പിന്നില്‍ നിന്ന് കുത്തി ബി.ജെ.പി. കന്യസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഛത്തീസ്ഗഡ് സര്‍ക്കാര്‍. ബജ്റംഗ്ദള്‍ നിലപാടിനൊപ്പം ബി.ജെ.പി

 
BJP CROSS


റായ്പൂര്‍ : ആറ് ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യപേക്ഷയെ വീണ്ടും എതിര്‍ത്ത് ഛത്തീസ്ഗഡ് സര്‍ക്കാര്‍.  ജാമ്യാപേക്ഷ സെഷന്‍സ് കോടതിയുടെ പരിഗണനയിലെത്തിയപ്പോള്‍ ജാമ്യം നല്‍കരുതെന്ന ബജ്റംഗ്ദള്‍ വാദത്തെയാണ് പ്രോസിക്യൂഷന്‍ അനുകൂലിച്ചത്.


 സിസ്റ്ററുമാരുടെ മോചനത്തിന് സഹായിക്കുമെന്ന് വാക്ക് നല്‍കിയ ബി.ജെ.പി സംസ്ഥാന കേന്ദ്ര നേതൃത്വങ്ങള്‍ കത്തോലിക്ക സഭയയെ പിന്നില്‍ നിന്നും കുത്തിയെന്നാണ് നിലവിലെ വിലയിരുത്തല്‍. 

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ തയ്യാറാകാതെ ബിലാസ്പുര്‍ എന്‍.ഐ.എ കോടതിയിലേക്ക് മാറ്റികൊ ണ്ടുള്ള ഛത്തീസ്ഗഡ് സെഷന്‍സ് കോടതിയുടെ ഉത്തരവിന്റെ പകര്‍പ്പിലാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുവെന്ന് വ്യക്തമാക്കിയിരിക്കുന്നത്. 

കോടതിയില്‍ ബജ്റംഗ്ദള്‍ അഭിഭാഷകന്റെ വാദത്തെ പ്രോസിക്യൂഷന്‍ അനുകൂലിക്കുകയായിരുന്നു. കേസ് സെഷന്‍സ് കോടതി അല്ല പരിഗണിക്കേണ്ടത് എന്നാണ് ഇരുവരും നിലപാട് അറിയിച്ചത്. ജാമ്യം നല്‍കരുതെന്ന് പൊലീസും വാദിച്ചു. 

കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കിയാല്‍ ഇനിയും മത പരിവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കുമെന്നും നാട്ടില്‍ കലാപം ഉണ്ടാകുമെന്നും ബജ്റംഗ്ദള്‍ അഭിഭാഷകനും വാദിച്ചു. കേസില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്നും ആവശ്യപ്പെട്ടു.എന്‍.ഐ.എ നിയമം അനുസരിച്ച് മനുഷ്യക്കടത്ത് കേസുകള്‍ പ്രത്യേക കോടതിയാണ് പരിഗണിക്കേണ്ടതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ച കോടതി കന്യാസ്ത്രീകളോട് എന്‍.ഐ.എ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

കന്യാസ്ത്രീകള്‍ക്ക് വേണ്ട സഹായം ചെയ്യുമെന്ന് വ്യക്തമാക്കിയ സംസ്ഥാന ബി.ജെ.പി ജനറല്‍ സെക്രട്ടറിയായ അനൂപ് ആന്റണിയെ ഛത്തീഗഡില്‍ അയച്ചിരുന്നു. ഇദ്ദേഹം അവിടെയെത്തി മുഖ്യമന്ത്രി , ആഭ്യന്തരമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. 

അവരെ പുറത്തെത്തിക്കുമെന്നും ഛത്തീസ്ഗഡ് സര്‍ക്കാര്‍ വേണ്ട സഹായം ചെയ്യുമെന്നുമായിരുന്നു അനൂപ് ആന്റണി ഉയര്‍ത്തിയ വാദം. എന്നാല്‍ ഒന്നും നടന്നില്ല. ജാമ്യം തള്ളിയത് തിരിച്ചടിയല്ലെന്ന് വ്യക്തമാക്കി അനൂപ് ആന്റണി സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തില്ലെന്ന കള്ളവും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തട്ടിവിടുകയായിരുന്നു. എന്നാല്‍ കോടതിയില്‍ നിന്നും ഉത്തരവ് പുറത്ത് വന്നതോടെയാണ് അനൂപ് ആന്റണിയുടെ വാദങ്ങള്‍ പൊളിഞ്ഞത്. 

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരായിരുന്നു അറസ്റ്റിലായത്. 

ഇവര്‍ക്കൊപ്പം മൂന്ന് പെണ്‍കുട്ടികളുമുണ്ടായിരുന്നു. ഈ പെണ്‍കുട്ടികളെ കടത്തുകയാണെന്നും നിര്‍ബന്ധിത പരിവര്‍ത്തനത്തിനിരയാക്കുകയാണെന്നും ആരോപിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് രംഗത്തെത്തിയത്. കന്യാസ്ത്രീകളെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവെയ്ക്കുകയും ചെയ്തിരുന്നു. 

ഇതിന് പിന്നാലെയാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ നിര്‍ബന്ധിത പരിവര്‍ത്തനം, മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റര്‍ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയാണ്.
 

Tags

Share this story

From Around the Web