ആര്‍ച്ചുബിഷപ് എമിരറ്റസ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ ഭൗതീകശരീരം സംസ്‌കരിക്കുന്നത് കോഴിക്കോട് ചേവരമ്പലത്തെഎസ്‌കെഡി സഭയുടെ ജനറലേറ്റിലെ ചാപ്പലില്‍

കോഴിക്കോട്: ആര്‍ച്ചുബിഷപ് എമിരറ്റസ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ ഭൗതീകശരീരം സംസ്‌കരിക്കുന്നത് കോഴിക്കോട് ചേവരമ്പലത്തെ സൊസൈറ്റി ഓഫ് ക്രിസ്തുദാസി (എസ്‌കെഡി) സഭയുടെ ജനറലേറ്റിലെ ചാപ്പലില്‍. മാര്‍ ജേക്കബ് തൂങ്കുഴി സ്ഥാപിച്ച സന്യാസിനി സമൂഹമാണ് എസ്‌കെഡി.
അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ച് ചാപ്പലില്‍ മാതാവിന്റെ തിരുസ്വരൂപത്തിന് മുമ്പിലായി നേരത്തെ തന്നെ അന്ത്യവിശ്രമത്തിനുള്ള സ്ഥലം നിശ്ചയിച്ചിരുന്നു. തന്റെ സംസ്‌കാരം ലളിതമായ രീതിയില്‍ നടത്തണമെന്ന് അദ്ദേഹം വില്‍പത്രത്തില്‍ എഴുതിവച്ചിരിക്കുന്നത് സാക്ഷാത്കരിക്കാനുള്ള ഒരുക്കത്തിലാണ് എസ്‌കെഡി സന്യാസിനികള്‍.
സെപ്റ്റംബര്‍ 22 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 4.30 മുതല്‍ എസ്‌കെഡി ജനറലേറ്റില്‍ ഭൗതീകശരീരം പൊതുദര്‍ശനത്തിന് വയ്ക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
എന്നാല്‍, അന്തിമോപചാരം അര്‍പ്പിക്കാന്‍ ആയിരക്കണക്കിന് ആളുകള്‍ എത്തുമെന്നതിനാല്‍ അതിനുള്ള സൗകര്യങ്ങള്‍ പരിഗണിച്ച് തൃശൂരില്‍നിന്ന് എത്തിക്കുന്ന ഭൗതീകശരീരം കോഴിക്കോട് ദേവഗിരി കാമ്പസിലായിരിക്കും പൊതുദര്‍ശനത്തിന് വയ്ക്കുക.
ദേവഗിരിയില്‍നിന്ന് വൈകുന്നേരം ആറുമണിക്ക് ചേവരമ്പലം ജനറലേറ്റില്‍ എത്തിച്ച് മൃതസംസ്‌കാരം നടത്തും.