മുതലപ്പൊഴിയിൽ കായലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: മുതലപ്പൊഴിയിൽ കായലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തു. ഇന്നലെ വൈകിട്ട് അഞ്ചുതെങ്ങ് സ്വദേശിയായ പ്രവീൺ എന്ന തോമസിന്റെ (37) മൃതദേഹമാണ് മുതലപ്പൊഴി താഴംപള്ളി ലേലഹാളിന് സമീപം കായലിൽ മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം 5:30 ഓടെയായിരുന്നു അപകടം നടന്നത്. ആന്റണി അൽഫോൺസിന്റെ വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയി മടങ്ങുന്നതിനിടെ അഴിമുഖം കടന്ന് കായലിൽ പ്രവേശിക്കുമ്പോൾ പ്രവീന് അപസ്മാരം ഉണ്ടാവുകയും തുടർന്ന് കായലിലേക്ക് വീഴുകയുമായിരുന്നു.
അതേസമയം, അഞ്ചുതെങ്ങ് സ്വദേശി ഷിജിൻ, പുല്ലുവിള സ്വദേശി ജോൺ മത്യാസ് എന്നിവർക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്. തീരസംരക്ഷണസേന, മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പൊലീസ്, സ്കൂബ സംഘം എന്നിവരുടെ നേതൃത്വത്തിൽ വിവിധ മേഖലകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. കാണാതായവരെ കണ്ടെത്താൻ എല്ലാവിധ സർക്കാർ പിന്തുണയും വാഗ്ദാനം ചെയ്ത് മന്ത്രിമാർ കഴിഞ്ഞ ദിവസം തീരമേഖല സന്ദർശിച്ചിരുന്നു. തിരച്ചിൽ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.