തിരിച്ചറിയാനാകാതെ മൃതദേഹം മോര്‍ച്ചറിയില്‍ കിടന്നത് ഒന്നരമാസം!പത്രമാധ്യമങ്ങളിലൂടെ പരസ്യം നല്‍കി ബന്ധുക്കളെ കണ്ടെത്താന്‍ പൊലീസ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
കണ്ണൂര്‍: ഒന്നരമാസത്തോളമായി കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ആലപ്പുഴ കായംകുളം സ്വദേശി ബാബുവിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുത്തു. കഴിഞ്ഞ ജൂലൈയിലാണ് ബാബുവിനെ കണ്ണൂര്‍ ആയിക്കരയിലെ ഒരു ഷെഡില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ മൃതദേഹം തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് പത്രമാധ്യമങ്ങളിലൂടെ പരസ്യം നല്‍കി ബന്ധുക്കളെ കണ്ടെത്താന്‍ പൊലീസ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
മൃതദേഹം സംസ്‌കരിക്കുന്നതിനായി ആശുപത്രി അധികൃതര്‍ കണ്ണൂര്‍ കോര്‍പ്പറേഷന് കത്തയച്ചിരുന്നെങ്കിലും ശ്മശാന സൗകര്യം ലഭ്യമല്ലാത്തതിനാല്‍ സംസ്‌കാരം നീണ്ടുപോവുകയായിരുന്നു. ഇതിനിടെ, കണ്ണൂരിലുള്ള ബാബുവിന്റെ ഒരു ബന്ധുവാണ് മൃതദേഹം തിരിച്ചറിഞ്ഞത്. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് കായംകുളത്തുനിന്ന് ബന്ധുക്കള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തി മൃതദേഹം ഏറ്റുവാങ്ങി. സംസ്‌കാരം കണ്ണൂര്‍ പയ്യാമ്പലത്ത് നടക്കും.