മെക്‌സിക്കോയില്‍ ടിജുവാന അതിരൂപതയില്‍ നിന്നു കാണാതായ വൈദികന്റെ മൃതദേഹം കണ്ടെത്തി

 
tihu



ബാജ കാലിഫോര്‍ണിയ: മെക്‌സിക്കന്‍ സംസ്ഥാനമായ ബാജ കാലിഫോര്‍ണിയയില്‍ സ്ഥിതി ചെയ്യുന്ന ടിജുവാന അതിരൂപതയില്‍ നിന്നു കാണാതായ വൈദികന്റെ മൃതദേഹം കണ്ടെത്തി. 55 വയസ്സുള്ള ഫാ. ജോസ് ലൂയിസ് റോഡ്രിഗസ് ഡി ആന്‍ഡ എന്ന വൈദികന്റെ ചേതനയറ്റ ശരീരമാണ് കണ്ടെത്തിയത്.

 വൈദികന്റെ മൃതദേഹം 17-ാം തീയതി ചൊവ്വാഴ്ച കൊളോണിയ മഡെറോ പരിസരത്ത് കണ്ടെത്തിയെന്നു ടിജുവാനയിലെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായ മോണ്‍സിഞ്ഞോര്‍ മാരിയോ നിക്കോളാസ് വില്ലാനുവേവ സ്ഥിരീകരിച്ചു.

രക്തസമ്മര്‍ദ്ദം, പ്രമേഹം, മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരിന്നുവെന്ന് അതിരൂപത അറിയിച്ചു. 

അതേസമയം മരണകാരണം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. വൈദികന്റെ നിത്യശാന്തിയ്ക്കായി പ്രാര്‍ത്ഥനകളും അപേക്ഷകളും സമര്‍പ്പിക്കുകയാണെന്നും ദുഃഖത്തിന്റെ ഈ നിമിഷത്തില്‍ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും അടുപ്പം പ്രകടിപ്പിക്കുകയാണെന്നും മോണ്‍സിഞ്ഞോര്‍ മാരിയോ പ്രസ്താവിച്ചു.

1970 ഓഗസ്റ്റ് 18 ന് ജാലിസ്‌കോ സംസ്ഥാനത്തെ ലാഗോസ് ഡി മൊറേനോ മുനിസിപ്പാലിറ്റിയിലാണ് ഫാദര്‍ ജോസ് ലൂയിസ് റോഡ്രിഗസ് ഡി ആന്‍ഡയുടെ ജനനം. 2010 ജൂണ്‍ 10ന് അദ്ദേഹം വൈദികനായി അഭിഷിക്തനായി. 

തന്റെ ശുശ്രൂഷയിലുടനീളം, അദ്ദേഹം വിവിധ ഇടവകകളില്‍ സേവനമനുഷ്ഠിക്കുകയും പ്രധാനപ്പെട്ട അജപാലന ഉത്തരവാദിത്തങ്ങള്‍ വഹിക്കുകയും ചെയ്തു. രോഗികളുടെ പരിചരണത്തിനായുള്ള രൂപതാ കമ്മീഷന്റെ തലവന്‍ എന്ന നിലയില്‍ ദീര്‍ഘനാള്‍ സേവനം ചെയ്തിരിന്നു.

ലോകത്ത് ഏറ്റവും വൈദികര്‍ കൊല്ലപ്പെട്ട രാജ്യമെന്ന കുപ്രസിദ്ധിയുള്ള രാജ്യമാണ് മെക്‌സിക്കോ. മെക്‌സിക്കോയില്‍ ഈ മാസം കാണാതായ വൈദികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത് രണ്ടാമത്തെ തവണയാണ്. 

തെക്കന്‍ മെക്‌സിക്കോയിലെ ചിയാപാസ് സംസ്ഥാനത്ത് മാര്‍ച്ച് 8നു കാണാതായ 53 വയസ്സുള്ള ഫാ. ജുവാന്‍ മാനുവല്‍ സവാല മാഡ്രിഗലിന്റെ മൃതദേഹം ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തിയിരിന്നു.

Tags

Share this story

From Around the Web