കുട്ടിക്കാലത്ത് പള്ളിയിൽ ബഹളമുണ്ടാക്കിയതിന് വികാരിയച്ചൻ പുറത്താക്കിയ ബാലൻ വൈദികനാകുന്നു
Apr 26, 2026, 08:08 IST
കുട്ടിക്കാലത്ത് പള്ളിയിൽ ബഹളമുണ്ടാക്കിയതിന് വികാരിയച്ചൻ പുറത്താക്കിയ ബാലൻ വൈദികനാകുന്നു. ഏപ്രിൽ 26 നു റോമിലെ എട്ട് വൈദികാർത്ഥികൾക്ക് ലിയോ പതിനാലാമൻ പാപ്പ തിരുപ്പട്ടം നൽകി അഭിഷേകം ചെയ്യും. ഇതിൽ ഏറെ ശ്രദ്ധേയമായത് ക്രിസ്റ്റ്യൻ സ്ഗ്വാസിനോ എന്ന യുവാവിന്റെ ജീവിതസാക്ഷ്യമാണ്. തന്റെ വൈദികവിളിയെക്കുറിച്ച് റോം രൂപത പുറത്തുവിട്ട കുറിപ്പിൽ സ്ഗ്വാസിനോ പറയുന്നത് ഇപ്രകാരമാണ്. ആദ്യകുർബാനയ്ക്ക് ശേഷം ഫുട്ബോൾ കളിയും പ്രാർത്ഥനയുമായി സാൻ ജിയോവാനി ഡെല്ല ക്രോസ് ഇടവകയിൽ സജീവമായിരുന്നു അദ്ദേഹം. ടെന്റുകളിൽ കുർബാന നടന്നിരുന്ന അക്കാലത്ത്, കൂട്ടുകാരോടൊപ്പം ബഹളമുണ്ടാക്കിയതിന് അസിസ്റ്റന്റ് വികാരി തന്നെ പള്ളിയിൽ നിന്ന് പുറത്താക്കിയതും സഭയിൽ നിന്ന് പുറത്താക്കുമെന്ന് മുന്നറിയിപ്പ് നൽകിയതും അദ്ദേഹം പുഞ്ചിരിയോടെ ഓർക്കുന്നു. ബഹളമുണ്ടാക്കി പുറത്താക്കപ്പെട്ടെങ്കിലും അൾത്താരയോടും സക്രാരിയോടും തനിക്കുണ്ടായിരുന്ന ആത്മബന്ധമാണ് ദൈവവിളിയിലേക്ക് തന്നെ നയിച്ചതെന്ന് സ്ഗ്വാസിനോ പറയുന്നു. താൻ കണ്ടുമുട്ടിയ സന്തോഷവാന്മാരായ വൈദികരുടെ ജീവിതമാതൃകയാണ് തന്റെ തീരുമാനത്തിന് കരുത്തുപകർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.