പരിശുദ്ധ കന്യകാമറിയവും ഖുര്‍ആനിലെ മര്‍യമും ഒരാളല്ല; വിശ്വാസസത്യങ്ങളില്‍ ആശയക്കുഴപ്പത്തിന് ഇടമില്ലെന്ന് ചങ്ങനാശേരി അതിരൂപത
ചങ്ങനാശേരി: പരിശുദ്ധ കന്യകാമറിയവും ഖുര്‍ആനില്‍ പരാമര്‍ശിക്കുന്ന മര്‍യമും ഒരാളല്ലെന്നും, പേരുകളിലെ സാമ്യം കണ്ട് വിശ്വാസികള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാകരുതെന്നും ചങ്ങനാശേരി അതിരൂപത.
പാറേല്‍ മര്‍ത്ത് മറിയം ബസിലിക്ക കൂദാശാഘോഷങ്ങളുടെ ഭാഗമായി ഇന്നലെ പാറേല്‍ ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ വിവാദമായ പശ്ചാത്തലത്തിലാണ് അതിരൂപത പി.ആര്‍.ഒ അഡ്വ. ജോജി ചിറയിലും ജാഗ്രതാസമിതി ഡയറക്ടര്‍ ഫാ. ജയിംസ് കൊക്കാവയലിലും സംയുക്ത പ്രസ്താവനയിലൂടെ നിലപാട് വ്യക്തമാക്കിയത്.
?സാംസ്‌കാരിക സമ്മേളനത്തില്‍ പ്രാസംഗികര്‍ പങ്കുവെച്ച കാര്യങ്ങള്‍ അവരുടെ വ്യക്തിപരമായ വിശ്വാസങ്ങളും കാഴ്ചപ്പാടുകളും മാത്രമാണെന്ന് അതിരൂപത ചൂണ്ടിക്കാട്ടി. ക്രൈസ്തവ വിശ്വാസസത്യങ്ങളും പൊതുവേദികളില്‍ ഇതരമതസ്ഥര്‍ നടത്തുന്ന പ്രസ്താവനകളും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുത്. ബൈബിളിലും സഭാപാരമ്പര്യത്തിലും കാണുന്ന പരിശുദ്ധ കന്യകാമറിയം യോവാക്കീമിന്റെയും അന്നയുടെയും മകളാണ്. ദൈവമാതാവായ പരിശുദ്ധ കന്യകാമറിയം അമലോത്ഭവയും നിത്യകന്യകയും സ്വര്‍ഗ്ഗാരോപിതയുമാണെന്നാണ് കത്തോലിക്കാ സഭ ഏറ്റുപറയുന്നത്.
?അതേസമയം, ഖുര്‍ആനിലെ മര്‍യം ഇമ്രാന്റെ മകളും അഹറോന്റെ സഹോദരിയുമായിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്. ഖുര്‍ആനിലെ ഈസായെക്കുറിച്ചുള്ള വിവരണങ്ങളും, കര്‍ത്താവും ദൈവവുമായ യേശുക്രിസ്തുവിന്റെ കുരിശുമരണവും ഉത്ഥാനവും അടങ്ങുന്ന ക്രൈസ്തവ വിശ്വാസവും തികച്ചും വ്യത്യസ്തമാണ്. അതിനാല്‍ പേരുകളില്‍ ചെറിയ സാമ്യം തോന്നാമെങ്കിലും ഇവര്‍ ഒരേ വ്യക്തികളാണെന്ന് കത്തോലിക്കാ സഭ അംഗീകരിക്കുന്നില്ലെന്നും പ്രസ്താവനയില്‍ അതിരൂപത വ്യക്തമാക്കി.
?മതസൗഹാര്‍ദ സമ്മേളനങ്ങള്‍ മതസംവാദത്തിന്റെ വേദികളല്ല, മറിച്ച് മാനവസൗഹാര്‍ദത്തിന്റെ വേദികളായാണ് സഭ കാണുന്നത്. ആശയങ്ങളോട് വിയോജിക്കുമ്പോഴും വ്യക്തികളെ സ്‌നേഹത്തോടെ ആദരിക്കാനാണ് സുവിശേഷം പഠിപ്പിക്കുന്നത്. എന്നാല്‍ മതത്തെ ഉപയോഗിച്ച് വിദ്വേഷം വളര്‍ത്തുന്ന പ്രവണതകളെ അംഗീകരിക്കാനാവില്ലെന്നും, ഏകരക്ഷകനായ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ വിരുദ്ധ അഭിപ്രായങ്ങളെ ഭയപ്പെടാതെ വിശ്വാസസത്യങ്ങളില്‍ ഉറച്ചുനില്‍ക്കണമെന്നും അതിരൂപത ആഹ്വാനം ചെയ്തു.