ആശുപത്രിയില്‍നിന്നും മൃതദേഹം മാറി നല്‍കി; ശ്രദ്ധയില്‍പെട്ടത് പൊതുദര്‍ശനത്തിനിടെ
കാസര്‍കോട്: ആശുപത്രിയില്‍നിന്നും മൃതദേഹം മാറി നല്‍കി. ചിറ്റാരിക്കാല്‍ സ്വദേശി പി.സി. തോമസ് പനച്ചിക്കല്‍ (86) എന്നയാളുടെ മൃതദേഹമാണ് മാറി നല്‍കിയത്. കണ്ണൂര്‍ കരുവഞ്ചാല്‍ സെയിന്റ് ജോസഫ് ആശുപത്രിക്കാണ് പിഴവ് സംഭവിച്ചത്.
വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ചയോടെ ആശുപത്രിയില്‍വെച്ച് മരിച്ചു. ശനിയാഴ്ച രാവിലെയാണ് മൃതദേഹം വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിന് വെച്ചത്.
ഈ സമയത്താണ് മൃതദേഹം തോമസിന്റേതല്ല എന്ന കാര്യം ബന്ധുക്കളുടെ ശ്രദ്ധയില്‍പെടുന്നത്. ഉടന്‍തന്നെ ഇവര്‍ ആശുപത്രി അധികൃതരുമായി ബന്ധപ്പെടുകയും അവര്‍ തോമസിന്റെ മൃതദേഹം നാട്ടില്‍ എത്തിച്ചുകൊടുക്കുകയുമായിരുന്നു.
ഇതുകാരണം ഉച്ചയ്ക്ക് 2.30-ന് നടക്കേണ്ടിയിരുന്ന സംസ്‌കാര ചടങ്ങുകള്‍ വൈകുന്നേരത്തേക്ക് മാറ്റി. മോര്‍ച്ചറി ജീവനക്കാരുടെ അശ്രദ്ധയാണ് മൃതദേഹം മാറിപ്പോകാന്‍ കാരണമെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.