എഫ്.സി.ആര്‍.എ ബില്ലില്‍ വിശദീകരിച്ചു വിയര്‍ത്ത് ബി.ജെ.പി. ക്രൈസ്തവ സമൂഹത്തിനുണ്ടായ എതിര്‍പ്പില്‍ ബി.ജെ.പിയുടെ പല പ്രധാന സ്ഥാനാര്‍ഥികളെയും ആശങ്കയില്‍
കോട്ടയം: എഫ്.സി.ആര്‍.എ ബില്ലില്‍ വിശദീകരിച്ചു വിയര്‍ത്തു ബി.ജെ.പി. ക്രൈസ്തവ സമൂഹത്തിനുണ്ടായ എതിര്‍പ്പില്‍ ബി.ജെ.പിയുടെ പല പ്രധാന സ്ഥാനാര്‍ഥികളെയും ആശങ്കയിലാക്കി.
ക്രൈസ്തവ സഭകളെ ഇതു ബാധിക്കില്ലെന്നും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സംഘടനകളെയാണു ലക്ഷ്യമിടുന്നതെന്നും ആവര്‍ത്തിച്ചു വിശദീകരിച്ചു വിയര്‍ക്കുകയാണു ബി.ജെ.പി നേതൃത്വം.
പ്രധാനമന്ത്രി നരേന്ദ്രമോഡി തിരുവല്ലയിലെത്തി ക്രൈസ്തവ സമൂഹത്തെ പുകഴ്ത്തിയതും ഈ സമൂഹത്തെ ഒപ്പം നിര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗമായാണെന്ന ആക്ഷേപമാണ് ഉയരുന്നത്.
ക്രൈസ്തവ സഭകളുടെ ആശങ്ക നീക്കല്‍ തങ്ങളുടെ ഉത്തരവാദിത്തമായി സംസ്ഥാന ബി.ജെ.പി എടുത്തിരിക്കയാണിപ്പോള്‍. വിശദ ചര്‍ച്ച നടത്തിയ ശേഷമേ ബില്ല് നടപ്പാക്കൂയെന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ആവര്‍ത്തിക്കുകയാണ്.
എഫ്.സി.ആര്‍.എ വിഷയത്തില്‍ ഇടഞ്ഞു നില്‍ക്കുന്ന ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാന്‍ അവസാന ശ്രമത്തിലാണ് ബി.ജെ.പി. ആശങ്ക പരിഹരിക്കാന്‍ ഈ മാസം 20ന് ഡല്‍ഹിയില്‍ ക്രൈസ്തവസഭാ നേതൃത്വവുമായി ബി.ജെ.പി കേന്ദ്ര നേതൃത്വം ചര്‍ച്ച നടത്തുമെന്ന ഉറപ്പാണ് ഇപ്പോള്‍ സംസ്ഥാന നേതൃത്വം നല്‍കുന്നത്.
ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജുവുമായി ക്രൈസ്തവ സഭാ പ്രതിനിധികള്‍ക്കു കഴിഞ്ഞദിവസം കേരളത്തില്‍ ചര്‍ച്ചക്കു വഴിയൊരുക്കിയിരുന്നു.
തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വിശദ ചര്‍ച്ചക്ക് വഴിയൊരുക്കാമെന്ന ഉറപ്പുനല്‍കിയും ക്രൈസ്തവ വോട്ടുകള്‍ നേടിയെടുക്കാനുള്ള നീക്കം ബി.ജെ.പി സജീവമാക്കുന്നു. ക്രൈസ്തവ സഭകള്‍ ഈ നീക്കങ്ങള്‍ വിശ്വാസത്തിലെടുക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.