വിശുദ്ധ ജാനുയേരിയൂസിന്റെ രക്തക്കട്ട ദ്രാവക രൂപത്തിലായി. വീണ്ടും അത്ഭുതത്തിന് സാക്ഷിയായി നേപ്പിള്‍സ് നഗരം
നേപ്പിള്‍സ്: ഇറ്റലിയിലെ നേപ്പിള്‍സിന്റെ മധ്യസ്ഥനായ വിശുദ്ധ ജാനുയേരിയൂസിന്റെ തിരുശേഷിപ്പായി സൂക്ഷിക്കുന്ന കട്ടപിടിച്ച രക്തം ദ്രാവകരൂപത്തിലാകുന്ന അത്ഭുതം വീണ്ടു സംഭവിച്ചു.
ഡിസംബര്‍ 16 ചൊവ്വാഴ്ചയാണ് നഗരത്തിലെ അസംപ്ഷന്‍ മേരി കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന അത്ഭുതത്തിന് വിശ്വാസികളും സഭാനേതൃത്വവും സാക്ഷികളായത്.
പ്രാദേശിക സമയം രാവിലെ 9:13 ന്, അത്ഭുത പ്രതിഭാസം ആരംഭിച്ചുവെന്നും തുടക്കത്തില്‍ രക്തം അര്‍ദ്ധ ദ്രാവകമായി പ്രത്യക്ഷപ്പെട്ടതെന്നും രാവിലെ 10:05 ന്, പൂര്‍ണ്ണ ദ്രവീകരണം സംഭവിച്ചുവെന്നും സഭാനേതൃത്വം വ്യക്തമാക്കി.
ദേവാലയത്തിന്റെ അധ്യക്ഷനായ മോണ്‍. വിന്‍സെന്‍സോ ഡി ഗ്രിഗോറിയോയാണ് അത്ഭുത പ്രഖ്യാപനം വിശ്വാസികള്‍ക്ക് മുന്നില്‍ നടത്തിയത്. തുടര്‍ന്നു പ്രദിക്ഷണമായി എല്ലാവര്‍ക്കും കാണാന്‍ കഴിയുന്ന വിധത്തില്‍ തിരുശേഷിപ്പ് കൊണ്ടുപോയി.
1389-മുതല്‍ രക്തകട്ടയ്ക്ക് സംഭവിക്കുന്ന ഈ അത്ഭുതമാറ്റത്തെക്കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. വര്‍ഷത്തില്‍ മൂന്ന് പ്രാവശ്യമാണ് വിശുദ്ധന്റെ തിരുശേഷിപ്പ് രക്തമായി മാറുന്ന അത്ഭുതം സംഭവിക്കുന്നത്.
വിശുദ്ധന്റെ നാമഹേതുതിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 19നും, മെയ് മാസത്തിലെ ആദ്യ ഞായറിന് മുന്‍പുള്ള ശനിയാഴ്ചയിലും, ഡിസംബര്‍ 16നുമാണ് ഈ അത്ഭുതം സംഭവിക്കാറുള്ളത്.
മൂന്നാം നൂറ്റാണ്ടില്‍ നഗരത്തിന്റെ മെത്രാനായിരുന്ന അദ്ദേഹം ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ മതപീഡന കാലത്ത് യേശുവിലുള്ള വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിക്കുകയായിരിന്നു. ശിരഛേദനം ചെയ്യപ്പെട്ട വിശുദ്ധന്റെ രക്തം യൂസേബിയ എന്ന സ്ത്രീയാണ് കുപ്പിയില്‍ ശേഖരിച്ചത്. വിശുദ്ധന്റെ നാമഹേതു തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 19നും, മെയ് മാസത്തിലെ ആദ്യ ഞായറിന് മുന്‍പുള്ള ശനിയാഴ്ചയിലും, ഡിസംബര്‍ 16നുമാണ് ഈ അത്ഭുതം സംഭവിക്കാറുള്ളത്.
വിശുദ്ധ ജാനുയേരിയൂസിന്റെ രക്തം ദ്രാവകരൂപത്തില്‍ ആയില്ലെങ്കില്‍ അത് ക്ഷാമം, യുദ്ധം, രോഗങ്ങള്‍ തുടങ്ങിയവയുടെ മുന്നറിയിപ്പ് ആണെന്നാണ് പരമ്പരാഗതമായി നേപ്പിള്‍സുകാര്‍ വിശ്വസിച്ചു വന്നിരുന്നത്. 1973-ല്‍ നേപ്പിള്‍സില്‍ കോളറ പടര്‍ന്നു പിടിച്ചപ്പോഴും, 1980-ല്‍ 2,483 പേരുടെ മരണത്തിനു കാരണമായ ഭൂകമ്പം ഉണ്ടായപ്പോഴും ഈ അത്ഭുതം സംഭവിച്ചില്ലെന്നു പ്രദേശവാസികള്‍ പറയുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭത്തില്‍ ജര്‍മ്മനി പോളണ്ടിനെ ആക്രമിച്ച 1939-ലും, നാസികള്‍ യൂറോപ്പില്‍ ബോംബിട്ട 1943-ലും ഈ അത്ഭുതം സംഭവിച്ചിരുന്നില്ല.