യുഎസിലെ കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ നാളെ നാട്ടിലെത്തിക്കും.അഞ്ജന വിജീഷ്, ആൻമേരി മാത്യു എന്നിവരെ സുഹൃത്ത് അനില കൊല്ലപ്പെടുത്തുകയായിരുന്നു
കോട്ടയം: യുഎസിലെ കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ വിദേശത്തെ നിയമനടപടികൾ പൂർത്തിയാക്കി 21ന് രാവിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിക്കും. തൃശ്ശൂർ മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസ് സുഷമ ദമ്പതികളുടെ മകൾ അഞ്ജന വിജീഷ് (35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ ആൻമേരി മാത്യു (40) എന്നിവരുടെ മൃതദേഹങ്ങളാണ് രാവിലെ എട്ടോടെ നെടുമ്പാശ്ശേരിയിൽ എത്തിക്കുന്നത്.
ആഗസ്റ്റ് 28നാണ് കേസിനാസ്പദമായ സംഭവം. അഞ്ജനയുടെ സുഹൃത്തായ കോട്ടയം സ്വദേശിയായ അനില എന്ന യുവതിയാണ് കൊലപാതകത്തിന് പിന്നിൽ. പോസ്റ്റ്‌മോർട്ടം, എംബാം ചെയ്യൽ, വിദേശകാര്യ വകുപ്പുകളുടെ ഇമിഗ്രേഷൻ നടപടികൾ എന്നിവ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹങ്ങൾ ജന്മനാട്ടിലേക്ക് എത്തിക്കുന്നത്.
വിമാനത്താവളത്തിൽ നിന്ന് ഏറ്റുവാങ്ങുന്ന അഞ്ജനയുടെ മൃതദേഹം തൃശൂരിലെ വസതിയിലെത്തിച്ച ശേഷം 21ന് വൈകിട്ട് വീട്ടുവളപ്പിൽ സംസ്‌കരിക്കും. ആൻ മേരിയുടെ സംസ്‌കാരം ഭർത്താവ് കുറിച്ചി പള്ളത്തറ വീട്ടിൽ ജേക്കബ് (മിഥുൻ)ന്റെ ഇടവകയായ പള്ളം ബുക്കാന സെന്റ് ഇഗ്‌നേഷ്യസ് യാക്കോബായ പള്ളിയിൽ ചൊവ്വാഴ്ച്ച നടക്കും.
അഞ്ജനയും ആൻമേരിയും കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ ഉറ്റസുഹൃത്ത് കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് തഴയ്ക്കവയൽ മാറാമറ്റം അനില ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്. സാന്റാക്ലാര കൗണ്ടി മെയിൻ ജയിലിലെ അതീവ സുരക്ഷാ വിഭാഗത്തിലാണ് അനിലയെ പാർപ്പിച്ചിട്ടുള്ളത്.