ഇടുക്കി അടൂർമല ഉരുൾപൊട്ടലിൽ കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; ആറ് ജില്ലകളിൽ റെഡ് അലർട്ട്; ജില്ലകളിൽ അവധി
ഇടുക്കി: ഇടുക്കി കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ മഷിക്കല്ലേൽ സുമതിയുടെ മൃതദേഹം കണ്ടെത്തി. പുലർച്ചെ രണ്ട് മണിയോടെയുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ വീട് പൂർണമായും മണ്ണിനടിയിലാവുകയായിരുന്നു. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന ഭർത്താവ് രവിയും മകൻ രതീഷും അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും സുമതി മണ്ണിനടിയിൽ കുടുങ്ങിപ്പോകുകയായിരുന്നു. ഫയർഫോഴ്സും പ്രാദേശികവാസികളും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.
ഇടുക്കിക്ക് പുറമേ കോട്ടയം ജില്ലയിലും വിവിധയിടങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോട്ടയം കൂട്ടിക്കൽ പഞ്ചായത്തിലെ കൊടുങ്ങ, കൊക്കയാർ പഞ്ചായത്ത്, മൂന്നിലവ് എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് മണപ്പാട്ട് ജോണിയുടെ വീടിന് മുകളിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീണു.
ഇടുക്കി ഉപ്പുതറ മത്തായിപ്പാറയിൽ പൊലീസ് ജീപ്പിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണെങ്കിലും ഉദ്യോഗസ്ഥർ വാഹനം നിർത്തി പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി.