക്ക്

 
0988

ഇടുക്കി: തൊടുപുഴയ്ക്ക് സമീപം ആലക്കോട് അതിശക്തമായ മഴയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മൂന്ന് കുടുംബങ്ങളുടെ വീടുകൾ പൂർണമായും തകർന്നു. പുലർച്ചെ 2:25 ഓടെ ആളുകൾ കിടന്നുറങ്ങുന്ന സമയത്താണ് വൻ ശബ്ദത്തോടെ മണ്ണും കല്ലും ഇടിഞ്ഞുവീണത്. കട്ടയും കമ്പും കെട്ടിടാവശിഷ്ടങ്ങളും വീണ് പരിക്കേറ്റ രണ്ടുപേരെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ഇവർ ചികിത്സയിലാണ്.

അപകടസമയത്ത് വീടിന്റെ അടിത്തറയടക്കം താഴേക്ക് പതിക്കുകയായിരുന്നു. പ്രദേശവാസിയായ മാർട്ടിൻ എന്നയാൾ മണ്ണിനടിയിൽ പൂണ്ടുപോയെങ്കിലും എങ്ങനെയൊക്കെയോ പിടിച്ച് കയറി പുറത്തെത്തുകയായിരുന്നു. സമീപത്തെ വീട്ടിലുണ്ടായിരുന്ന ബിനു, ഷീല എന്നിവർക്കും കെട്ടിടാവശിഷ്ടങ്ങൾ വീണ് പരിക്കേറ്റു. പരിക്കേറ്റ ഒരാളുടെ കാൽ ഒടിഞ്ഞിട്ടുണ്ട് . ഏറ്റവും മുകളിലെ ഒരു വീട് ഭാഗികമായി തകർന്ന് അപകടാവസ്ഥയിലായെങ്കിലും നവജാതശിശു അടക്കമുള്ള കുടുംബാംഗങ്ങൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

വീട്ടിലെ വീട്ടുപകരണങ്ങളും സാധനസാമഗ്രികളും പൂർണമായും മണ്ണിനടിയിലായി. ദുരന്തബാധിതരായ കുടുംബങ്ങളെയും സമീപവാസികളെയും അടിയന്തരമായി തൊട്ടടുത്തുള്ള അംഗൻവാടിയിലെയും ബ്ലോക്ക് പഞ്ചായത്തിലെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. അടിയന്തര പുനരധിവാസം ഉറപ്പാക്കണമെന്ന് ജനപ്രതിനിധികളും നാട്ടുകാരും ആവശ്യപ്പെട്ടു.

ഇടുക്കിയിൽ മഴയിൽ വ്യാപക നാശനഷ്ടമാണുണ്ടായിരിക്കുന്നത്. കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ മഷിക്കല്ലേൽ സുമതി മരിച്ചു. പുലർച്ചെ രണ്ട് മണിയോടെയുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ വീട് പൂർണമായും മണ്ണിനടിയിലാവുകയായിരുന്നു.

അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന ഭർത്താവ് രവിയും മകൻ രതീഷും അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും സുമതി മണ്ണിനടിയിൽ കുടുങ്ങിപ്പോകുകയായിരുന്നു. ഫയർഫോഴ്സും പ്രാദേശികവാസികളും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്. വാ​ഗമൺ കോലാഹലമേട്ടിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വൈക്കം സ്വദേശി പ്രഭാകരൻ നായരും മരിച്ചു.

Tags

Share this story

From Around the Web