മൂവാറ്റുപുഴയാറിൽ യുവതിയുടെയും രണ്ടുവയസുകാരന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയതിന് പിന്നാലെ ഭർത്താവിന്റെയും മൃതദേഹം കണ്ടെത്തി
കൊച്ചി: മൂവാറ്റുപുഴയാറില്‍ നിന്ന് യുവതിയുടെയും കുഞ്ഞി?ന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതിനു പിന്നാലെ ഭര്‍ത്താവിനെയും മരിച്ച നിലയില്‍ പുറത്തെടുത്തു.
മൂവാറ്റുപുഴ സ്വദേശി നാരായണനാണ് മരിച്ചത്. ഭാര്യ വിജി, ഇവരുടെ രണ്ട് വയസ്സുള്ള ആണ്‍കുട്ടി എന്നിവരുടെ മൃതദേഹം വെള്ളിയാഴ്ച പുഴയില്‍നിന്ന് ലഭിച്ചിരുന്നു. ദമ്പതികളുടെ മകളെ ഇതുവരെ കണ്ടെത്താനായില്ല. കുട്ടിക്കായി തിരച്ചില്‍ തുടരുന്നുണ്ട്.
സമാനമായ സാഹചര്യത്തിലാണ് മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയത്. അതുകൊണ്ടുതന്നെ കൂട്ട ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്.
പിറവം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മുളംകുളം പാലത്തിന് സമീപത്തു നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. വെള്ളൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം ലഭിച്ചു.
മരണപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇവര്‍ ഭര്‍ത്താവിനും മൂത്തമകള്‍ക്കുമൊപ്പം പിറവം പോസ്റ്റ് ഓഫിസ് ജങ്ഷനിലെ ഐശ്വര്യ ഹോട്ടലില്‍നിന്ന് പുറത്തിറങ്ങുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പിറവം പൊലീസും വെള്ളൂര്‍ പൊലീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.
നാരായണനും കുടുംബവും കോതമംഗലത്ത് വാടകക്കാണ് താമസിച്ചിരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം വാടക കുടിശ്ശിക വരികയും അവിടെനിന്ന് താമസം മാറേണ്ടതായും വന്നു. മരിച്ച വിജിക്ക് കാഴ്ചപരിമിതിയുണ്ടായിരുന്നു.
കഴിഞ്ഞദിവസം കോതമംഗലം പൊലീസ് സ്റ്റേഷനില്‍ ഇവര്‍ സഹായം അഭ്യര്‍ഥിച്ച് എത്തി. തുടര്‍ന്ന് പൊലീസുകാര്‍ ഇവര്‍ക്ക് അടിയന്തര സാമ്പത്തിക സഹായം നല്‍കുകയും നെല്ലിക്കുഴിയില്‍ താല്‍ക്കാലികമായി താമസിക്കാന്‍ വാടകവീട് ഏര്‍പ്പാടാക്കുകയും ചെയ്തു.
സ്റ്റേഷനില്‍നിന്ന് ഇവര്‍ മടങ്ങിയതിന് പിന്നാലെയാണ് അമ്മയെയും കുഞ്ഞിനെയും പുഴയില്‍ മരിച്ച നിലയില്‍ കണ്ടത്.
ഇത് കടുത്ത സാമ്പത്തിക ബാധ്യത മൂലമുള്ള കൂട്ട ആത്മഹത്യാ ശ്രമമാണോ, അതോ ആറ്റില്‍ വീണുണ്ടായ അപകടമാണോ എന്നത് ഉള്‍പ്പെടെ വിവിധ സാധ്യതകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.